കാൻസർ മുതൽ പഠനവൈകല്യം വരെ...; ബാൻഡ് എയ്ഡുകളില്‍ ഉയര്‍ന്ന അളവില്‍ രാസവസ്തുക്കളടങ്ങിയിട്ടുണ്ടെന്ന് പഠനറിപ്പോർട്ട്
പി.എഫ്.എ.എസ് ശരീരത്തിലെത്തിയാൽ വർഷങ്ങളോളം നിലനിൽക്കുമെന്ന് ഗവേഷകര്‍ പറയുന്നു
ന്യൂയോര്‍ക്ക്: കൈയിലോ കാലിലോ ചെറിയൊരു മുറിവ് പറ്റിയാൽ പോലും ബാന്ഡ് എയ്ഡുകള്‍ ഒട്ടിക്കുന്നവരാണ് ഒട്ടുമിക്ക പേരും. വീടുകളിലും,സ്ഥാപനങ്ങളിലും ഫസ്റ്റ് എയ്ഡഡ് ബോക്‌സുകളിൽ ബാൻഡ് എയ്ഡുകള്‍ എപ്പോഴുമുണ്ടാകും. എന്നാൽ ബാൻഡ് എയ്ഡുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരെ ഞെട്ടിക്കുന്ന വിവരമാണ് യു.എസില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ബാൻഡ് എയ്ഡുകളില്‍ അപകടകരമായ അളവിൽ രാസ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് പഠനറിപ്പോർട്ട് പറയുന്നു.
ഫോർ എവർ കെമിക്കൽസ് എന്ന് വിളിക്കപ്പെടുന്ന പെർ, പോളിഫ്‌ലൂറിനേറ്റഡ് പദാർഥങ്ങൾ അഥവാ പി.എഫ്.എ.എസ് അടങ്ങിയിട്ടുണ്ടെന്ന് പരിസ്ഥിതി വെൽനസ് ബ്ലോഗായ മാമാവേഷൻ ആൻഡ് എൻവയോൺമെന്റ് ആൻഡ് ഹെൽത്ത് ന്യൂസ് നടത്തിയ പഠനറിപ്പോർട്ടിൽ പറയുന്നു. ഇവ കാൻസർ ഉൾപ്പടെ മാരകമായ നിരവധി അസുഖങ്ങൾക്ക് കാരണമായേക്കുമെന്നും പഠനത്തിൽ പറയുന്നു. കാൻസറിന് പുറമെ കുട്ടികളുടെ പഠന-വികസന പ്രശ്‌നങ്ങൾ, പൊണ്ണത്തടി, പ്രത്യുൽപാദനം, എൻഡോക്രൈൻ തകരാറുകൾ, പ്രതിരോധ ശേഷി കുറയൽ, കരൾ പ്രശ്നങ്ങൾ, തൈറോയ്ഡ് പ്രശ്നങ്ങൾ, ജനന വൈകല്യങ്ങൾ, വൃക്കരോഗങ്ങൾ തുടങ്ങിയവക്കും ഈ രാസവസ്തുക്കള്‍ കാരണമായേക്കും.
യു.എസിലെ 18 ബ്രാൻഡുകളിലെ 40 ഓളം വ്യത്യസ്ത ബാൻഡേജുകളിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇതിൽ 26 എണ്ണത്തിലും അമിത രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ രാസവസ്തുക്കൾ മുറിവുകളിലൂടെ രക്തപ്രവാഹത്തിൽ പ്രവേശിച്ച് വിവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുവെന്നും ഗവേഷകർ പറയുന്നു. ഇത് ആശങ്കാജനകമാണെന്ന് ശാസ്ത്രജ്ഞയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് സയൻസസിന്റെ മുൻ ഡയറക്ടറുമായ ലിൻഡ എസ്. ബിർൺബോം പറഞ്ഞു. പി.എഫ്.എ.എസ് ശരീരത്തിലെത്തിയാൽ വർഷങ്ങളോളം നിലനിൽക്കും. മുൻകരുതൽ എന്ന നിലയിൽ ബാൻഡ് എയ്ഡുകൾ വാങ്ങുന്നതിന് മുമ്പ് അവ പി.എഫ്.എ.എസ് മുക്തമാണെന്ന് പരിശോധിക്കണമെന്നും ഗവേഷകർ പറയുന്നു.
എന്നാല്‍ മിക്ക കമ്പനികളും ഉൽപ്പന്നങ്ങളിൽ പി.എഫ്.എ.എസ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നില്ലെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വതന്ത്രമായ പരിശോധനകളില്‍ ഡെൻ്റൽ ഫ്ലോസ്, ടോയ്‌ലറ്റ് പേപ്പർ തുടങ്ങിയവയില്‍ പി.എഫ്.എ.എസ് കൂടുതലായി അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ചൂട്, ഗ്രീസ്, ഓയിൽ,കറ, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന സിന്തറ്റിക് രാസവസ്തുക്കളാണ് പോളിഫ്‌ലൂറോ ആൽക്കൈൽ പദാർത്ഥങ്ങൾ. ബാൻഡ്എയ്ഡിന് പുറമെ നോൺസ്റ്റിക് കുക്ക് വെയര്,ഷാംപൂ,മേക്ക്അപ് വസ്തുക്കൾ എന്നിവയിലും ഇത് ക്രമാതീതമായ അളവിൽ അടങ്ങിയിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു.