മുളച്ച ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഉരുളക്കിഴങ്ങ് മുളയ്ക്കുമ്പോൾ, അതിലെ ഗ്ലൈക്കോ ആൽക്കലോയിഡ് ഉള്ളടക്കം വർധിക്കും
നമ്മുടെ കറികളിലും മറ്റും പ്രധാനപ്പെട്ട സ്ഥാനം ഉരുളക്കിഴങ്ങിനുണ്ട്, പ്രത്യേകിച്ച് കുട്ടികളുള്ള വീട്ടിൽ. സ്‌കൂളിലേക്ക് ഉച്ചഭക്ഷണത്തിനൊപ്പം കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ഉരുളക്കിഴങ്ങ് വറുത്തതും കറിവെച്ചതുമെല്ലാം.. എന്നാൽ ഉരുളക്കിഴങ്ങ് വാങ്ങി കുറച്ച് ദിവസം കഴിയുമ്പോൾ തന്നെ അത് മുളച്ചു തുടങ്ങും. മുളച്ച ഉരുളക്കിഴങ്ങ് കഴിക്കാമോ എന്ന സംശയം പലർക്കുമുണ്ട്. ഉരുളക്കിഴങ്ങിന്റെ മുളച്ച ഭാഗങ്ങൾ ഒഴിവാക്കിയാണ് പലരും പാകം ചെയ്യാറ്. എന്നാൽ മുളച്ച ഉരുളക്കിഴങ്ങുകൾ വിഷലിപ്തമാണെന്നും അത് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ഉരുളക്കിഴങ്ങിന്റെ മുളച്ച ഭാഗത്ത് ഗ്ലോക്കോ ആൽക്കലൈസ് എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചെറിയ അളവിൽ ശരീരത്തിലെത്തുന്നത് കുഴപ്പമില്ലെങ്കിലും വലിയ അളവിലെത്തുന്നത് അവ വിഷലിപ്തമാകുമെന്ന് ഹെൽത്ത് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഉരുളക്കിഴങ്ങ് മുളയ്ക്കുമ്പോൾ, അതിലെ ഗ്ലൈക്കോ ആൽക്കലോയിഡ് ഉള്ളടക്കം വർധിക്കും.
മുളപ്പിച്ച ഉരുളക്കിഴങ്ങ് കഴിച്ചാലുള്ള ആരോഗ്യപ്രശ്നങ്ങള്‍
ഗ്ലൈക്കോ ആൽക്കലോയിഡ് ഒരു പരിധിയിലധികം ശരീരത്തിലെത്തിയാൽ ഛർദ്ദി, വയറിളക്കം, വയറുവേദന എന്നിവക്ക് കാരണമാകും.വലിയ അളവിൽ കഴിക്കുമ്പോൾ രക്തസമ്മർദ്ദം, പൾസ് കൂടുക, പനി, തലവേദന തുടങ്ങിയവക്ക് കാരണമാകും. ചിലപ്പോൾ അത് മരണത്തിന് വരെ കാരണമാകുമെന്നും ഡോക്ടർമാർ പറയുന്നു. ഗർഭകാലത്ത് ഉരുളക്കിഴങ്ങ് കഴിക്കുന്നത് കുഞ്ഞുങ്ങളിലെ ജനന വൈകല്യങ്ങളുടെ സാധ്യത വർധിപ്പിക്കുമെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഉരുളക്കിഴങ്ങിന്റെ ഇലകൾ, മുളകൾ എന്നിവയിലാണ് ഗ്ലൈക്കോ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുള്ളത്. ഉരുളക്കിഴങ്ങിന്റെ ഭാഗങ്ങളിൽ പച്ച നിറമുണ്ടാകുക, കയ്‌പേറിയ രുചി തുടങ്ങിയവയെല്ലാം ഗ്ലൈക്കോ ആൽക്കലോയിഡ് കൂടുതലായി അടങ്ങിയിട്ടുണ്ടെന്നതിന്റെ അടയാളങ്ങളാണ്. ഉരുളക്കിഴങ്ങിന്റെ മുളകൾ, പച്ച നിറത്തിലുള്ള ഭാഗം, ഇലകൾ എന്നിവ ഒഴിവാക്കുന്നത് മൂലം വിഷബാധയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. കൂടാതെ, തൊലി കളയുന്നതും വറുക്കുന്നതും ഗ്ലൈക്കോ ആൽക്കലോയിഡിന്റെ അളവ് കുറയ്ക്കാൻ സഹായിച്ചേക്കാം. എന്നാൽ ഉരുളക്കിഴങ്ങ് വെള്ളത്തിൽ പുഴുങ്ങുമ്പോഴോ,ബേക്ക് ചെയ്യുന്നതോ, മൈക്രോവേവ് ചെയ്യുന്നതോ കാര്യമായ ഫലം ചെയ്യില്ലെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ മുളച്ചതോ പച്ച നിറത്തിലോ ആയ ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗം.
ഉരുളക്കിഴങ്ങ് മുളക്കാതിരിക്കാൻ ചെയ്യേണ്ടത്
തണുത്തതും ഇരുണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുന്നത് ഉരുളക്കിഴങ്ങ് മുളക്കാനുള്ള സാധ്യത കുറക്കും. ആവശ്യത്തിലധികം ഉരുളക്കിഴങ്ങ് വാങ്ങി സൂക്ഷിക്കാതിരിക്കുന്നതും നല്ലതാണ്. സവാളയുടെ കൂടെ ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നതും മുളക്കാതിരിക്കാൻ സഹായിക്കും.