എപ്പോഴും എന്തെങ്കിലുമൊക്കെ കഴിക്കണം അല്ലേ? എടാ മോനെ, ആ വിശപ്പ് അത്ര നല്ലതല്ല !!!
വിശപ്പ് മാറുന്നില്ലെങ്കിൽ, സാവധാനം ഭക്ഷണം കഴിക്കുന്ന രീതി ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്
ശരീരത്തിന് ഭക്ഷണം ആവശ്യമാണ് എന്നതിന്റെ സൂചനയാണ് വിശപ്പ്. ആവശ്യത്തിന് ഭക്ഷണം വയറ്റിലെത്തിയില്ലെങ്കിൽ പല രീതിയിലാണ് ശരീരം അത് പ്രകടമാക്കുക. ചിലർക്ക് വയർ ശൂന്യമായതായി തോന്നാം, തലവേദനയുണ്ടാകാം, ശ്രദ്ധക്കുറവ് അനുഭവപ്പെടാം, ആകെമൊത്തം ഒരു അസ്വസ്ഥത തോന്നാം... എങ്ങനെയായാലും വിശപ്പ് ഒരു വില്ലൻ തന്നെയാണ്.
എന്നാൽ ഭക്ഷണം കഴിച്ചു കഴിഞ്ഞാലും വിശപ്പ് തോന്നുന്നതും ഒരിക്കലും വയർ നിറയാതെ അനുഭവപ്പെടുന്നതും സ്വാഭാവികമാണോ? അല്ല എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എല്ലായ്‌പ്പോഴും വിശക്കുന്നതിന് ഇതാ കുറച്ച് കാരണങ്ങൾ...
1. ആവശ്യത്തിന് പ്രോട്ടീൻ ശരീരത്തിലെത്തുന്നില്ല
ശരീരത്തിൽ കൃത്യമായ ദഹനം നടക്കുന്നതിന് ആവശ്യത്തിന് പ്രോട്ടീൻ ഉള്ളിലെത്തണം. പ്രോട്ടീൻ കൃത്യമായി ഉള്ളിലെത്തിയാൽ തന്നെ വിശപ്പിന് പരിഹാരമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഹംഗർ ഹോർമോൺ എന്നറിയപ്പെടുന്ന ഗ്രെലിന്റെ അളവിൽ കുറയ്ക്കുന്നതിന് പ്രോട്ടീനുകൾ വലിയ രീതിയിൽ സഹായിക്കുന്നുണ്ട്. കൂടാതെ pyy, glp എന്നീ ഹോർമോണുകളുടെ പ്രവർത്തനം ശമിപ്പിച്ച് വിശപ്പകറ്റാനും പ്രോട്ടീനുകൾ സഹായിക്കുന്നു.
ഓരോ ആളുകളുടെയും പൊക്കം, വണ്ണം, പ്രായം എന്നിവയൊക്കെ അനുസരിച്ച് ആവശ്യമായ പ്രോട്ടീന്റെ അളവിലും വ്യത്യാസമുണ്ടാകും. എന്നിരുന്നാലും വെജ് ആണെങ്കിലും നോൺ വെജ് ആണെങ്കിലും പ്രോട്ടീൻ അടങ്ങിയ ഭക്ഷണം എല്ലാ സമയത്തും ഉൾപ്പെടുത്തിയില്ലെങ്കിൽ വിശപ്പ് ഒരു പക്ഷേ മാറിയേക്കില്ല.
2. ഉറക്കമില്ല, അത്ര തന്നെ !
മതിയായ ഉറക്കം ശരീരത്തിന്റെ ആകെയുള്ള പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണെന്ന് അറിയാമല്ലോ. അതുകൊണ്ട് തന്നെ ഉറക്കമില്ലായ്മ വിശപ്പും ഉണ്ടാക്കിയേക്കാം. ഭക്ഷണം കഴിച്ചാൽ വയർ നിറഞ്ഞു എന്ന് തോന്നിപ്പിക്കുന്ന ഹോർമോൺ ആണ് ലെപ്റ്റിൻ. ആവശ്യത്തിന് ഉറക്കം കിട്ടിയില്ലെങ്കിൽ അത് ശരീരത്തിൽ ലെപ്റ്റിന്റെ അളവ് കുറയുന്നതിന് കാരണമാകും. ഇത് ചിലപ്പോൾ ഹംഗർ ഹോർമോൺ ആയ ഗ്രെലിന്റെ ലെവൽ കൂട്ടുകയും ചെയ്യും. അതുകൊണ്ട് വിശപ്പ് മാറുന്നില്ലെങ്കിൽ ഉറക്കം ഒന്ന് ശരിയാക്കി നോക്കുന്നതാകും നല്ലത്. പ്രായപൂർത്തിയായ ഒരാൾ ദിവസം 7 മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻ പ്രിവൻഷനിലെ വിദഗ്ധർ പറയുന്നത്.
3. വെള്ളം കുടിക്കുന്നില്ലേ?
