ഉറക്കം കുറവാണോ? വയർ ചാടും; സ്‌ട്രോക്കിനും അൾഷിമേഴ്‌സിനും സാധ്യതയെന്നും പുതിയ പഠനം

"പ്രായം കുറഞ്ഞ, ആരോഗ്യമുള്ള, മെലിഞ്ഞ വ്യക്തികളിൽ പോലും ഉറക്കക്കുറവ് ഉണ്ടാക്കുന്ന പ്രത്യാഘാതം വലുതാണ്..."

Update: 2022-04-04 08:38 GMT
Editor : André | By : Web Desk
Advertising

ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലെങ്കിൽ ബെല്ലി ഫാറ്റ് (Belly Fat - വയറ്റിലെ കൊഴുപ്പ്) കൂടാനും അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാനും സാധ്യത അധികമെന്ന് പഠനം. അമേരിക്കയിലെ മയോ ക്ലിനിക്കിലെ ഗവേഷകരാണ് ആരോഗ്യമുള്ള 12 പേരിൽ ആഴ്ചകളോളം പരീക്ഷണം നടത്തി ഇക്കാര്യം കണ്ടെത്തിയത്. ആവശ്യമായ ഉറക്കം ലഭിക്കുന്നവർ അൾഷിമേഴ്‌സ്, സ്‌ട്രോക്ക്, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്ക് കാരണമാകുന്ന വിസറൽ കൊഴുപ്പിൽ (Visceral Fat) നിന്ന് രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.

പരീക്ഷണം ഇങ്ങനെ

പൊണ്ണത്തടിയില്ലാത്ത, ആരോഗ്യമുള്ള 19-നും 39-നും ഇടയിൽ പ്രായമുള്ളവരെയാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ആദ്യത്തെ നാലു ദിവസം എല്ലാവരെയും ഒമ്പത് മണിക്കൂർ വീതം ഉറങ്ങാൻ അനുവദിച്ചു. അടുത്ത രണ്ടാഴ്ച ഇതിൽ പകുതിയാളുകൾക്ക് നാല് മണിക്കൂർ മാത്രം ഉറക്കമാണ് അനുവദിച്ചത്. ബാക്കിയുള്ളവർക്ക് ഒമ്പത് മണിക്കൂർ തന്നെ ഉറക്കം നൽകി. അതിനു ശേഷം രണ്ട് കൂട്ടരെയും മൂന്നു ദിവസം ഒമ്പത് മണിക്കൂർ വീതം ഉറങ്ങാൻ അനുവദിച്ചു.

പരീക്ഷണ ഘട്ടത്തിൽ ഇവർക്ക് ഇഷ്ടമുള്ള രീതിയിൽ ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം നൽകിയിരുന്നു. ഉറക്കം കുറവുള്ളവർ ഓരോ ദിവസവും, ഉറങ്ങുന്നവരേക്കാൾ 300 കലോറി വീതം അധികമാണ് ഭക്ഷിച്ചത്. ഉറക്കം കുറവുള്ളവരിൽ 9 ശതമാനം വരെ ബെല്ലി ഫാറ്റും 11 ശതമാനം വരെ വിസറൽ ഫാറ്റും വർധിച്ചതായി കണ്ടെത്തി. വയറിനകത്തെ അവയവങ്ങളിൽ ആഴത്തിൽ പറ്റിപ്പിടിക്കുകയും അൾഷിമേഴ്‌സ്, സ്‌ട്രോക്ക്, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നതാണ് വിസറൽ ഫാറ്റ്.

'ഉറക്കം കുറവാണെങ്കിൽ പ്രായം കുറഞ്ഞ, മെലിഞ്ഞ, ആരോഗ്യമുള്ള വ്യക്തികൾ പോലും കൂടുതൽ കലോറി അകത്താക്കാനും ചെറിയ തോതിൽ വണ്ണംവെക്കാനും ഗണ്യമായ അളവിൽ വയറിനകത്ത് കൊഴുപ്പ് അടിഞ്ഞുകൂടാനും സാധ്യതയുണ്ടെന്നാണ് ഞങ്ങളുടെ പഠനം പറയുന്നത്.' - മയോക്ലിനിക്കിലെ കാർഡിയോവസ്‌കുലാർ, സ്ലീപ്പ് മെഡിസിൻ വിഭാഗത്തിലെ ഗവേഷകൻ വിരെന്ദ് സോമേഴ്‌സ് പറയുന്നു.

 

പ്രത്യാഘാതം ദീർഘകാലം

ഉറക്കക്കുറവ് പൊണ്ണത്തടിക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങളുണ്ടെങ്കിലും ഇതാദ്യമായാണ് കൊഴുപ്പിന്റെ വിതരണവും ഉറക്കക്കുറവും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തുന്നത്. സാധാരണഗതിയിൽ കൊഴുപ്പ് തൊലിക്കടിയിലാണ് ഉണ്ടാകാറുള്ളത്. എന്നാൽ, ഉറക്കം കുറവാകുമ്പോൾ ഇത് കൂടുതൽ ഉൾഭാഗത്തേക്കു പോയി ആന്തരികാവയവങ്ങൾക്കു ചുറ്റും അപകടകരമായ രീതിയിൽ നിക്ഷേപിക്കപ്പെടുന്നു. ഇങ്ങനെ നിക്ഷേപിക്കപ്പെട്ട വിസറൽ കൊഴുപ്പ്, പിന്നീട് ശരിയായ ഉറക്കം ലഭിച്ച ഘട്ടത്തിൽ പോലും സാധാരണഗിതിയിലാകുന്നില്ലെന്നാണ് ഗവേഷണം തെളിയിക്കുന്നതെന്ന് വിരെന്ദ് സോമേഴ്‌സ് പറയുന്നു.

പരീക്ഷണത്തിൽ, കുറഞ്ഞ ഉറക്കം നൽകപ്പെട്ട വ്യക്തികൾ ഗണ്യമായ തോതിൽ വണ്ണം വെച്ചില്ലെങ്കിലും ആന്തരികാവയവങ്ങൾക്കു ചുറ്റും വിസറൽ കൊഴുപ്പ് കാര്യമായിത്തന്നെ അടിഞ്ഞുകൂടിയിരുന്നു. വിസറൽ കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞത് സി.ടി സ്‌കാൻ നടത്തിയതു കൊണ്ടു മാത്രമാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ നൈമ കൊവാസ്സിൻ വ്യക്തമാക്കി.

അമേരിക്കയിൽ മുതിർന്നവരിൽ മൂന്നിലൊരു ഭാഗത്തിനും ആവശ്യമായ ഉറക്കം ലഭിക്കുന്നില്ലെന്നാണ് കണക്ക്. ജോലി ഷിഫ്റ്റുകളും സ്മാർട്ട് ഡിവൈസുകളുടെ ഉപയോഗവും സോഷ്യൽ നെറ്റ്‌വർക്കുകളിൽ സമയം ചെലവിടുന്നതുമാണ് ഇതിന് കാരണമാകുന്നത്.

(Summary: Bad sleep leads to belly fat and other health issues, a new study by the researchers of Mayo clinic suggests)

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News