പനി, ജലദോഷം വരാതിരിക്കാന്‍
ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക, വൃത്തിയോടെ ജീവിക്കുക എന്നതാണ് ഏറ്റവും മികച്ച പ്രതിരോധ മാര്‍ഗം
കാലാവസ്ഥ മാറുന്നതിനനുസരിച്ച് ക്ഷണിക്കാതെ ശരീരത്തിലേക്ക് കടന്നുവരുന്ന അസുഖങ്ങളാണ് പനി, ജലദോഷം എന്നിവ. ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റുള്ളവരിലേക്കും ഇത് പെട്ടെന്ന് പകരുന്നു. കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇടക്കിടെയുള്ള അണുബാധ തടുയാനാകും.
ശരീരത്തില്‍ വൈറ്റമിന്‍ - ഡി യുടെ അഭാവം പനി, ജലദോഷം എന്നിവ ഇടക്കിടെ പിടിപെടാന്‍ കാരണമാകുന്നു. വൈറ്റമിന്‍ ഡി പ്രതിരോധശേഷി വര്‍ധിക്കാന്‍ സഹായിക്കുന്ന മൂലകമാണ്. മുട്ട, ഓറഞ്ച്, മീന്‍, സോയാബീന്‍, ചീസ് തുടങ്ങിയവയില്‍ വൈറ്റമിന്‍ ഡി അടങ്ങിയിരിക്കുന്നു.
2016 ല്‍ നടത്തിയ പഠനത്തില്‍ പറയുന്നത്, മണിക്കൂറില്‍ 16 പ്രാവശ്യം ഒരാള്‍ അയാളുടെ മുഖത്തില്‍ കൈകൊണ്ട് തൊടുന്നുണ്ട്. മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അവയവമാണ് കൈ. കൈ കൊണ്ട് പല പ്രതലങ്ങളിലും തൊടുകയും മറ്റും ചെയ്യാറുണ്ട്. പക്ഷെ പഠനം പറയുന്നത് ഏറ്റവും കൂടുതല്‍ ബാക്ടീരിയ, വൈറസുകള്‍ കാണപ്പെടുന്നത് കൈകളിലാണെന്നാണ്. ആളുകള്‍ക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കുന്നതും കൈ വൃത്തിയായി കഴുകാതിരിക്കുന്നതും രോഗം പെട്ടെന്ന് പടരാന്‍ കാരണമാകുന്നു.
രോഗവാഹകരായ ബാക്ടീരിയയുടെ മറ്റൊരു കേന്ദ്രമാണ് സ്മാര്‍ട്ഫോണ്‍. 2012 ല്‍ അരിസോണ യൂണിവേഴ്സിറ്റി നടത്തിയ പഠനം തെളിയിക്കുന്നത് കക്കൂസിന്‍റെ ഇരിപ്പിടത്തില്‍ ഉള്ളതിനേക്കാള്‍ പത്ത് മടങ്ങ് കൂടുതല്‍ ബാക്ടീരിയകളാണ് സ്മാര്‍ട്ഫോണുകളുടെ പ്രതലത്തില്‍ കാണപ്പെടുന്നത് എന്നാണ്.
ശരീരത്തില്‍ സിങ്ക് എന്ന മൂലകത്തിന്‍റെ കുറവ് ബാക്ടീരിയ പെട്ടെന്ന് കടക്കാന്‍ ഇടയാക്കുന്നു. ശരിയായ അളവിലുള്ള സിങ്ക് അനുപാതം ശരീരത്തില്‍ ബാക്ടീരിയ, വൈറസ് എന്നിവയുടെ വളര്‍ച്ച ഇല്ലാതാക്കുന്നു.
എല്ലാറ്റിലുമുപരി ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക, വൃത്തിയോടെ ജീവിക്കുക.