യൂറിക് ആസിഡുകൊണ്ട് ബുദ്ധിമുട്ടുകയാണോ ?എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയേ പറ്റൂ...
യുവാക്കളിലാണ് യൂറിക് ആസിഡിന്റെ അളവ് കൂടിയതുമൂലം കൂടുതല്‍ പ്രശ്നങ്ങള്‍ കാണുന്നത്
ഭക്ഷണത്തിലും ശരീരത്തിലും കാണപ്പെടുന്ന പ്രോട്ടീനാണ് പ്യൂരിൻ.ഇത് വിഘടിക്കുമ്പോഴാണ് ശരീരത്തിൽ യൂറിക് ആസിഡ് ഉണ്ടാകുന്നത്. വൃക്കയാണ് യൂറിക് ആസിഡിന്റെ തോത് ശരീരത്തിൽ ക്രമീകരിച്ചു നിർത്തുന്നത്. പ്യൂരിന്റെ അളവ് കൂടുമ്പോൾ യൂറിക്കാസിഡിന്റെയും അളവ് കൂടും. ഇതോടെ മൂത്രം വഴി പുറത്തേക്ക് പോകാനാകാതെ യൂറിക് ആസിഡ് ശരീരത്തിന്റെ പലയിടത്തും അടിഞ്ഞുകൂടുകയും ചെയ്യും. ഇങ്ങനെ അടിഞ്ഞുകൂടുന്ന യൂറിക്കാസിഡ് മൂലം ശരീരത്തിൽ സന്ധിവേദന,കൈകാലുകളിൽ ശക്തമായ വേദനയും അനുഭവപ്പെടും. യൂറിക് ആസിഡിന്റെ അളവ്പരിധിയിൽ കൂടിയാൽ വൃക്ക തകരാറിലാകാനും വൃക്കയിലെ കല്ല് പ്രശ്‌നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ഇന്നത്തെ കാലത്ത് നിരവധി പേരാണ് യൂറിക് ആസിഡുമൂലം ബുദ്ധിമുട്ടുന്നത്. അതിലേറെയും യുവാക്കളാണ് എന്നതാണ് ശ്രദ്ധേയം.
യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഉയർന്ന പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങളുടെ അമിതമായ ഉപഭോഗമാണ്. പഞ്ചസാര ഉയർന്ന തോതിലടങ്ങിയ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് ഇതിനൊരു പ്രധാന കാരണമാണ്. ഭക്ഷണ ശീലങ്ങളിലും ജീവിതശൈലിയിലും ആരോഗ്യകരമായ ചില മാറ്റങ്ങൾ വരുത്തിയാൽ യൂറിക് ആസിഡിന്റെ പ്രശ്നത്തിൽ നിന്ന് മുക്തി നേടാം. WebMD റിപ്പോർട്ട് അനുസരിച്ച് യൂറിക് ആസിഡ് പ്രശ്നങ്ങളുള്ളവർ കഴിക്കാൻ പാടില്ലാത്ത നാല് ഭക്ഷണങ്ങൾ ഇവയാണ്.
വൈറ്റ് ബ്രെഡ്
വൈറ്റ് ബ്രെഡ് കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവും രക്തത്തിലെ പഞ്ചസാരയും അതിവേഗം വർധിപ്പിക്കും. ഇതിൽ ഉയർന്ന അളവിൽ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് സന്ധിവാത പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വർധിക്കുന്നു. ഉയർന്ന യൂറിക് ആസിഡ് ഉള്ള രോഗികൾ വൈറ്റ് ബ്രെഡ് കഴിക്കുന്നത് ഒഴിവാക്കണം.
ചുവന്ന മാംസം
ചുവന്ന മാംസം കഴിക്കുന്നത് യൂറിക് ആസിഡ് രോഗികൾക്ക് ഏറ്റവും അപകടകരമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിൽ ഉയർന്ന പ്യൂരിൻ അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് ശരീരത്തിൽ കൂട്ടുകയും ഇതുമൂലം ് സന്ധിവാത പ്രശ്‌നങ്ങൾ അനുഭവപ്പെടുകയും ചെയ്യും. ടർക്കി, കക്കയിറച്ചി തുടങ്ങിയ മാംസങ്ങളും യൂറിക് ആസിഡ് പ്രശ്‌നങ്ങൾ ഉള്ളവർ ഒഴിവാക്കണം.
സമുദ്രവിഭവങ്ങൾ
സന്ധിവാതം, യൂറിക് ആസിഡ് പ്രശ്‌നങ്ങൾ എന്നീ പ്രശ്‌നങ്ങളുള്ളവർ സമുദ്രവിഭവങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. ഞണ്ട്, ചെമ്മീൻ, മുത്തുച്ചിപ്പി, ലോബ്സ്റ്റർ തുടങ്ങിയ സമുദ്രവിഭവങ്ങൾ എപ്പോഴും മിതമായ അളവിൽ കഴിക്കണം. മറ്റ് സമുദ്രവിഭവങ്ങളും യൂറിക് ആസിഡ് അതിവേഗം വർധിപ്പിക്കും. യൂറിക് ആസിഡിന്റെ പ്രശ്‌നങ്ങളുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം സമുദ്രവിഭവങ്ങൾ കഴിക്കുക.
തേൻ
തേൻ പൊതുവെ ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. എന്നാൽ തേൻ അമിതമായി കഴിക്കുന്നത് ഉയർന്ന യൂറിക് ആസിഡിന്റെ പ്രശ്‌നത്തിനും കാരണമാകും. തേനിൽ ഉയർന്ന അളവിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിൽ പ്യൂരിൻ പുറത്തുവിടുകയും യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. എന്നുകരുതി തേൻ തീരെ കഴിക്കാതിരിക്കരുത്. തേൻ വല്ലപ്പോഴും കഴിക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളില്ലെന്നും എന്നാൽ അമിതമായി കഴിക്കരുതെന്നും WebMD റിപ്പോർട്ട് ചെയ്യുന്നു.