പാചകത്തിൽ വിറകിനേക്കാൾ സുരക്ഷിതം ഗ്യാസ്: പഠനം
വിറകോ കരിയോ ഉപയോഗിച്ചു പാചകം ചെയ്യുന്നതിനേക്കാൾ ആരോഗ്യത്തിന് നല്ലത് ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നതെന്ന് പഠനം. വിറക്, കരി എന്നിവ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഭീഷണിയാകുമെന്നും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് കണ്ടെത്തല്‍. വൈദ്യുതിയോ ഗ്യാസോ ഉപയോഗിച്ചു പാചകം ചെയ്യുന്നവരില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ് എന്നു ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടത്തിയ പഠനത്തിലാണ് വ്യക്തമായത്.
വൈദ്യുതി, ഗ്യാസ് എന്നിവ ഉപയോഗിച്ചു പാചകം ചെയ്യുന്നവരില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 14 ശതമാനം കുറവായിരിക്കും. ബാര്‍ബിക്യൂ ആഹാരങ്ങള്‍ പതിവായി കഴിക്കുന്നവരിലും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൂടുതലായി വരാന്‍ സാധ്യതയുണ്ട്. എന്നാൽ, തടിയോ കരിയോ ഉപയോഗിച്ച് പാചകം ചെയ്ത ഭക്ഷണം കൂടുതലായി കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ക്യാന്‍സര്‍ വരാനുള്ള സാധ്യത 36 ശതമാനം കൂടുതലാണ് എന്നും പഠനം നടത്തിയവർ പറയുന്നു. വിറകും കരിയും ഉപയോഗിച്ചുള്ള പാചകം കൂടുതൽ അപകടകരമാകാൻ കാരണം അവയിൽ നിന്നും ഉയരുന്ന മലിനമായ പുകയാണ്. 30 നും 79 നും ഇടയില്‍ പ്രായമുള്ള ചൈനയുടെ പലഭാഗങ്ങളില്‍ ഉള്ള 280,000 പേരുടെ ഇടയില്‍ ഒമ്പത് വര്‍ഷം എടുത്തു നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ജേര്‍ണല്‍ ഓഫ് അമേരിക്കന്‍ തോറാക് സോസൈറ്റിയാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.