മാങ്ങ കഴിക്കും മുൻപ് അരമണിക്കൂർ വെള്ളത്തിൽ കുതിർത്തുവെച്ചോളൂ; കാരണമിതാണ്...
കീടനാശിനികള്‍ അടിച്ചായിരിക്കും മാമ്പഴങ്ങളില്‍ ഒട്ടുമിക്കതും വിപണിയിലെത്തുന്നത്
വേനൽച്ചൂടിനെ പ്രതിരോധിക്കാൻ നന്നായി വെള്ളം കുടിക്കുന്നതിനോടൊപ്പം തന്നെ ധാരാളം പഴങ്ങളും കഴിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ വേനൽക്കാലത്ത് സുലഭമായി ലഭിക്കുന്ന പഴങ്ങളിലൊന്നാണ് മാമ്പഴം. രുചി മാത്രമല്ല, നിരവധി ആരോഗ്യഗുണങ്ങളും അടങ്ങിയ പഴങ്ങളിലൊന്നാണ് മാമ്പഴം.വിറ്റമിൻ സി,വിറ്റമിൻ എ,പൊട്ടാസ്യം,മഗ്നീഷ്യം തുടങ്ങി ധാരാളം പോഷകങ്ങൾ മാങ്ങയിൽ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഹൃദയാരോഗ്യത്തിനും കോശവളർച്ചക്കുമെല്ലാം മാമ്പഴം സഹായിക്കുന്നു. എന്നാൽ മാമ്പഴം കഴിക്കുന്നതിന് മുമ്പ് അരമണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തുവെക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. അതിന്റെ കാരണങ്ങൾ എന്താണെന്ന് നോക്കാം.
കീടനാശിനികൾ നീക്കം ചെയ്യാൻ
നാട്ടിൻപുറങ്ങളിലെല്ലാം മിക്ക വീടുകളിലും മാങ്ങ വീട്ടിൽ തന്നെയുണ്ടാകും.എന്നാൽ നഗരപ്രദേശങ്ങളിൽ കടയിൽ നിന്നാകും മിക്കവരും വാങ്ങുന്നത്. ഇങ്ങനെ വാങ്ങുന്ന മാമ്പഴത്തിൽ ധാരാളം അഴുക്കും അണുക്കളും അടങ്ങിയിട്ടുണ്ടാകും. ഇതിന് പുറമെ ഒട്ടുമിക്ക പഴങ്ങളെപ്പോലെതന്നെ മാമ്പഴത്തിലും കീടനാശിനികളും അടിച്ചായിരിക്കും വിപണിയിലെത്തുക. ഇത്തരം കെമിക്കലുകൾ നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. ഇത് ഒഴിവാക്കാനായി മാങ്ങ കഴിക്കുന്നതിന് മുമ്പ് വെള്ളത്തിൽ മുക്കിവെച്ച് നന്നായി വൃത്തിയാക്കി കഴുകിയതിന് ശേഷം മാത്രം മുറിച്ച് കഴിക്കാം.
മാങ്ങ കുതിർക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ അൽപം വിനാഗിരി കൂടി ചേർത്ത് ഒന്നോ രണ്ടോ മണിക്കൂർ കുതിർത്ത് വെക്കുന്നത് നല്ലതാണെന്ന് യശോദ ഹോസ്പിറ്റൽസിലെ സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. ദിലീപ് ഗുഡെ ടൈംസ് നൗവിനോട് പറഞ്ഞു. മുറിച്ച മാങ്ങാ കഷണം 10 മിനിറ്റ് ചെറുചൂടുള്ള വെള്ളത്തിൽ വയ്ക്കുക. വെള്ളം മഞ്ഞനിറമോ അല്ലെങ്കിൽ കളർവ്യത്യാസമോ വരികയാണെങ്കിൽ അത് പഴുക്കാനായി കാൽസ്യം കാർബൈഡ് ഉപയോഗിച്ചിട്ടുണ്ടെന്ന് മനസിലാക്കാമെന്നും അദ്ദേഹം പറയുന്നു.
ഫെറ്റിക് ആസിഡ് നീക്കം ചെയ്യാൻ
മാമ്പഴത്തിൽ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ സിങ്ക്,ഇരുമ്പ്,ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതിന്റെ സ്വാഭാവിക പ്രക്രിയയെ തടസപ്പെടുത്തും.കാലക്രമേണ ശരീരത്തിൽ ധാതുക്കളുടെ അഭാവത്തിന് കാരണമാകുന്നു. തലവേദന,മലബന്ധം തുടങ്ങിയവക്ക് കാരണമാകുകയും ചെയ്യും. വെള്ളത്തിൽ കുതിർത്തി വെക്കുന്നത് മൂലം ഫെറ്റിക് ആസിഡ് പുറന്തള്ളപ്പെടും.
പുറംതൊലി മൃദുവാകാൻ
മാങ്ങ വെള്ളത്തിലിട്ട് വെക്കുന്നത് മൂലം അതിന്റെ പുറംതൊലി നന്നായി മൃദുവാകും. കട്ടിയുള്ള മാങ്ങയാണെങ്കിൽ തൊലി എളുപ്പത്തിൽ നീക്കം ചെയ്യാൻ ഇതുവഴി സഹായിക്കും.