ഇതുകൊണ്ടൊക്കെയാണ് പപ്പായ കഴിക്കണമെന്ന് പറയുന്നത്
സ്വാഭാവികമായി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പപ്പായയില്‍ നിരവധി ഫൈറ്റോന്യൂട്രിയന്റുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു.
പപ്പായ, കറുമൂസ, കൊപ്പക്കായ, കപ്ലങ്ങ വിവിധ നാടുകളില്‍ പേരുകള്‍ പലതാണെങ്കിലും ഗുണത്തില്‍ വമ്പനാണ് പപ്പായ. നാട്ടില്‍ സുലഭമായിട്ടുള്ള പപ്പായ നട്ടു വളര്‍ത്താനും വലിയ ചെലവില്ല. നമ്മുടെ തൊടികളില്‍ ഇഷ്ടം പോലെ കാണാവുന്ന ഫലവര്‍ഗം കൂടിയാണ് ഇത്. എല്ലാ സീസണുകളിലും സുലഭമായി ലഭിക്കുന്ന ഈ പഴം വൈറ്റമിനുകള്‍, ധാതുക്കള്‍, നാരുകള്‍, നിരോക്‌സീകാരികള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്.
സ്വാഭാവികമായി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പപ്പായയില്‍ നിരവധി ഫൈറ്റോന്യൂട്രിയന്റുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു. ദൈനം ദിന ഭക്ഷണത്തില്‍ പപ്പായ ഉള്‍പ്പെടുത്തുന്നത് അണുബാധകളില്‍ നിന്ന് സംരക്ഷണം നല്‍കും. പപ്പായയില്‍ ധാരാളം നാരുകളും നിരോക്‌സീകാരികളും അടങ്ങിയിരിക്കുന്നതിനാല്‍ രക്തധമനികളില്‍ കൊളസ്‌ട്രോള്‍ അടിയുന്നതിനെ പ്രതിരോധിക്കും. ഭാരം കുറയ്ക്കുന്നതിനും ദഹനത്തിനും
ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള പപ്പായയില്‍ വളരെ കുറഞ്ഞ കാലറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഇത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കുന്നതിനും ദഹനത്തിനും സഹായകമാവുന്നു. പപ്പായയില്‍ അടങ്ങിയിരിക്കുന്ന 'പാപെയിന്‍' എന്‍സൈമിന് കട്ടിയുള്ള പ്രോട്ടീന്‍ നാരുകളെ പോലും തകര്‍ക്കാന്‍ കഴിവുള്ളതിനാല്‍ ദഹനപ്രക്രിയ എളുപ്പമാകുന്നു. പപ്പായ പഴത്തിന് മധുരമുണ്ടെങ്കിലും ഗ്‌ളൈസമിക് ഇന്‍ഡക്‌സ് നില മധ്യമമായിരിക്കും. അതിനാല്‍, പ്രമേഹ രോഗികള്‍ക്കു പോലും നിയന്ത്രിത അളവില്‍ പപ്പായ കഴിക്കുന്നത് നല്ലതാണ്. ചര്‍മ്മ സംരക്ഷണത്തിനും മികച്ച ഉപാധിയാണ് പപ്പായ. ഒരു കഷണം പപ്പായ എടുത്ത് മുഖത്ത് മസാജ് ചെയ്തു നോക്കൂ മുഖം തിളങ്ങുന്നത് കാണാം.