ചൈനയിൽ H10N3 വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചു; ലോകത്ത് ആദ്യം
പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങൾ ചൈനയിൽ ഈയിടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്
ബീജിങ്: പക്ഷിപ്പനിയുടെ വകഭേദമായ H10N3 ലോകത്ത് ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചു. ചൈനയിലെ കിഴക്കൻ പ്രവിശ്യയായ ജിയാങ്‌സുവിൽ 41കാരനിലാണ് രോഗം കണ്ടെത്തിയത്. പനിയെ തുടർന്ന് ഏപ്രിൽ 28നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു തന്നെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
ആശങ്ക വേണ്ടെന്നും H10N3 വൈറസ് പടർന്നുപിടിക്കാനുള്ള സാധ്യത കുറവാണെന്നും ചൈനീസ് നാഷണൽ ഹെൽത്ത് കമ്മിഷൻ (എൻഎച്ച്‌സി) അറിയിച്ചു. രോഗിയുമായി സമ്പർക്കമുള്ളവരെ നിരീക്ഷിച്ചു വരികയാണ് എന്നും ആരിലും രോഗബാധ കണ്ടെത്തിയിട്ടില്ലെന്നും എൻഎച്ച്‌സി വൃത്തങ്ങൾ വ്യക്തമാക്കി.
പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങൾ ചൈനയിൽ ഈയിടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പൗൾട്രി ഫാമുകളിൽ ജോലി ചെയ്യുന്നവർക്കാണ് രോഗബാധയുണ്ടാകുന്നത്. നേരത്തെ, 2016-17ൽ പക്ഷിപ്പനിയുടെ എച്ച്7എൻ9 വകഭേദം മൂലം മൂന്നൂറിലേറെ പേർ മരണത്തിന് കീഴടങ്ങിയിരുന്നു. അതിനു ശേഷം വലിയ തോതിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ല.