കോവിഡ് വാക്‌സിനെടുത്ത് കോടീശ്വരിയായി 25 കാരി
മൂന്ന് ദശലക്ഷത്തോളം പേർ വാക്‌സിനെടുത്ത് നറുക്കെടുപ്പിൽ ഭാഗ്യം തേടിയിരുന്നു
കോവിഡ് രോഗപ്രതിരോധത്തിനായി ലോകത്തെ എല്ലായിടത്തും വാക്‌സിൻ കുത്തിവെപ്പ് നടക്കുന്നുണ്ട്. വാക്‌സീൻ സ്വീകരിക്കാൻ വിമുഖത കാണിക്കുന്നവരുമുണ്ട്. എന്നാൽ വാക്‌സീൻ എടുത്ത് കോടീശ്വരിയായിരിക്കുകയാണ് ഓസ്‌ട്രേലിയയിൽ ജോവാൻ ഷു എന്ന 25കാരി.
വാക്‌സീൻ സ്വീകരിച്ചവർക്കായി അധികൃതർ ഏർപ്പെടുത്തിയ ദ് മില്യൺ ഡോളർ വാക്‌സ് അലയൻസ് ലോട്ടറിയുടെ പ്രധാന സമ്മാന ജേതാവായിരുന്നു ജോവാൻ. സമ്മാനത്തുകയായി ലഭിച്ചതാകട്ടെ ഒരു മില്യൻ ഡോളറും. അതായത് 7.4 കോടി രൂപ. ഓസ്‌ട്രേലിയക്കാരെ വാക്‌സിനെടുപ്പിക്കാൻ ഒരു സ്വകാര്യ സ്ഥാപനം തയ്യായാറാക്കിയ പദ്ധതിയായ 'ദ് മില്യൺ ഡോളർ വാക്‌സ് അലയൻസ് ലോട്ടറി' പദ്ധതിക്ക് മികച്ച പ്രതികരണമാണ് കിട്ടിയത്. മൂന്ന് ദശലക്ഷത്തോളം പേർ വാക്‌സിനെടുത്ത് നറുക്കെടുപ്പിൽ ഭാഗ്യം തേടിയിരുന്നു. എന്നാൽ ഒടുവിൽ ഭാഗ്യം തേടിയെത്തിയതാകട്ടെ ജോവാനെയും.
കോടീശ്വരിയായി മാറിയ ചൈനീസ് വംശജയായ യുവതിക്ക് വലിയ പദ്ധതികൾ മനസിലുണ്ട്. ചൈനീസ് പുതുവർഷത്തിൽ കുടുംബത്തെ ബിസിനസ് ക്ലാസ് ടിക്കറ്റിൽ ഓസ്‌ട്രേലിയയിൽ കൊണ്ടുവരണമെന്നാണ് ജോവാൻ ആഗ്രഹിക്കുന്നത്. അതിർത്തികൾ തുറന്നാൽ മാതാപിതാക്കളെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ പാർപ്പിക്കണമെന്നും ആഗ്രഹമുണ്ട്. കുടുംബത്തിനായി ചെലവഴിച്ച ശേഷം ബാക്കി പണം എവിടെയെങ്കിലും നിക്ഷേപിക്കണമെന്നും സഹായം ആവശ്യമുള്ളവരെ സഹായിക്കുമെന്നും ജോവാൻ പറയുന്നു.