ഇന്ത്യയില്‍ മദ്യ ഉപഭോഗം കൂടുന്നതായി ലോകാരോഗ്യ സംഘടന
ഇന്ത്യയിലെ മദ്യ ഉപയോഗം ഇത്തരത്തില്‍ വര്‍ധിച്ചാല്‍ 2025ഓടെ ദക്ഷിണ പൂര്‍വ്വേഷ്യയിലെ ഏറ്റവും ഉയര്‍ന്ന മദ്യ ഉപയോഗം ഇന്ത്യയിലാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ മദ്യത്തിന്റെ ഉപഭോഗം കൂടി വരുന്നതായി ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. 2005നെ അപേക്ഷിച്ച് ഇരട്ടിയാണ് 2016ലെ മദ്യ ഉപഭോഗമെന്നാണ് ലോക ആരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
2005ല്‍ ഒരാളുടെ മദ്യ ഉപഭോഗം 2.4 ലിറ്റര്‍ ആയിരുന്നെങ്കില്‍ 2016ല്‍ അത് 5.7 ലിറ്ററായി വര്‍ദ്ധിച്ചു. പുരുഷന്മാരില്‍ ഉപഭോഗം 4.2ലിറ്റര്‍ ആണെങ്കില്‍ സ്ത്രീകളില്‍ ഇത് 1.5 ലിറ്ററാണ്. ഇന്ത്യയിലെ മദ്യ ഉപയോഗം ഇത്തരത്തില്‍ വര്‍ധിച്ചാല്‍ 2025ഓടെ ദക്ഷിണ പൂര്‍വ്വേഷ്യയിലെ ഏറ്റവും ഉയര്‍ന്ന മദ്യ ഉപയോഗം ഇന്ത്യയിലാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇന്ത്യയേക്കാള്‍ ജനസംഖ്യ കൂടുതലായ ചൈനയില്‍ മദ്യ ഉപഭോഗം താരതമ്യേന കുറവാണ്.
ആഗോള തലത്തിലും കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. 2005ല്‍ ഒരാള്‍ കുടിച്ചിരുന്നത് 5.5 ലിറ്ററായിരുന്നു. എന്നാലിത് 2010 വരെയുള്ള കണക്കുപ്രകാരം 6.4 ലിറ്ററിന്റെ വര്‍ദ്ധനവ് മാത്രമാണ്. 2016ലെ കണക്കു പ്രകാരം ലോകത്ത് മദ്യത്തിന്റെ ഉപഭോഗം കാരണം 23 ലക്ഷം പേര്‍ ദിവസവും മരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്യം ഉപയോഗിക്കുന്നതില്‍ 27 ശതമാനവും കൗമാരക്കാരാണ്.