ഗാന്ധിജി പഠിപ്പിച്ച ആരോഗ്യപാഠങ്ങള്‍
ഗാന്ധിജി ജീവിതത്തില്‍ പകര്‍ത്തിയ 5 ചിട്ടകള്‍ ഇതാ. നമുക്ക് എന്നും പിന്തുടരാവുന്ന ആരോഗ്യപാഠങ്ങളാണവ
ഇന്ന് ഗാന്ധി ജയന്തി. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നാണ് രാഷ്ട്രപിതാവ് തന്റെ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയ ഉപദേശം. ആ മഹാത്മാവിന്റെ 150ാം ജന്മദിനമാണിന്ന്.
ഗാന്ധിജി ജീവിതത്തില്‍ പകര്‍ത്തിയ 5 ചിട്ടകള്‍ ഇതാ. നമുക്ക് എന്നും പിന്തുടരാവുന്ന ആരോഗ്യപാഠങ്ങളാണവ.
ലളിതമായി ഭക്ഷണം കഴിക്കുക
വെജിറ്റേറിയനായിരുന്നു ഗാന്ധിജി. പലപ്പോഴും അദ്ദേഹത്തിനുവേണ്ട ഭക്ഷണങ്ങള്‍ സ്വയം പാചകം ചെയ്ത് കഴിക്കുമായിരുന്നു അദ്ദേഹം. ഇത് തന്നെയാണ് അദ്ദേഹത്തില്‍ നിന്ന് നാം ആദ്യം പഠിക്കേണ്ട പാഠം. ദിവസവും മുന്തിയതരം റെസ്റ്റോറന്റുകള്‍ കയറിയിറങ്ങി ഭക്ഷണവൈവിധ്യങ്ങള്‍ പരീക്ഷിക്കുകയാണ് നാം. അല്ലെങ്കില്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം ഉപേക്ഷിക്കുകയും ഹോം ഡെലിവറി ഫുഡുകളെ ആശ്രയിക്കുകയും ചെയ്യുന്നു.
ലളിതമായി പറയുകയാണെങ്കില്‍, എത്രത്തോളം നാം നമ്മുടെ വീട്ടിലുണ്ടാക്കിയ ഭക്ഷണത്തെ ആശ്രയിക്കുന്നോ, അത്രയും നാം അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ കുറയും. മാത്രമോ ശരീരഭാരം നമ്മുടെ നിയന്ത്രണത്തിലുമിരിക്കും
വ്യായാമം
നടത്തം, ഗാന്ധിജിയെ സംബന്ധിച്ച് അദ്ദേഹം പിന്തുടര്‍ന്ന് പോന്ന സംസ്കാരത്തിന്റെ ഭാഗമായിരുന്നു. ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി നടത്തിയ ദണ്ഡി മാര്‍ച്ചിനുവേണ്ടി, തുടര്‍ച്ചയായി 26 ദിവസമാണ് അദ്ദേഹം നടന്നത്. 1930 മാര്‍ച്ച് 12 ന് ആരംഭിച്ച മാര്‍ച്ച് അവസാനിക്കുന്നത് ഏപ്രില്‍ 6നായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് അത് വെറും പ്രതിഷേധം മാത്രമായിരുന്നില്ല, തന്റെ ആരോഗ്യവും ഓജസ്സും കാത്തുസൂക്ഷിക്കാനുള്ള ഒരു വ്യായാമമുറ കൂടിയായിരുന്നു.
വിദ്വേഷത്തെ അകറ്റുക
ദേഷ്യവും വെറുപ്പും മനുഷ്യനെ നശിപ്പിക്കും. മറ്റ് വികാരങ്ങളുടെയെല്ലാം മേല്‍ ഇവയ്ക്ക് ആധിപത്യമുണ്ടായിരിക്കും. ഇനി എപ്പോഴെങ്കിലും നിങ്ങളുടെ മനസ്സില്‍ ആരൊടെങ്കിലും വെറുപ്പോ ദേഷ്യമോ നിറയുമ്പോള്‍, ‘നമ്മുടെ കാഴ്ചയെ മറയ്ക്കുന്നതെന്തും നമ്മളെ അന്ധനാക്കുക’യാണ് ചെയ്യുന്നതെന്ന അദ്ദേഹത്തിന്റെ വാക്ക് ഓര്‍ക്കുക.
ഇന്നില്‍ ജീവിക്കുക
ജീവിക്കുമ്പോള്‍ നമുക്ക് ചുറ്റും നടക്കുന്നതിനെ കുറിച്ചാണ് നമ്മള്‍ അറിയേണ്ടത്. അല്ലാതെ ഭാവിയെ കുറിച്ച് ആശങ്കപ്പെടാന്‍ പാടില്ല. അങ്ങനെയെന്തെങ്കിലും ആശങ്ക നമുക്കുണ്ടെങ്കില്‍ ഇന്നിന്റെ ഭംഗി കൂടി നശിപ്പിക്കുകയാണ് നാം ചെയ്യുന്നത്. ഭാവിയെ കുറിച്ച് ചിന്ത വേണം, അതുശരി തന്നെ, പക്ഷേ, നാളെ നമ്മള്‍ മരിക്കും എന്ന ചിന്തയില്‍ ജീവിക്കുമ്പോഴും, നമ്മള്‍ എന്നും ജീവിക്കുമെന്ന ചിന്തയില്‍ പഠിച്ചുകൊണ്ടേയിരിക്കണമെന്നാണ് ബാപ്പുജി നമുക്ക് പറഞ്ഞുതന്നത്.
പോസിറ്റീവ് ചിന്തകള്‍
നെഗറ്റീവ് ചിന്തകളാണോ നിങ്ങള്‍ക്കു ചുറ്റുമുള്ളത്. ഗാന്ധിജി പറഞ്ഞ ഒരൊറ്റ കാര്യം മനസ്സിലോര്‍ക്കുക, ‘’തന്റെ ഉള്ളിലെ ചിന്തകളുടെ ഉത്പന്നമാണ് ഒരു മനുഷ്യന്‍, അവനെന്താണോ ചിന്തിക്കുന്നത്, അവന്‍ അതായിത്തീരും.’’