നഖങ്ങളുടെ ആരോഗ്യത്തിനായി ശീലിക്കേണ്ട 6 കാര്യങ്ങൾ...
മറ്റേത് അവയവങ്ങളെയും പോലെ തന്നെ നഖങ്ങളുടെ ആരോഗ്യത്തിനും വെള്ളം ആവശ്യമാണ്
ശരീരത്തിലെ ഒട്ടുമിക്ക എല്ലാ അവയവങ്ങളുടെയും ആരോഗ്യത്തിനായി എഫർട്ട് എടുക്കാറുള്ളവരാണ് നമ്മളെല്ലാവരും. എന്നാൽ നഖങ്ങളുടെ കാര്യത്തിലോ? പലപ്പോഴും നെയിൽപോളിഷ് റിമൂവ് ചെയ്ത് നഖങ്ങളെ ഫ്രീയായി വയ്ക്കാൻ പോലും നമുക്ക് മടിയാണ്. എന്നാൽ മടി കാരണം ഒഴിവാക്കേണ്ടതല്ല നഖങ്ങളുടെ ആരോഗ്യത്തെ. നഖം വിണ്ടുകീറുന്നതും നഖം ഒരു പരിധിയിൽ കൂടുതൽ നീളം വച്ചുകഴിഞ്ഞാൽ ഒടിയുന്നതുമെല്ലാം സൂചിപ്പിക്കുന്നത് നഖത്തിന് നാം വിചാരിക്കുന്നത്ര ആരോഗ്യമില്ലെന്നാണ്. നഖങ്ങളുടെ ആരോഗ്യത്തിന് വീട്ടിൽ തന്നെ ചെയ്യാവുന്ന 6 കാര്യങ്ങളിതാ...
1.വെള്ളം വേണം,പക്ഷേ...
വെള്ളവുമായി ഒരുപാട് കോൺടാക്ട് വരുന്നത് നഖത്തിന് അത്ര നല്ലതല്ല. നഖത്തിന്റെ സ്വാഭാവിക ബലം നഷ്ടപ്പെടുന്നതിനാലാണിത്. അതുകൊണ്ട് തന്നെ പാത്രം കഴുകുമ്പോഴും മറ്റും കയ്യിൽ ഗ്ലൗസ് ധരിക്കണം. എപ്പോഴും ഇക്കാര്യം ശ്രദ്ധിക്കാൻ പറ്റില്ല എങ്കിലും ഇത് ഓർമയിൽ വയ്ക്കുന്നത് നന്നായിരിക്കും.
3.ഭക്ഷണത്തിൽ ശ്രദ്ധിക്കാം
വൈറ്റമിൻസും മിനറൽസും അടങ്ങിയ ഭക്ഷണരീതി പിന്തുടരുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് നഖങ്ങളുടെ ആരോഗ്യത്തിന് ചെയ്യേണ്ട മറ്റൊരു കാര്യം. പ്രത്യേകം മരുന്നുകൾ എടുക്കേണ്ടതുണ്ടെങ്കിൽ ആരോഗ്യ വിദഗ്ധരുടെ സഹായം തേടാം.
3.നെയിൽ പോളിഷ് തിരഞ്ഞെടുക്കുമ്പോൾ
നഖത്തിന് ദോഷം ചെയ്യുന്ന കെമിക്കലുകൾ അടങ്ങിയിട്ടുള്ളവയാണ് മിക്ക നെയിൽപോളിഷും. അസറ്റോൺ അടങ്ങിയ നെയിൽ പോളിഷും റിമൂവറും പാടേ ഒഴിവാക്കുകയാണ് നല്ലത്. റിമൂവർ ഉപയോഗിച്ചു കഴിഞ്ഞാൽ നഖത്തിൽ ലോഷൻ പുരട്ടേണ്ടതുണ്ട്. നിങ്ങൾക്ക് യോജിക്കുന്ന ഏത് ഹാൻഡ് ക്രീമും നഖം മോയ്‌സ്ചറൈസ് ചെയ്യാൻ ഉപയോഗിക്കാം. ഹാൻഡ് സാനിറ്റൈസറും നഖത്തിൽ അധികം പറ്റാതെ നോക്കണം. കുറച്ചു നാൾ നെയിൽ പോളിഷ് ഉപയോഗിക്കാതെ നഖം ഫ്രീ ആയി വയ്ക്കുന്നതും നല്ലതാണ്.
4. ഷാംപൂ തിരഞ്ഞെടുക്കുമ്പോൾ...
ഓയ്‌ലി ഹെയറിന് വേണ്ടിയുള്ള ഷാംപൂ നഖത്തിന് കേടുപാടുകൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നഖത്തിന് കൂടി യോജിച്ച ഷാംപൂ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
5. നഖം വളർത്തണോ?
നഖം ഒരു പരിധിയിൽ കൂടുതൽ നീളം വയ്പ്പിക്കാതിരിക്കുന്നതാണ് അവയുടെ ആരോഗ്യത്തിന് നല്ലത്. ഒടിയാനും വിണ്ടുകീറാനുമൊക്കെ സാധ്യത കൂടുതലായതിനാൽ കുറച്ചു മാത്രം വളർത്തുന്നത് നന്നായിരിക്കും.
6.വെള്ളം ധാരാളം കുടിക്കണം
മറ്റേത് അവയവങ്ങളെയും പോലെ തന്നെ നഖങ്ങളുടെ ആരോഗ്യത്തിനും വെള്ളം ആവശ്യമാണ്. വെള്ളവുമായി അധികം കോൺടാക്ട് വരുന്നത് നഖങ്ങളുടെ ബലം നഷ്ടപ്പെടുത്തുമ്പോഴും നഖത്തിന് ആവശ്യമായ ഈർപ്പം നിലനിൽക്കണമെങ്കിൽ ശരീരത്തിൽ ആവശ്യത്തിന് വെള്ളമുണ്ടാകണം.