ദിവസം ഒന്നിലധികം തവണ തലവേദന ഉണ്ടാകാറുണ്ടോ! സൂക്ഷിക്കണം, ഹൃദ്രോഗമടക്കം പിന്നാലെയെത്തും

സ്ത്രീകളെക്കാൾ പുരുഷന്മാരെയാണ് ക്ലസ്റ്റർ തലവേദന കൂടുതലായും ബാധിക്കുന്നത്

Update: 2022-12-16 16:26 GMT
Editor : banuisahak | By : Web Desk
Advertising

തലവേദന വിട്ടൊഴിയാതെ പലരും ബുദ്ധിമുട്ടാറുണ്ട്. ഇത്തരം തലവേദനയുടെ ഒരു കൂട്ടാത്തെ ക്ലസ്റ്റര്‍ തലവേദനയെന്ന് വിളിക്കാറുണ്ട്. ദിവസവും 1 മുതല്‍ 8 തവണ വരെ ഉണ്ടാകാവുന്ന തലവേദനയാണിത്. ഇവ ഒരാഴ്ചയോ മാസങ്ങളോ വരെ നീണ്ടുനിൽക്കാം. ഇങ്ങനെ ദിവസവും ഒന്നിലധികം തവണ തലവേദന ഉണ്ടാകുന്നവർക്ക് മറ്റ് രോഗങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഹൃദ്രോഗം, മാനസിക വൈകല്യങ്ങൾ, മറ്റ് ന്യൂറോളജിക്കൽ രോഗങ്ങൾ എന്നിവയുണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണെന്ന് അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കൽ ജേണലായ ന്യൂറോളജിയുടെ ഓൺലൈൻ ലക്കത്തിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

സ്വീഡനിലെ 16-64 വയസ്സിനിടയിൽ ക്ലസ്റ്റർ തലവേദനയുള്ള 3,240 പേരിലാണ് പഠനം നടത്തിയത്. ഇവരെ പ്രായത്തിലും ലിംഗത്തിലും മറ്റ് ഘടകങ്ങളിലും സമാനമായ 16,200 ആളുകളുമായി താരതമ്യം ചെയ്തു. കൂട്ടത്തിൽ അധികവും പുരുഷന്മാർ ആയിരുന്നു. ക്ലസ്റ്റർ തലവേദനയുള്ളവരിൽ രോഗവും വൈകല്യവും കാരണം ഒരു വർഷത്തിൽ എത്ര ദിവസം ആളുകൾ ജോലിക്ക് ഹാജരായില്ല എന്ന് നിർണയിക്കാൻ ഗവേഷകർ ജോലി രേഖകളും വൈകല്യ ആനുകൂല്യങ്ങളും പരിശോധനവിധേയമാക്കി. 

ക്ലസ്റ്റർ തലവേദനയുള്ളവരിൽ, 92 ശതമാനം അല്ലെങ്കിൽ 2,977 ആളുകൾക്ക് ഒരു അധിക രോഗമെങ്കിലും ഉണ്ടായിരുന്നുവെന്ന് ഇതിലൂടെ കണ്ടെത്തുകയും ചെയ്തു. ക്ലസ്റ്റർ തലവേദനയുള്ളവരിൽ, പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക് അധിക രോഗങ്ങളുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. 

കണ്ണുകൾക്ക് ചുറ്റുമോ പിന്നിലോ ഉണ്ടാകുന്ന വേദന, അസ്വസ്ഥത, ചുവന്നതോ നിറഞ്ഞതോ ആയ കണ്ണുകള്‍, വീങ്ങിയ കൺപോളകൾ തുടങ്ങിയവയാണ് ക്ലസ്റ്റര്‍ തലവേദനയുടെ ലക്ഷണങ്ങൾ. എന്നാൽ, കൃത്യമായ കാരണം എന്തെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. തലച്ചോറിലെ ഹൈപ്പോതലാമസിലെ പ്രശ്‌നമാണ് ഇതിന്റെ പ്രധാന കാരണമെന്ന് റിപ്പോർട്ടുകളുണ്ട്. സ്ത്രീകളെക്കാൾ പുരുഷന്മാരെയാണ് ക്ലസ്റ്റർ തലവേദന കൂടുതലായും ബാധിക്കുന്നത്. 20 നും 40 നും ഇടയില്‍ പ്രായമുള്ളവരിലാണ് ഇത് കൂടുതലായും അനുഭവപ്പെടുന്നത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News