‘പാവങ്ങളുടെ ആപ്പിള്‍’ ചില്ലറക്കാരനല്ല
പേരക്ക വിറ്റാമിനുകളുടെയും ഫൈബറുകളുടെയും കലവറയാണ്
പൊതുവെ നമ്മുടെ നാട്ടില്‍ വലിയ ചിലവില്ലാതെ ലഭ്യമാകുന്ന പേരക്ക വിറ്റാമിനുകളുടെയും ഫൈബറുകളുടെയും കലവറയാണ്. അതുകൊണ്ടുതന്നെ പാവങ്ങളുടെ ആപ്പിള്‍ എന്നാണ് പേരക്ക അറിയപ്പെടുന്നത്. പേരക്കയിലെ ഫൈബറുകള്‍ പ്രമേഹത്തെ തടയുന്നു. രക്തസമ്മര്‍ദം സാധാരണ നിലയിലാക്കാനും കൊളസ്ട്രോള്‍ നിയന്ത്രിക്കാനും പേരക്കയിലെ ഘടകങ്ങള്‍ക്ക് കഴിയും.
പേരക്കയിലെ വിറ്റാമിന്‍ എ കാഴ്ചശക്തിക്ക് നല്ലതാണ്. പേരക്കയിലടങ്ങിയ വിറ്റാമിന്‍ ബി രക്തചംക്രമണത്തിനും ഏറെ ഗുണം ചെയ്യും. പേശികള്‍ക്ക് ബലം നല്‍കുന്ന ഘടകങ്ങളും പേരക്കയിലുണ്ട്. അതേസമയം പേരക്ക പൊണ്ണത്തടി കുറയ്ക്കുകയും ചെയ്യും. ആപ്പിളിലും ഓറഞ്ചിലുമുള്ള അത്രയും പഞ്ചസാര പേരക്കയില്‍ ഇല്ല എന്നതും പ്രത്യേകതയാണ്.
സൌന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധയുള്ളവര്‍ക്കും പേരക്ക ധാരാളമായി കഴിക്കാവുന്നതാണ്. ചര്‍മത്തില്‍ ചുളിവുണ്ടാവാതിരിക്കാനും തിളക്കം നല്‍കാനും പേരക്കയിലെ ഘടകങ്ങള്‍ സഹായിക്കും.
പേരക്കയിലയ്ക്കും പോഷകഗുണമുണ്ട്. പേരക്കയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ ആവി പിടിക്കുന്നത് ചുമയ്ക്കും കഫക്കെട്ടിനും ആശ്വാസമേകും. മോണയുടെ ആരോഗ്യത്തിനും പല്ലുവേദന കുറയ്ക്കാനും പേരക്കയുടെ ഇല നല്ലതാണ്.