പുകവലിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കണം അത് നിങ്ങളുടെ സൗന്ദര്യത്തെ ഇല്ലാതാക്കാം
പുകവലിയിലൂടെ രക്തക്കുഴലുകൾ ഇടുങ്ങിയതാകുകയും ചർമ്മത്തിലേക്കുള്ള ഓക്‌സിജന്റെയും പോഷകങ്ങളുടെയും ഒഴുക്ക് കുറയ്ക്കുകയും ചെയ്യും
ക്യാൻസർ, ഹൃദ്രോഗം തുടങ്ങി പല ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്ന ഒന്നാണ് പുകവലി. നിങ്ങളുടെ ചർമ്മത്തെപോലും പുകവലി ദോഷകരമായി ബാധിക്കാം. പുകവലിയിലൂടെ രക്തക്കുഴലുകൾ ഇടുങ്ങിയതാകുകയും ചർമ്മത്തിലേക്കുള്ള ഓക്‌സിജന്റെയും പോഷകങ്ങളുടെയും ഒഴുക്ക് കുറയ്ക്കുകയും ചെയ്യും. പുകവലിക്കുന്ന ആളുകൾക്ക് കൊളാജൻ, എലാസ്റ്റിൻ നാരുകൾ എന്നിവ കുറവായിരിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. പുകവലിക്കുന്നവരുടെ മുഖത്ത് മറ്റുള്ളവരെ അപേക്ഷിച്ച് പിഗ്മെന്റേഷൻ വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ചർമ്മത്തിൽ അകാലമായ ചുളിവുകളും സോറിയാസിസ് അല്ലെങ്കിൽ എക്‌സിമ പോലുള്ള ചർമ്മ അവസ്ഥകൾക്കും പുകവലി കാരണമാകും.
പുകവലി ഉപേക്ഷിക്കുന്നതിന്റെ ഗുണങ്ങൾ
പുകവലി നിർത്തുന്നത് നിങ്ങളുടെ ശരീരത്തിലെ അവയവങ്ങൾക്ക് മാത്രമല്ല ചർമ്മത്തിനും ഗുണം ചെയ്യും. ശരീരത്തിന്റെ നിറവും പിഗ്മെന്റേഷനും മെച്ചപ്പെടുത്തുകയും ചുളിവുകൾ കുറയുകയും ചെയ്യും. 2013ൽ നടത്തിയ പഠനങ്ങൾ പറയുന്നതനുസരിച്ച് പുകവലി ഉപേക്ഷിച്ചതിന് ശേഷം ചർമ്മത്തിന്റെ ചുവപ്പും പുകയില കറയും ഗണ്യമായി കുറഞ്ഞുവെന്ന് കണ്ടെത്തിയിരുന്നു. പ്രായക്കുടുതൽ തോന്നിക്കുന്ന ശരീരത്തിന്റെ ലക്ഷണങ്ങൾ കുറക്കാനും ഇതിലൂടെ സാധിക്കും. പുകവലി കൊളാജൻ ഉൽപാദനത്തെ തടസ്സപ്പെടുത്തുമെന്നതിനാൽ തന്നെ പുകവലി നിർത്തുന്നതിലൂടെ കൊളാജൻ ഉത്പാദനം പുനഃസ്ഥാപിക്കാൻ കഴിയുന്നു.
2019ൽ നടത്തിയ ഒരു ഗവേഷണം അനുസരിച്ച്, പുകവലി നിർത്തി ഒരു മാസത്തിനുള്ളിൽ പ്രായത്തിന്റെ പാടുകളും ഹൈപ്പർപിഗ്മെന്റേഷനും കുറയും. 2013-ലെ പഠനം അനുസരിച്ച് പുകവലി ഉപേക്ഷിച്ച് ഏകദേശം 4-12 ആഴ്ചകൾക്ക് ശേഷം ചർമ്മത്തിന്റെ നിറം മാറാൻ തുടങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പുകവലി ഉപേക്ഷിക്കുന്നതിനു പുറമേ, നിങ്ങളുടെ ചർമ്മത്തെ പുനഃസ്ഥാപിക്കാൻ മറ്റ് ചില കാര്യങ്ങളും ചെയ്യാവുന്നതാണ്. അവശ്യ വിറ്റാമിനുകളും പോഷകങ്ങളും നിറഞ്ഞ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ചർമ്മത്തെ ശക്തിപ്പെടുത്താനും സംരക്ഷിക്കാനും സഹായിക്കും. അതുപോലെ വെള്ളം കുടിക്കുന്നത് ചർമ്മത്തിന്‍റെ ആരോഗ്യവും ജലാംശവും നിലനിർത്താൻ സഹായിക്കും. മദ്യ ഉപഭോഗം കുറയ്ക്കുന്നത് നിർജ്ജലീകരണത്തിന്‍റെ ലക്ഷണങ്ങളെയും കുറയ്ക്കും. നിങ്ങളുടെ മറ്റ് അവയവങ്ങളെപ്പോലെ, നിങ്ങൾ നന്നായി ഉറങ്ങുമ്പോൾ നിങ്ങളുടെ ചർമ്മത്തിനും അതിന്റെ ഗുണം ലഭിക്കുന്നു.
പതിവ് ചർമ്മ സംരക്ഷണ ദിനചര്യ നിലനിർത്തുക. നിങ്ങളുടെ ചർമ്മത്തിന്‍റെ ആരോഗ്യവും ജലാംശവും നിലനിർത്തുന്നതിന് വ്യത്തിയായി കഴുകുന്നതും മോയ്‌സ്ചറൈസിംഗ് ചെയ്യുന്നതും വളരെയധികം സഹായിക്കും. നിങ്ങൾക്ക് ശരിയായ ചർമ്മ സംരക്ഷണ ദിനചര്യയെക്കുറിച്ച് ഉറപ്പില്ലെങ്കിൽ ഒരു ചർമ്മരോഗ വിദഗ്ദനുമായി സംസാരിക്കുക.
വിറ്റാമിൻ സി സെറമുകൾക്ക് ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തിന് തിളക്കം നൽകാനും കഴിയും. അതേസമയം, ഹൈപ്പർപിഗ്മെന്റേഷന്റെയും പ്രായത്തിന്റെ പാടുകളുടെയും രൂപം ലഘൂകരിക്കാൻ നിയാസിനാമൈഡിന് കഴിയും. ചുളിവുകളെ ചെറുക്കുന്നതിനും റെറ്റിനോൾ വളരെ ഫലപ്രദമാണ്. ഇത്തരം ഉൽപ്പന്നങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും നിറവ്യത്യാസം കുറയ്ക്കാനും സഹായിക്കുന്ന മൈക്രോനീഡ്‌ലിംഗ്, ഡെർമൽ ഫില്ലറുകൾ, ലേസർ റീസർഫേസിംഗ് ട്രീറ്റ്മെന്റുകൾ തുടങ്ങിയ നിരവധി ചികിത്സാരീതികളും ഉപയോഗപ്പെടുത്താവുന്നതാണ്.