വിഷാദരോഗം നിങ്ങളെ അലട്ടുന്നുണ്ടോ? ലക്ഷണങ്ങളും പ്രതിവിധികളും
ജോലി, ഉറക്കം , ഭക്ഷണം പോലുള്ള ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും വിഷാദരോഗം ഒരു വെല്ലുവിളിയായി മാറാറുണ്ട്
പലരുടെയും നിത്യ ജീവിതത്തെ പോലും വല്ലാതെ ബാധിക്കുന്ന ഒന്നാണ് വിഷാദരോഗം. ജോലി, ഉറക്കം , ഭക്ഷണം പോലുള്ള ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും വിഷാദരോഗം ഒരു വെല്ലുവിളിയായി മാറാറുണ്ട്. ജോർജ്ജ് മേസൺ യൂണിവേഴ്‌സിറ്റി ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ജെയിംസ് മാഡക്‌സ് പറയുന്നതനനുസരിച്ച് വ്യക്തികളുടെ ചിന്തകളുടെ ഭാഗമായാണ് വിഷാദവും ഉത്കണ്ഠയും ഉണ്ടാകുന്നത്. വിഷാദത്തിന്റെ വൈകാരികവും മാനസികവും ശാരീരികവുമായ ആഘാതങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം? അല്ലെങ്കിൽ നമുക്ക് പ്രിയപ്പെട്ട ഒരാള്‍ക്ക് ഇത്തരമൊരു അവസ്ഥ വരുമ്പോള്‍ എങ്ങനെ അവർക്ക് പിന്തുണ നൽകേണ്ടത് എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ജെയിംസ് മാഡക്‌സ് വിശദീകരിക്കുന്നുണ്ട്.
വിഷാദരോഗത്തിന്റെ കാരണങ്ങൾ
. ബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ
. മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ദുരുപയോഗം
. ജീവിതത്തിൽ പെട്ടന്നുണ്ടാകുന്ന മാറ്റങ്ങള്‍
. ചില മരുന്നുകളുടെ അമിത ഉപയോഗം
. തലച്ചോറിന്റെ മുൻഭാഗത്തെ പ്രവർത്തനത്തിലെ മാറ്റങ്ങൾ
. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെയും ഹൈപ്പോതലാമസിന്റെയും ഹോർമോൺ പ്രതികരണങ്ങൾ
. ഉത്കണ്ഠ, ശ്രദ്ധക്കുറവ്/ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി), ഹൈപ്പോതൈറോയിഡിസം, വിട്ടുമാറാത്ത വേദന തുടങ്ങിയ ശാരീരിക അവസ്ഥകളും വിഷാദരോഗത്തിന് കാരണമാകാം.
വിഷാദരോഗ ലക്ഷണങ്ങൾ
. ഉറക്കത്തിലും ഭക്ഷണരീതിയിലും വരുന്ന മാറ്റങ്ങൾ
. നിരാശ
. ദൈനംദിന പ്രവർത്തനങ്ങളിലെ താൽപര്യ കുറവ്
. ആത്മഹത്യാപരമായ ചിന്തകൾ
. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പ്രശ്നം
. പ്രവർത്തന നിലവാരം കുറയുന്നത്
. ഊർജ്ജത്തിന്റെ അഭാവം
. ശരീര വേദന
വിഷാദരോഗം എങ്ങനെ കൈകാര്യം ചെയ്യാം
. വിഷാദരോഗമുള്ള വ്യക്തിക്ക് കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി എന്നറിയപ്പെടുന്ന ഒരു തരം തെറാപ്പിയുടെ ഭാഗമായി നിരവധി സ്വയം പരിചരണ രീതികള്‍ ആരോഗ്യവിദഗ്ദർ ശിപാർശ ചെയ്യുന്നു. ഇത് ആളുകള്‍ക്ക് അവരുടെ നെഗറ്റീവ് ചിന്താ രീതികൾ തിരിച്ചറിയാനും അവ മാറ്റാനും സഹായിക്കും.
. എന്താണ് ചിന്തിക്കുന്നതെന്നും തോന്നുന്നതിനെക്കുറിച്ചും കൂടുതൽ ബോധവാന്മാരാകുമ്പോൾ അതിനെ കൂടുതൽ നിയന്ത്രിക്കാൻ നമുക്ക് കഴിയും .
. വിഷാദരോഗത്തെ ചികിത്സിക്കുന്നതിൽ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം . നിലവാരമുള്ള ഉറക്കം ലഭിക്കുന്നത് മാനസിക ആരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും വരെ മെച്ചപ്പെടുത്തും.
. വിഷാദരോഗമുള്ള വ്യക്തി നിഷ്ക്രിയനായിരിക്കും. അതിനാൽ ഇത്തരക്കാർ വ്യായാമം ചെയ്യുന്നത് നല്ലതാണ്
. ബന്ധങ്ങളിൽ ഉണ്ടാകുന്ന തകർച്ചമൂലമാണ് വിഷാദരോഗം ഉണ്ടാകുന്നതെങ്കിൽ ഇന്റർപേഴ്‌സണൽ തെറാപ്പി എന്ന ചികിത്സാരീതി ഉപയോഗിക്കാവുന്നതാണ്
. കൂടാതെ, നിങ്ങളുടെ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും മെച്ചപ്പെടുത്താനും സഹായിക്കുന്നതിന് ഒരു വിഷാദരോഗത്തിനുള്ള മരുന്ന് നിങ്ങളുടെ ഡോക്ടർ നിർദ്ദേശിച്ചേക്കാം. അവയിൽ പ്രോസാക് പോലുള്ള സെലക്ടീവ് സെറോടോണിൻ റീഅപ്‌ടേക്ക് ഇൻഹിബിറ്ററുകളും (എസ്എസ്ആർഐ) സിംബാൽറ്റ പോലുള്ള സെറോടോണിൻ, നോർപിനെഫ്രിൻ റീഅപ്‌ടേക്ക് ഇൻഹിബിറ്ററുകളും (എസ്എൻആർഐ) ഉൾപ്പെടുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട ആർക്കെങ്കിലും ഇത്തരത്തിൽ വിഷാദരോഗം മൂലം ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ നിങ്ങള്‍ക്ക് ചെയ്യാൻ കഴിയുന്ന കാര്യം ഒരു നല്ല ശ്രോതാവാകുക എന്നതാണ്. ഒരു വ്യക്തി ആവശ്യപ്പെടുന്നില്ലെങ്കിൽ ഉപദേശം നൽകാതിരിക്കുക എന്നതും നല്ല ശ്രോതാവിന്‍റെ ലക്ഷണമാണ്