നിങ്ങള്‍ വെജിറ്റേറിയനാണോ? എങ്കില്‍ ഈ ഗുണങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു...
സസ്യാഹാരം മാത്രം കഴിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. പല റെസ്റ്റോറന്‍റുകളിലും സസ്യാഹാരത്തിനു ഇന്ന് പ്രത്യേക വിഭാഗങ്ങളുണ്ട്
സസ്യാഹാരം മാത്രം കഴിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ചിലര്‍ പാരമ്പര്യമായോ ശീലങ്ങള്‍ കൊണ്ടോ സസ്യാഹാരികള്‍ ആകുമ്പോള്‍ മറ്റു ചിലര്‍ ആരോഗ്യം സംരക്ഷിക്കാന്‍ ഈ രീതി പിന്തുടരുന്നു. പല റെസ്റ്റോറന്‍റുകളിലും സസ്യാഹാരത്തിനു ഇന്ന് പ്രത്യേക വിഭാഗങ്ങളുണ്ട്.
സസ്യാഹാരം കഴിക്കുന്നതു കൊണ്ടുണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്;
ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
പ്രോട്ടീൻ, നാരുകൾ, നിരവധി അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായുള്ള സസ്യാഹാരങ്ങള്‍. നമ്മുടെ ആഹാരത്തിൽ ഈ പോഷകങ്ങൾ ഉൾപ്പെടുത്തുന്നത് ഉപാപചയ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കുറയ്ക്കുന്നതിനു സഹായിക്കുകയും ചെയ്യുന്നു.
കുടലിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കുന്നു
സസ്യാഹാരത്തിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ദഹനവും ഉപാപചയവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കുടലിന്‍റെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ കുടൽ, രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
മാംസാഹാരങ്ങളുടെ ദൈനംദിന ഉപഭോഗത്തിൽ ചെറിയ കുറവുണ്ടായാലും ( പ്രധാനമായും പ്രോസസ് ചെയ്ത മാംസം ഉൽപന്നങ്ങൾ പോലുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങൾ ) ആരോഗ്യകരമായ സസ്യ അധിഷ്ഠിത ഭക്ഷണങ്ങളുടെ വർധനവ് മെച്ചപ്പെട്ട ഹൃദയ സംബന്ധമായ ആരോഗ്യത്തിന് കാരണമായേക്കാമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
പ്രമേഹം നിയന്ത്രിക്കുന്നു
രക്തത്തിലെ പ്രമേഹത്തിന്‍റെ അളവ് നിയന്ത്രിക്കാന്‍ സസ്യാഹാരങ്ങള്‍ ഒരു പരിധി വരെ സഹായിക്കുന്നു. 78 % വരെ പ്രമേഹത്തിന്‍റെ അപകടസാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ചർമ്മത്തിന്‍റെ ആരോഗ്യം വർധിപ്പിക്കുന്നു
വെജിറ്റേറിയൻ ഭക്ഷണങ്ങളിൽ ധാരാളം ആന്‍റിഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്, ഇത് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. തന്മൂലം ചർമ്മത്തിന്‍റെ ആരോഗ്യം വർധിപ്പിക്കുന്നു.