വെണ്ടക്കയോ? മുഖം ചുളിക്കേണ്ട....ചില്ലറക്കാരനല്ല ഇവൻ
ആന്റി ഓക്സിഡന്റുകളുടെ മികച്ച ഉറവിടം കൂടിയാണ് വെണ്ടക്ക
സാമ്പാറിൽ ഒഴിച്ചുകൂടാനാകാത്ത പച്ചക്കറിയാണ് വെണ്ടക്ക. എന്നാൽ ഇത് മിക്കവർക്കും കണ്ടുകൂടാത്ത പച്ചക്കറികളിലൊന്നാണ്. തോരനായും ഫ്രൈ ചെയ്തും കറിയായും വെണ്ടക്ക പാകം ചെയ്യാം. എന്നാൽ ഈ വെണ്ടക്കക്ക് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ടെന്ന് പലർക്കുമറിയില്ല. വിറ്റമിൻ എ, വിറ്റമിൻ സി, വിറ്റമിൻ കെ, കാത്സ്യം, ഫോസ്ഫറസ്,മഗ്നീഷ്യം, സിങ്ക്,കോപ്പർ തുടങ്ങി നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് ഈ ലേഡീ ഫിംഗർ എന്നറിയപ്പെടുന്ന വെണ്ടക്ക. വെണ്ടക്കയുടെ ചില ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ..
കാൻസർ സാധ്യത കുറക്കുന്നു
ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടം കൂടിയാണ് വെണ്ടക്ക. ഫിനോളിക് സംയുക്തങ്ങളും ഫ്‌ലേവനോയിഡ് ഡെറിവേറ്റീവുകളായ കാറ്റെച്ചിൻസ് ട്രസ്റ്റഡ് സോഴ്സ്, ക്വെർസെറ്റിൻ എന്നിവയുൾപ്പെടെ പലതരം ആന്റിഓക്സിഡന്റ് സംയുക്തങ്ങളഉം വെണ്ടക്കയിലും അതിന്റെ വിത്തിലും അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
ലെക്റ്റിൻ എന്ന പ്രോട്ടീനും വെണ്ടക്കയിൽ അടങ്ങിയിട്ടുണ്ട്. 2014-ലെ ഒരു പഠനത്തിൽ, മനുഷ്യന്റെ സ്തനാർബുദ കോശങ്ങളെ ചികിത്സിക്കുന്നതിനായി ഗവേഷകർ വെണ്ടക്കയിൽ നിന്നുള്ള ലെക്റ്റിൻ ഉപയോഗിച്ചിരുന്നു. ഇത് കാൻസർ കോശങ്ങളുടെ വളർച്ച 63 ശതമാനം കുറയ്ക്കുകയും കാൻസർ കോശങ്ങളുടെ 72 ശതമാനം നശിക്കുകയും ചെയ്തതെന്നും കണ്ടെത്തിയിച്ചുണ്ട്. ഇതിന് പുറമെ ഫോളേറ്റിന്റെ നല്ല ഉറവിടമാണ് വെണ്ടക്ക. ഇത് സ്തനാർബുദ സാധ്യത കുറക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് ഹെൽത്ത് ലൈൻ റിപ്പോർട്ട് ചെയ്യുന്നു.
ഹൃദയാരോഗ്യത്തിന് ബെസ്റ്റാണ്
വെണ്ടക്കയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ ഹാനികരമായ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ട്രസ്റ്റഡ് സോഴ്സ് (എഎച്ച്എ) പറയുന്നു. ഇത് ഹൃദ്രോഗം,സ്‌ട്രോക്ക്,പൊണ്ണത്തടി, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. വെണ്ടക്കയിൽ മസിലേജ് എന്ന കട്ടിയുള്ള ജെൽ പോലെയുള്ള പദാർത്ഥം അടങ്ങിയിട്ടുണ്ട്. ഇത് ദഹന സമയത്ത് കൊളസ്‌ട്രോളുമായി ബന്ധിപ്പിക്കും. ഇതുമൂലം കൊളട്രോൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാതെ ശരീരത്തിൽ നിന്ന് മലത്തിലൂടെ പുറം തള്ളാന്‍ സഹായിക്കും.
പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് എപ്പോഴും ആവശ്യമാണ്. വെണ്ടക്കയിൽ അടങ്ങിയിരിക്കുന്ന നാരുകളും മറ്റ് പോഷക ഗുണങ്ങളും പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വെണ്ടക്ക ദഹനനാളത്തിലെ പഞ്ചസാരയുടെ ആഗിരണം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാര അളവ് ക്രമപ്പെടുത്തുകയും ചെയ്യും. അതേസമയം, പ്രമേഹത്തിന് മരുന്നുകുടിക്കുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ വെണ്ടക്ക കഴിക്കാവൂവെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഉത്തമം
വെണ്ടക്കയിൽ അടങ്ങിയ ഫോളിക് ആസിഡ് അഥവാ ഫോളേറ്റ് (വിറ്റാമിൻ ബി 9) ഗർഭിണികൾക്കും മുലൂട്ടുന്ന അമ്മമാരുടെയും ആരോഗ്യത്തിന് നല്ലതാണ്. 100 ഗ്രാം വെണ്ടക്കയിൽ അടങ്ങിയ ഫോളിക് ആസിഡ് ഒരു സ്ത്രീയുടെ ദൈനംദിന ആവശ്യത്തിന്റെ 15 ശതമാനം നൽകുമെന്നും പഠനം പറയുന്നു.
ലൈംഗികാരോഗ്യം മെച്ചപ്പെടുത്തും
സ്ത്രീകളിലെയും പുരുഷന്മാരിലെയും ലൈംഗികാരോഗ്യം മെച്ചപ്പെടുത്താൻ വെണ്ടക്ക സഹായിക്കും. ആർത്തവകാലത്ത് അമിത രക്തസ്രാവമുള്ളവർക്കും വെണ്ടക്ക കഴിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.