ജനനം മുതല്‍ മരണം വരെ ഒരു സ്ത്രീ തന്റെ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ട 20 കാര്യങ്ങള്‍
നല്ല ആരോഗ്യത്തിനായി സ്ത്രീകള്‍ ജീവിതത്തില്‍ പിന്തുടരേണ്ട ചിട്ടകള്‍
Update: 2018-10-25 05:23 GMT
ഒരു പെണ്‍കുട്ടി ജനിച്ചു കഴിഞ്ഞാല്‍ അവള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ കിട്ടുന്നുണ്ടെന്ന് വീട്ടുകാരും, കൌമാരം മുതല്‍ വാര്‍ധക്യം വരെ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അവളും അറിഞ്ഞിരുന്നാല്‍ നമ്മുടെ സ്ത്രീ ആരോഗ്യം ഭദ്രമായിരിക്കും.
- പോഷകാഹാരം കൃത്യസമയത്തും മിതമായ അളവിലും ശീലമാക്കുക
- ഇലക്കറികള്‍, മാംസങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നിവ കഴിക്കുന്നത് ശീലമാക്കുക
- പൊണ്ണത്തടി സൂക്ഷിക്കുക
- ആഴ്ചയില്‍ രണ്ടര മണിക്കൂറെങ്കിലും വ്യായാമം ശീലമാക്കുക. തുടര്‍ച്ചയായി രണ്ടുദിവസമെങ്കിലും വ്യായാമത്തില്‍ ഇടവേള വരാതിരിക്കുവാനും ശ്രദ്ധിക്കുക. കായികാധ്വാനമുള്ള കളികള്‍, നടത്തം, നീന്തല്‍ എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുക.
- മാനസികാരോഗ്യത്തിനായി വായനയും എഴുത്തും കൂടെക്കൂട്ടുക. ചില മൊബൈല്‍ ഗെയിമുകളും അതിന് സഹായിക്കും.
- പുകയിലയും മദ്യവും പൂര്‍ണമായും ഒഴിവാക്കുക
- രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ചുമയുണ്ടെങ്കില്‍ കഫ പരിശോധനയിലൂടെ അത് ക്ഷയരോഗമല്ലെന്ന് ഉറപ്പുവരുത്തുക
- അശ്രദ്ധമൂലം ആരോഗ്യകാര്യത്തില്‍ അത്യാഹിതങ്ങള്‍ സംഭവിക്കാതിരിക്കാന്‍ സൂക്ഷ്മതപുലര്‍ത്തുക
- ധാരാളം വെള്ളം കുടിക്കുക
- രണ്ട് മണിക്കൂര്‍ ഇടവിട്ട് മൂത്രമൊഴിക്കുന്നത് ശീലമാക്കുക
- കൌമാരകാലത്തും ഗര്‍ഭകാലത്തും അയണും കാത്സ്യവും ആവശ്യത്തിന് ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
- ആര്‍ത്തവ സമയത്ത് വ്യക്തിശുചിത്വം പാലിക്കാന്‍ ശ്രദ്ധിക്കണം
- വിവാഹത്തിനും ഗര്‍ഭധാരണത്തിനും സുരക്ഷിതമായ പ്രായം 21 വയസ്സ് പൂര്‍ത്തിയായതിന് ശേഷമെന്ന് അറിയുക
- ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കുകയും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക
- ഗര്‍ഭഛിദ്രം അതീവ സുരക്ഷിതമാര്‍ഗങ്ങളിലൂടെയും അത്യാവശ്യ സന്ദര്‍ഭങ്ങളിലും മാത്രം
- കുട്ടികള്‍ തമ്മിലുള്ള പ്രായവ്യത്യാസം കുറഞ്ഞത് രണ്ടരവയസ്സാകുന്നതാണ് നല്ലത്
- 35 വയസ്സിന് മുകളിലുള്ളവര്‍ ഒരിക്കലെങ്കിലും പാപ്സ്മിയര്‍ ടെസ്റ്റ് ചെയ്തിരിക്കണം
- 20 വയസ്സ് കഴിഞ്ഞിട്ടുള്ളവര്‍ മാസമുറ തുടങ്ങി 10 ദിവസം കഴിയുമ്പോള്‍ സ്വയം സ്തന പരിശോധന നടത്തണം. സ്തനത്തില്‍ മുഴയോ, സ്തനഞെട്ടില്‍ നിന്ന് സ്രവമോ കക്ഷത്തില്‍ മുഴയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കാണണം.
- മാസമുറ സമയത്തോ അല്ലാതെയോ ഉള്ള ശക്തമായ രക്തസ്രാവം, കഠിനമായ വേദന, ആര്‍ത്തവം ക്രമം തെറ്റി വരിക, ലൈംഗികബന്ധത്തിന് ശേഷം രക്തസ്രാവം എന്നിവയുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കുക
- ആര്‍ത്തവ വിരാമാനന്തര രക്തസ്രാവം, വേദന, വയറില്‍ മുഴ എന്നിവയുണ്ടെങ്കില്‍ ഉടനെ വൈദ്യസഹായം തേടണം