ശരീരഭാരം കുറക്കുന്നതിനെക്കുറിച്ച് മറന്നേക്കൂ....! പുതുവത്സരത്തിലെടുക്കാം ഈ അഞ്ച് ആരോഗ്യ പ്രതിജ്ഞകൾ
പെട്ടന്നുള്ള ഡയറ്റും കഠിനമായ വ്യായാമമുറകളും ഒരിക്കലും ആരോഗ്യത്തിന് ഒരു ഗുണവും ചെയ്യുന്നില്ലെന്നതാണ് യാഥാർഥ്യം
ഇക്കൊല്ലമെങ്കിലും നന്നാകണമെന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാകില്ല...ഓരോ പുതുവർഷം പിറക്കുമ്പോഴും ഒരുപാട് തീരുമാനങ്ങളും നമ്മളെടുക്കാറുണ്ട്. ജിമ്മിൽ പോകണം, ഡയറ്റ് ചെയ്യണം, തടി കുറക്കണമെന്നതായിരിക്കും അതിൽ ഒട്ടുമിക്ക പേരുമെടുക്കുന്ന പുതുവത്സര പ്രതിജ്ഞ. ജനുവരി ഒന്ന് മുതൽ അതിനുള്ള കഠിന പ്രയത്‌നത്തിലുമായിരിക്കും. എന്നാൽ പെട്ടന്നുള്ള ഡയറ്റും കഠിനമായ വ്യായാമമുറകളും ഒരിക്കലും ആരോഗ്യത്തിന് ഒരു ഗുണവും ചെയ്യുന്നില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ പുതുവത്സരത്തിൽ ഈ അഞ്ചു ആരോഗ്യ പ്രതിജ്ഞകളെടുക്കാൻ തയ്യാറാണോ... തടി മാത്രമല്ല,നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യവും വര്‍ധിക്കും. ആരോഗ്യകരമായ ഒരു പുതിയ വർഷം നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
ഉറക്കം മുഖ്യം
രാത്രി ഏറെ നേരം വൈകി ഉറങ്ങുന്നതും നേരത്തെ എഴുന്നേൽക്കുന്നതടക്കമുള്ള ശീലങ്ങൾ നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഉറക്കക്കുറവ് ഹൃദ്രോഗം, വിഷാദം, ശരീരഭാരം വർധിക്കൽ തുടങ്ങിയവയിലേക്ക് നയിക്കും. എത്ര സമയം ഉറങ്ങുന്നു എന്നതും, എപ്പോൾ ഉറങ്ങുന്നു എന്നതും വളരെ പ്രധാനപ്പെട്ടതാണ്. ഫോണിൽ അധിക നേരം നോക്കി കിടന്നുറങ്ങുന്നതും ഉറക്കത്തെ സാരമായി ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കുറഞ്ഞത് ഏഴുമണിക്കൂറെങ്കിലും ശാന്തമായി ഉറങ്ങാൻ ശ്രമിക്കുക. അസുഖങ്ങളെ അകറ്റി നിർത്തുക.
കൂടുതൽ സമയം ഇരിക്കരുതേ...
മണിക്കൂറുകളോളം തുടർച്ചയായി ഇരിക്കുന്നത് പലവിധ അസുഖങ്ങളെയും വിളിച്ചുവരുത്തും. അതുകൊണ്ട് ഇരുന്നു ജോലി ചെയ്യുന്നവർ നിർബന്ധമായും ഈ ശീലം പിന്തുടരാന്‍ ശ്രമിക്കുക.ഒരു മണിക്കൂർ ഇരുന്നാൽ അഞ്ചുമിനിറ്റ് എഴുന്നേറ്റ് നടക്കുക. ഇതാവട്ടെ ഈ പുതുവത്സരദിനത്തിലെ നിങ്ങളുടെ മറ്റൊരു ആരോഗ്യ പ്രതിജ്ഞ
മെഡിറ്റേഷൻ..
എത്രവലിയ തിരക്കാണെങ്കിലും മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതിന് വേണ്ടി പതിവായി മെഡിറ്റേഷൻ ശീലമാക്കാം. മാനസിക ആരോഗ്യത്തെ ശക്തമാക്കാൻ ഇത് സഹായിക്കും. മനസിലെ സമ്മർദം കുറക്കാനും,നെഗറ്റീവ് ചിന്തകൾ ഇല്ലാതാക്കാനും, രക്തസമ്മർദം കുറക്കാനും മെഡിറ്റേഷൻ സഹായിക്കും.
സ്വയം സ്നേഹിക്കാം...
മറ്റുള്ള എല്ലാ കാര്യത്തിനും ഓടി നടക്കുമെങ്കിലും സ്വന്തം കാര്യത്തിൽ ശ്രദ്ധ കൊടുക്കാൻ പലർക്കും നേരമുണ്ടാകാറില്ല. നിങ്ങൾക്ക് മാത്രമായി കുറച്ച് സമയം നീക്കിവെക്കാൻ ശ്രമിക്കുക. തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ സ്വയം പരിചരണം മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇതിനായി മണിക്കൂറുകളോളം ജിമ്മിൽ പോകണമെന്നോ യോഗ ചെയ്യണമെന്നോ എന്നൊന്നുമില്ല. പകരം നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഏതെങ്കിലും കാര്യത്തിൽ ഏർപ്പെടുക. നൃത്തം, ട്രക്കിങ്,മ്യൂസിക് തുടങ്ങി ഏതുമാകാം.നിങ്ങളെ സന്തോഷപ്പെടുത്താൻ അത്രയെങ്കിലും ചെയ്‌തേ പറ്റൂ..
കഴിക്കുന്നത് പോഷകഗുണമുള്ളതാകട്ടെ....
ജനുവരി ഒന്നുമുതൽ ഡയറ്റിങ് തുടങ്ങുമെങ്കിലും അത് അധികകാലം നീണ്ടുപോകാറില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ പെട്ടന്ന് റിസൽട്ട് ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഫാഷൻ ഡയറ്റുകളാണ് പലരും പിന്തുടരുന്നത്. അതുകൊണ്ടുതന്നെ അത് നിങ്ങൾക്ക് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടിവരും.കഴിക്കുന്നത് പോഷകാഹാരമാകാൻ ശ്രദ്ധിക്കുക. കർശന ഭക്ഷണനിയന്ത്രണങ്ങൾ ന്യൂട്രിഷന്റെ നിർദേശത്തോടെ മാത്രം നടത്തുക.