ഭാരം കൂടിയാലും കുറഞ്ഞാലും ആയുസ്സ് കുറയും
ബോഡി മാസ് ഇന്‍ഡക്സ് ആയുര്‍ദൈര്‍ഘ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പഠനം പറയുന്നത്.
ഉയരത്തിന് ആനുപാതികമല്ല ഭാരമെങ്കില്‍ ജീവിതശൈലീരോഗങ്ങള്‍ മാത്രമല്ല ഉണ്ടാവുക. ജീവിതത്തിലെ നാല് വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടേക്കാമെന്ന് പഠനം പറയുന്നു. ലാന്‍സെറ്റ് എന്ന മെഡിക്കല്‍ ജേര്‍ണലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ബോഡി മാസ് ഇന്‍ഡക്സ് (ഉയരവും ഭാരവും തമ്മിലെ അനുപാതം) ആയുര്‍ദൈര്‍ഘ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പഠനം പറയുന്നത്. ശരീരഭാരത്തെ ഉയരത്തിന്റെ വര്‍ഗം കൊണ്ട് ഹരിച്ചാണ് ബോഡി മാസ് ഇന്‍ഡക്സ് കണ്ടെത്തുന്നത്. ശരീരഭാരം കിലോഗ്രാമിലും ഉയരം മീറ്ററിലും വേണം കണക്കാക്കാന്‍. ബി.എം.ഐ 18.5നും 24.9നും ഇടയിലാകുന്നതാണ് ഉത്തമം. 18.5ല്‍ താഴെയാണെങ്കില്‍ ഭാരക്കുറവായാണ് പരിഗണിക്കുന്നത്. ബി.എം.ഐ 25 മുതല്‍ 29.9 വരെ അമിതഭാരമായും 30ന് മുകളിലാണെങ്കില്‍ പൊണ്ണത്തടിയായും കണക്കാക്കുന്നു.
ഭാരക്കൂടുതലും കുറവും കാരണം നാല് വര്‍ഷം വരെ നേരത്തെ മരണം സംഭവിക്കാമെന്നാണ് പഠനം പറയുന്നത്. അപകടം, കാന്‍സര്‍, ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവ കാരണമുള്ള മരണങ്ങള്‍ ഒഴികെ മറ്റ് മരണങ്ങള്‍ക്ക് ബോഡി മാസ് ഇന്‍ഡക്സുമായി ബന്ധമുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.