വെള്ളം കുടിക്കുമ്പോൾ ഈ മൂന്ന് തെറ്റുകൾ ഒഴിവാക്കാം

ശരീരത്തിന്റെ ഊഷ്മാവ് നിലനിർത്താനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും വെള്ളം സഹായിക്കുന്നുണ്ട്

Update: 2023-04-10 04:42 GMT
Editor : Lissy P | By : Web Desk
Advertising

ഓരോ മനുഷ്യന്റെയും ആരോഗ്യം നിലനിർത്തുന്നതിൽ വെള്ളം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിൽ ജലാംശം നിലനിർത്തുക മാത്രമല്ല, പോഷകങ്ങൾ എളുപ്പത്തിൽ ആഗിരണം ചെയ്യുന്നതിനായി ഭക്ഷണം വിഘടിപ്പിക്കാനും ഇത് സഹായിക്കുന്നു. ശരീരത്തിന്റെ ഊഷ്മാവ് നിലനിർത്താനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും വെള്ളം സഹായിക്കുന്നുണ്ട്. എന്നാൽ ഈ ഗുണങ്ങളെല്ലാം ലഭിക്കണമെങ്കിൽ വെള്ളം കുടിക്കുമ്പോൾ നമ്മൾ സാധാരണയായി ചെയ്യുന്ന ചില തെറ്റുകൾ ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആയുർവേദത്തിലും വെള്ളം കുടിക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായി ചില കാര്യങ്ങൾ നിർദേശിക്കുന്നുണ്ട്.

'സ്മാർട്ട് വേദ' എന്ന ഇൻസ്റ്റാഗ്രാമിലെ ആയുർവേദ വെൽനസ് പേജിലാണ് വെള്ളം കുടിക്കുമ്പോൾ ഒഴിവാക്കേണ്ട തെറ്റുകൾ ചൂണ്ടിക്കാട്ടുന്നത്.അവയിൽ ചിലത്:

തിരക്കിട്ട് വെള്ളം കുടിക്കരുത്...

വളരെ വേഗത്തിൽ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ മിനി ഷോക്കാണ് ഉണ്ടാക്കുന്നത്. അതിന്റെ ഫലമായി ആമാശയത്തിലെ വിഷവസ്തുക്കൾ പുറംതള്ളുന്നത് വർധിപ്പിക്കുകയും ദഹനക്കേടുണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വെള്ളം ഒറ്റയടിക്ക് കുടിക്കാതെ സാവധാനം സിപ്പ് ചെയ്ത് കുടിക്കണം.

ഭക്ഷണത്തിന് മുമ്പും ശേഷവും വെള്ളം കുടിക്കുന്നത്

ആയുർവേദം അനുസരിച്ച്, ഭക്ഷണത്തിന് തൊട്ടുമുമ്പ് വെള്ളം കുടിക്കുന്നത് ദഹനം കുറയ്ക്കുകയും ഭക്ഷണത്തിന് തൊട്ടുപിന്നാലെ വെള്ളം കുടിക്കുന്നത് സ്വാംശീകരണം വർധിപ്പിക്കുകയും ചെയ്യും. ഇത് ശരീരഭാരം കൂട്ടാനും ഇടയാക്കും. ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ഇടയിൽ കുറഞ്ഞത് 45 മിനിറ്റെങ്കിലും ഇടവേള ഉണ്ടാകുന്നത് എപ്പോഴും നല്ലതാണ്.

പ്ലാസ്റ്റിക് കുപ്പിയിലെ കുടിവെള്ളം

പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം പതിവായി ഉപയോഗിക്കുന്നത് കാൻസർ പോലുള്ള ഗുരുതരമായ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. ഇത് വന്ധ്യതയടക്കമുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഇതിന് പുറമെ പെൺകുട്ടികൾ നേരത്തെ ഋതുമതിയാകാൻ സാധ്യത കൂട്ടുമെന്നും 'സ്മാർട്ട് വേദ' ഇൻസ്റ്റഗ്രാം പേജിൽ പറയുന്നു.





Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News