ടിടി എടുത്തശേഷം കോവിഡ് വാക്സിന്‍ സ്വീകരിച്ചാല്‍ മരണം സംഭവിക്കുമോ?
നൂറു വർഷത്തോളം ചരിത്രമുള്ള വാക്സിനാണ് ടെറ്റനസ് ടോക്സോയ്‌ഡ് എന്ന ടി ടി. ഈ കുത്തിവെപ്പ് എടുക്കാത്ത ആൾക്കാർ ഉണ്ടാവില്ല
ടെറ്റനസ് വാക്സിൻ (ടിടി കുത്തിവെപ്പ്) സ്വീകരിച്ച ഉടനെ കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർ മരിക്കുമെന്ന നുണ പ്രചരണം വാട്സാപ്പിൽ നന്നായി ഓടുന്നുണ്ട്. എന്താണ് ഇതിന്‍റെ സത്യാവസ്ഥ?
നൂറു വർഷത്തോളം ചരിത്രമുള്ള വാക്സിനാണ് ടെറ്റനസ് ടോക്സോയ്‌ഡ് എന്ന ടി ടി. ഈ കുത്തിവെപ്പ് എടുക്കാത്ത ആൾക്കാർ ഉണ്ടാവില്ല എന്നുതന്നെ പറയാം. ഡിഫ്തീരിയ, പെർട്ടൂസിസ് വാക്സിനുകൾ ടെറ്റനസ് വാക്സിന് ഒപ്പം പണ്ടു മുതലേ ഡി.പി.ടി ആയി നൽകിവരുന്നുണ്ട്. തൊണ്ണൂറുകളോടെ ഹെപ്പറ്റൈറ്റിസ്-ബി, ഹീമോഫിലസ് ഇൻഫ്ലുവെൻസ വാക്സിനും ഈ കൂടെ ചേർത്തു (പെന്റാവലന്റ് വാക്‌സിൻ). ഏതാണ്ട് അഞ്ചു വർഷം മുൻപു മുതൽ ഇൻജക്റ്റബിൾ പോളിയോ വാക്സിൻ കൂടെ ചേർക്കുകയുണ്ടായി (ഹെക്സാവലന്റ് വാക്‌സിൻ). ഇതിനൊപ്പം തന്നെ റോട്ടാവൈറസ് വാക്സിൻ, ന്യൂമൊകോക്കൽ വാക്സിൻ, ജപ്പാനീസ് എൻകഫലൈറ്റിസ് വാക്‌സിൻ ഒക്കെ ഒരുമിച്ച് എടുത്താലും പ്രശ്നം ഉള്ളതല്ല. നിലവിലുള്ള ഏതു വാക്സിനൊപ്പവും നൽകാവുന്ന ഒരു വാക്സിനാണ് ഇൻജക്ഷൻ ടി ടി. അത് ഒരേ സമയമോ കുറച്ചു ദിവസങ്ങളുടെ ഇടവേളകളിലോ ആവാം, ഒരു കുഴപ്പവുമില്ല.
രണ്ടുതരം വാക്സിൻ ഒരേസമയം നൽകുമ്പോൾ വിലയിരുത്തേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ഒരേസമയം നൽകുമ്പോൾ ഏതെങ്കിലും വാക്സിൻ ഫലപ്രാപ്തി നൽകാതിരിക്കുമോ ? രണ്ട് വാക്സിൻ ഒരേസമയം നൽകുമ്പോൾ സുരക്ഷിതത്വ പ്രശ്നങ്ങൾ ഉണ്ടോ ?
ടെറ്റനസ് വാക്സിൻ വേറെ ഏത് വാക്സിന് ഒപ്പം നൽകിയാലും രണ്ടിന്റെയും ഫലപ്രാപ്തി കുറയുന്നില്ല. സുരക്ഷിതത്വ പ്രശ്നവുമില്ല. ഇന്ത്യയിൽ കൊവിഡ് വാക്സിൻ നൽകുന്നതിനുള്ള മാർഗ്ഗനിർദേശ പ്രകാരം മറ്റേതെങ്കിലും വാക്സിൻ സ്വീകരിച്ചവർ രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം കോവിഡ് വാക്സിൻ സ്വീകരിച്ചാൽ മതി എന്നാണ്. പുതിയ ഒരു വാക്സിൻ, ബൃഹത്തായ ഒരു പദ്ധതിയുടെ ഭാഗമായി നൽകുമ്പോൾ അങ്ങേയറ്റത്തെ ജാഗ്രത എന്നുള്ള നിലയിൽ രൂപീകരിച്ച നിർദ്ദേശങ്ങൾ ആണിത്. അതിനർത്ഥം മറ്റേതെങ്കിലും വാക്സിൻ സ്വീകരിച്ച ഉടൻ കൊവിഡ് വാക്സിൻ സ്വീകരിച്ചാൽ മരണം സംഭവിക്കും എന്നല്ല.അത് തികച്ചും തെറ്റായ ഒരു ധാരണയാണ്.
സെന്‍റര്‍ ഫോർ ഡിസിസ് കണ്ട്രോൾ (CDC) ഈ വിഷയത്തിലുള്ള മാർഗ്ഗനിർദേശം പുതുക്കി നൽകിയിട്ടുണ്ട്. ഇത് പ്രകാരം കോവിഡ് വാക്‌സിൻ മറ്റേത് വാക്‌സിനോടൊപ്പവും ഒരേ ദിവസം നൽകാവുന്നതാണ്. കുത്തിവയ്പ്പെടുക്കുന്ന ഭാഗത്തെ വേദനയും മറ്റു പ്രശ്നങ്ങളും കുറയ്ക്കാൻ രണ്ടു കുത്തി വയ്പ്പും രണ്ടു ശരീരഭാഗങ്ങളിൽ എടുക്കാവുന്നതാണ്. ഇത്തരത്തിലുള്ള നുണ പ്രചരണങ്ങളുടെ ഭാഗം ആകാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് ഒരു പൗരൻ എന്ന നിലയിൽ ചെയ്യേണ്ടത്.
എഴുതിയത്; ഡോ.പുരുഷോത്തമന്‍ കെ.കെ, ഡോ. അശ്വിനി രംഗനാഥ്, ജിനേഷ് പി.എസ്