തേന്‍ കഴിച്ചാല്‍ പലതുണ്ട് കാര്യം
തേനിലുള്ള ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിന് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ദഹനപ്രക്രിയയെയും സഹായിക്കുന്നു. ആസ്ത്‍മ പോലുള്ള..
പ്രതിരോധശക്തിക്ക്
ശരീരത്തിലെ എല്ലാ വ്യവസ്ഥകളുടെയും സുഗമമായ പ്രവര്‍ത്തനത്തിന് തേന്‍ സഹായിക്കുന്നു. തേനിലുള്ള ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിന് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. തേന്‍ ദഹനപ്രക്രിയയെയും സഹായിക്കുന്നു. ആസ്ത്‍മ പോലുള്ള ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കുന്നതിനും ചുമയെ തടയുന്നതിനും തേനിന്റെ പതിവായുള്ള ഉപയോഗം സഹായിക്കും. ചെറിയ രീതിയിലുള്ള തൊണ്ടവേദനക്ക് ഇളംചൂടുവെള്ളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ത്തുണ്ടാക്കുന്ന പാനീയം ഫലപ്രദമാണ്.
വിശപ്പ് ശമിപ്പിക്കാന്‍
തേന്‍ പ്രോബയോട്ടിക് ആഹാരമായി കരുതുന്നു. ശരീരത്തിനാവശ്യമായ ബാക്ടീരിയകളെ ഉത്പാദിപ്പിക്കുന്നതിനും വളര്‍ച്ചക്കും തേന്‍ സഹായിക്കും. തേന്‍ ചേര്‍ത്ത ഭക്ഷണം കഴിച്ചാല്‍ പെട്ടെന്ന് വിശക്കാതിരിക്കും. മലബന്ധത്തെ തടഞ്ഞ് ചെറിയ ലാക്സേറ്റീവ് ആയും തേന്‍ പ്രവര്‍ത്തിക്കുന്നു.
ചികിത്സക്ക്
വിളര്‍ച്ചയുടെ ലക്ഷണങ്ങളായ ക്ഷീണം, തളര്‍ച്ച എന്നിവ കുറക്കാന്‍ തേന്‍ ഫലപ്രദമാണ്. ഹീമോഗ്ലോബിന്റെ അളവ് കൂടുന്നതാണ് ഇതിന് കാരണം. വെള്ളത്തില്‍ കലര്‍ത്തി തേന്‍ കുടിക്കുന്നത് ചുവന്ന രക്താണുക്കളുടെ അളവ് കൂടുന്നതിന് സഹായിക്കുന്നു. അതേസമയം തേന്‍ പ്രമേഹരോഗികള്‍ക്ക് നല്ലതല്ല. കുട്ടികള്‍ക്ക് ഒരു വയസിന് മുമ്പ് നല്‍കാതിരിക്കുന്നതാണ് ഉത്തമം.
അന്നജവും പോഷകങ്ങളും
അന്നജത്തിന്റെ നല്ലൊരു ശ്രോതസ്സാണ് തേന്‍. 100ഗ്രാം തേനില്‍ 20ഗ്രാം ജലാംശമുണ്ട്. കൂടാതെ 0.3ഗ്രാം പ്രോട്ടീനും 0.2ഗ്രാം ധാതുക്കളും 79ഗ്രാം കാര്‍ബോഹൈഡ്രേറ്റും 0.696 മി.ഗ്രാം അയണും അടങ്ങിയിട്ടുണ്ട്. തേനില്‍ ഉള്ള ഊര്‍ജത്തിന്റെ അളവ് 319കലോറിയാണ്. കാത്സ്യം 5മി.ഗ്രാമും ഫോസ്ഫറസ് 16മി.ഗ്രാമും ലഭ്യമാണ്.