വായു മലിനീകരണത്തിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാം; ചില എളുപ്പ മാർഗങ്ങൾ
അലർജി, കണ്ണിനുള്ളിൽ ചുവപ്പ്, കൺപോളകളിൽ വീക്കം, തുടങ്ങി നിരവധി പ്രശ്‌നങ്ങളിലേക്ക് വായു മലിനീകരണം നിങ്ങളെ നയിച്ചേക്കാം
വായു മലിനീകരണം പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാവുറുണ്ട്. അതിൽ പ്രധാനമാണ് കണ്ണൂകളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങൾ. വായുമലിനീകരണം, നഗരങ്ങളിലെ പുകമഞ്ഞ്, വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുക തുടങ്ങിയവ ഗ്ലൂക്കോമ, തിമിരം തുടങ്ങിയ അസുഖങ്ങളിലേക്ക് പോലും നയിക്കുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കണ്ണൂകൾക്ക് ഉണ്ടാകുന്ന അലർജി, കണ്ണിനുള്ളിലെ ചുവപ്പ്, കൺപോളകളിൽ വീക്കം, കാഴ്ച മങ്ങുക തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് ഇവ നയിക്കുന്നു.
കണ്ണുകളെ എങ്ങനെ പരിപാലിക്കാം? വിദഗ്ദർ ചില എളുപ്പ മാർഗങ്ങൾ നിർദേശിക്കുന്നു
ഗ്ലാസുകൾ ധരിക്കുക
പുറത്തിറങ്ങുമ്പോൾ നിങ്ങളുടെ കണ്ണുകൾക്ക് സംരക്ഷണമൊരുക്കുക എന്നതാണ് പ്രധാനം. അതുകൊണ്ട്തന്നെ പൊടിപടലങ്ങളിൽ നിന്നും മറ്റു മലിനീകരണങ്ങളിൽ നിന്നും നിങ്ങളുടെ കണ്ണുകളെ തടയാൻ ഗ്ലാസുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
കൈകൾ ഇടക്കിടെ കഴുകുക
കൈ വൃത്തിയായി കഴുകി അടിസ്ഥാന ശുചിത്വം പാലിക്കുക എന്നത് വളരെ പ്രധാനമാണ്. പുറത്തിറങ്ങുമ്പോഴും തുടർന്ന് വീട്ടിലേക്ക് തിരിച്ചു കയറുമ്പോഴും കൈ വൃത്തിയായി കഴുകാൻ ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോൾ കൈകളില്‍ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിക്കുന്നതും നല്ലതാണ്.
കണ്ണുകളിൽ ഇടയ്ക്കിടെ തൊടാതിരിക്കുക
പുറത്തിറങ്ങുമ്പോൾ ചുറ്റുമുള്ള പൊടിപടലങ്ങൾ നമ്മുടെ കയ്യിൽ പറ്റിപ്പിടിക്കുകയും ആ കൈ കൊണ്ട് നമ്മൾ കണ്ണിൽ തൊടുകയും ചെയ്യുന്നു. അങ്ങനെ അഴുക്ക് കണ്ണിലാവുകയും കണ്ണിന് ചെറിച്ചിലും മറ്റു അസ്വസ്ഥതകളും ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ട് കണ്ണുകള്‍ ഇടക്കിടെ തൊടുന്നതും തിരുമ്മുന്നതും ഒഴിവാക്കുക എന്നത് വളരെ പ്രധാനമാണ്.
അണുബാധാ ലക്ഷണങ്ങളുണ്ടായാല്‍ നേത്ര വിദഗ്ധനെ കാണുക
കണ്ണില്‍ അണുബാധാ ലക്ഷണങ്ങൾ കണ്ടാൽ നേത്ര വിദഗ്ധനെ കാണുക. കണ്ണിന് ചുവപ്പ്, ചൊറിച്ചിൽ,വീക്കം, കാഴ്ച മങ്ങൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാലുടനെ തന്നെ ഒരു നേത്രരോഗവിദഗ്ദ്ധനെ സമീപിക്കണം. ഇല്ലെങ്കിൽ കൂടുതൽ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് തന്നെ സ്വയം പരിശോധന ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.