ആവശ്യത്തിന് വെള്ളം കുടിക്കാത്തത് തലച്ചോർ, ഹൃദയം, ത്വക്ക് എന്നിവയുടെയെല്ലാം പ്രവർത്തനത്തെ ബാധിക്കും. അതുപോലെ വിശപ്പിനും ഇത് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. വെള്ളം കുടിച്ചു കഴിഞ്ഞാൽ വയർ നിറഞ്ഞത് പോലെ തോന്നാറില്ലേ. വിശപ്പിനെ അകറ്റാൻ വെള്ളം കുടിക്കുന്നത് നല്ലതാണെന്നല്ലേ അതിന്റെ അർഥം. ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നത് ഭക്ഷണത്തിലൂടെ എത്തുന്ന കലോറി അമിതമാകാതെ നോക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
4. ഭക്ഷണത്തിൽ ആവശ്യത്തിന് കൊഴുപ്പും ഇല്ല, നാരുകളും ഇല്ല...
കഴിക്കുന്ന ഭക്ഷണം രുചികരമാകുന്നതിനൊപ്പം ആരോഗ്യപ്രദവുമാകണം. എങ്കിലേ ശരീരത്തിന് അതുകൊണ്ട് ഗുണമുള്ളൂ. അമിതമാകാതെ നോക്കണമെങ്കിലും കുറച്ചെങ്കിലും കൊഴുപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പ്രശ്‌നമാണ്. കൊഴുപ്പടങ്ങിയ വസ്തുക്കൾക്ക് ദഹനസമയം കൂടുതലാണ് എന്നതിനാൽ ഇവ കുറച്ചധികം സമയം വയറ്റിനുള്ളിൽ കിടക്കും. അതുകൊണ്ട് തന്നെ വിശപ്പും ഒരുപാട് നേരത്തേക്ക് തോന്നില്ല. മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡ്‌സ്, ഒമേഗ 3 ഫാറ്റി ആസിഡ്‌സ് എന്നിവ വിശപ്പ് നിയന്ത്രിക്കുന്നതിന് സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.
അതുപോലെ തന്നെയാണ് നാരുകളുടെ കാര്യവും. വയർ നിറഞ്ഞ ഫീൽ തരാൻ നാരുകളോളം മെച്ചപ്പെട്ട ഒന്നില്ല. ഓട്ട്മീൽ, ഫ്‌ളാക്‌സ് സീഡ്, മധുരക്കിഴങ്ങ് എന്നിവയൊക്കെ വിശപ്പ് കുറച്ചധികം സമയത്തേക്ക് അകറ്റുന്നതിന് വളരെ നല്ലതാണ്.
5. അമിതമായാൽ വ്യായാമവും വിഷം
വ്യായാമം അമിതമായാലും ശരീരത്തിന് നല്ലതല്ല. കൂടുതൽ എക്‌സർസൈസ് ചെയ്താൽ കൂടുതൽ വിശക്കുന്നത് സ്വാഭാവികമാണല്ലോ. അതിന് കാരണം വ്യായാമം ഹംഗർ ഹോർമോണുകളെയും ബാധിക്കും എന്നത് കൊണ്ടാണ്. എപ്പോഴും ആവശ്യത്തിന് മാത്രം വ്യായാമം ചെയ്യുകയാണ് ശരീരത്തിന്റെ ആകെ ആരോഗ്യത്തിന് നല്ലത്. വ്യായാമം ചെയ്യുന്നതിന് ആരോഗ്യവിദഗ്ധരുടെ സഹായവും തേടാം.
6.സാവകാശം, സമാധാനത്തോടെ കഴിച്ചാൽ മതിയല്ലോ !!!
വിശപ്പ് എപ്പോഴുമുണ്ടാകുന്നതിന് ഒരു കാരണമായി പറയുന്നത് കഴിക്കുന്ന രീതിയാണ്. ഓരോ ഉരുളയും ആസ്വദിച്ച് സാവധാനം ചവച്ച് ഭക്ഷണം കഴിക്കുന്നവരേക്കാൾ, തിടുക്കപ്പെട്ട് ഭക്ഷണം കഴിക്കുന്നവരിലാണ് കൂടെക്കൂടെ വിശപ്പുണ്ടാകുന്നതായി കണ്ടു വരുന്നത്. വിശപ്പ് മാറുന്നില്ലെങ്കിൽ സാവധാനം ഭക്ഷണം കഴിക്കുന്ന രീതി ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്.
ഇനി മുകളിൽ പറഞ്ഞ കാരണങ്ങൾ കൂടാതെ മദ്യപാനം, മാനസിക പിരിമുറുക്കം, സ്മൂതി പോലുള്ള ഭക്ഷണം, മരുന്നുകളുടെ ഉപയോഗം, രോഗങ്ങൾ എന്നിവയും അമിതമായ വിശപ്പിന് കാരണമാകാറുണ്ട്. വിശപ്പ് പിടിച്ചു നിർത്താൻ പറ്റുന്നില്ല എന്ന് തോന്നുകയാണെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറെ കാണാൻ മടിക്കരുത്.
സോഴ്സ്: https://www.healthline.com/nutrition/14-reasons-always-hungry#eating-fast