നല്ലതുപോലെ ഉറങ്ങുന്ന ജീവനക്കാര്‍ക്ക് ഈ കമ്പനി പ്രതിഫലം നല്‍കുന്നു, കാരണം..
ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും ആറ് മണിക്കൂര്‍ ഉറങ്ങുന്ന ജീവനക്കാര്‍ക്കാണ് പ്രതിഫലം നല്‍കുന്നത്.
ഉറക്കമില്ലായ്മ ഇന്ന് ആഗോളതലത്തില്‍ തന്നെ മനുഷ്യര്‍ നേരിടുന്ന പ്രശ്നമാണ്. ജപ്പാനിലാകട്ടെ ഈ അവസ്ഥ കൂടുതല്‍ രൂക്ഷമാണ്. ജപ്പാനില്‍ 20 വയസ്സിന് മുകളിലുള്ള 92 ശതമാനം പേരും രാത്രിയില്‍ ശരിക്കും ഉറങ്ങുന്നില്ല എന്നാണ് സര്‍വെ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടെ ആരോഗ്യം ഉറപ്പാക്കാന്‍, ഉറക്കം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുമായി ജപ്പാനിലെ ഒരു കമ്പനി രംഗത്തെത്തിയത്.
വിവാഹ ചടങ്ങുകള്‍ സംഘടിപ്പിക്കുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ക്രേസി ഇന്‍ക് ആണ് ജീവനക്കാരുടെ ഉറക്കം ഉറപ്പുവരുത്താന്‍ പ്രതിഫലം നല്‍കുന്ന കമ്പനി. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും ആറ് മണിക്കൂര്‍ ഉറങ്ങുന്ന ജീവനക്കാര്‍ക്കാണ് പ്രതിഫലം നല്‍കുന്നത്. പ്രതിവര്‍ഷം 64000 യെന്‍ (41,000 രൂപ) ആണ് പ്രതിഫലം. ഈ പ്രതിഫലം പണമായല്ല നല്‍കുക. പകരം ഈ പ്രതിഫലത്തിന് തുല്യമായ ഭക്ഷണം സ്ഥാപനത്തിന്റെ കഫറ്റീരിയയില്‍ നിന്ന് കഴിക്കാം.
കിടക്ക നിര്‍മാണ കമ്പനിയായ എയര്‍വീവ് ഇന്‍ക് വികസിപ്പിച്ച ആപ്പ് വഴിയാണ് ജീവനക്കാര്‍ എത്ര മണിക്കൂര്‍ ഉറങ്ങിയെന്ന കണക്കെടുക്കുക. ജപ്പാന്‍കാരുടെ കഠിനാധ്വാനം ചെയ്യാനുള്ള മനസ്സ് സുപ്രസിദ്ധമാണ്. പക്ഷേ ജനങ്ങളുടെ ആരോഗ്യം സംരക്ഷിച്ചില്ലെങ്കില്‍ രാജ്യം ദുര്‍ബലമാകുമെന്ന തിരിച്ചറിവിലാണ് ഇത്തരമൊരു പദ്ധതി തുടങ്ങിയതെന്ന് കമ്പനിയുടെ അധികൃതര്‍ പറയുന്നു.
ജീവനക്കാരുടെ ഉറക്കമില്ലായ്മ പ്രവര്‍ത്തന മികവിനെ ബാധിക്കുമെന്നത് ആഗോളതലത്തില്‍ തന്നെ തെളിയിക്കപ്പെട്ട വസ്തുതയാണ്. ജീവനക്കാരുടെ ഉറക്കമില്ലായ്മ ജപ്പാന് പ്രതിവര്‍ഷം 138 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നുവെന്നാണ് പഠനം.