വാക്‌സിനെടുത്ത ശേഷം ഈ പാർശ്വഫലങ്ങൾ നിങ്ങൾക്കുണ്ടോ? ആശങ്ക വേണ്ട

വാക്‌സിനെടുത്താൽ പാർശ്വഫലങ്ങൾ സാധാരണമാണെന്നും അതിൽ പേടിക്കേണ്ടതില്ലെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്

Update: 2021-05-28 13:32 GMT
Editor : Shaheer | By : Web Desk
Advertising

കോവിഡ് ഭീതിയിൽനിന്ന് രക്ഷപ്പെടണമെങ്കിൽ വാക്‌സിനേഷൻ മാത്രമാണ് മുൻപിലുള്ള ഒരേയൊരു വഴിയെന്ന് നമ്മൾക്കറിയാം. വാക്‌സിനെടുത്താൽ വൈറസ് വ്യാപനം തടയാനാകും. ഈ വർഷം അവസാനത്തോടെ രാജ്യത്ത് വാക്‌സിനേഷൻ പൂർത്തീകരിക്കാനാകുമെന്നാണ് ഇന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

വാക്‌സിനെടുത്താൽ പ്രതിരോധശേഷി ശക്തമാകുകയാണ് ചെയ്യുന്നത്. അതുവഴി കോവിഡിന്റെ സംഹാരശേഷിയെ ചെറുക്കാനുമാകും. എന്നാൽ, വാക്‌സിനെടുത്ത ശേഷം പനിയും ശരീരവേദനയുമടക്കം പാർശഫലങ്ങൾ അനുഭവിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ, വാക്‌സിനെടുത്താൽ ഇത്തരം പാർശ്വഫലങ്ങൾ സാധാരണമാണെന്നും അതിൽ പേടിക്കേണ്ടതില്ലെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ആശങ്കപ്പെടേണ്ടതില്ലാത്ത, സാധാരണ കണ്ടുവരുന്ന പാർശഫലങ്ങൾ അറിയാം.

1. പനിയും കുളിരും

കോവിഡ് വാക്‌സിന്റെ ഏറ്റവും സാധാരണമായ പാർശ്വഫലമാണ് പനിയും വിറയലോടു കൂടിയ കുളിരും. വാക്‌സിനെടുത്ത ശേഷം ശരീര താപനില കൂടുന്നതു കാണാം. മൂന്നു ദിവസം വരെ ഇതു തുടരാം. എന്നു കരുതി ഭയപ്പെടാനൊന്നുമില്ല.

2. തളർച്ച

ക്ഷീണം, അല്ലെങ്കിൽ തളർച്ച മറ്റൊരു പാർശ്വഫലമാണ്. വാക്‌സിൻ ശരീരത്തിൽ പ്രവർത്തിക്കുന്നുവെന്നതിന്റെ അടയാളം കൂടിയാണത്. ശക്തമായ തളർച്ചയും മന്ദിപ്പും മയക്കവും അനുഭവപ്പെടാം. രണ്ടു ദിവസം വരെ ഇതു തുടരാനിടയുണ്ട്. നന്നായി വെള്ളം കുടിക്കുകയും കൃത്യമായി ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുകയും അത്യാവശ്യം വിശ്രമിക്കുകയും ചെയ്യുകയാണ് നിങ്ങൾ ചെയ്യേണ്ട ഒരേയൊരു കാര്യം.

3. തലവേദന

കോവിഡിനെതിരായ ആന്റിബോഡി ഉൽപാദിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്ന വൈറസ് ആന്റിജനുകൾ അടങ്ങിയതാണ് വാക്‌സിൻ. അതുകൊണ്ടു തന്നെയാണ് കോവിഡിന്റെ രോഗലക്ഷണങ്ങൾ വാക്‌സിന്റെ പാർശ്വഫലങ്ങളായും വരുന്നത്. ഇതിൽ ഏറ്റവും സാധാരണമാണ് തലവേദന. ഇത് കോവിഡാണെന്ന് ചിലർ തെറ്റിദ്ധരിക്കാറുണ്ട്. അതുകൊണ്ട് തലവേദന കണ്ട് കോവിഡ് ഭീതി വേണ്ട.

4. ഓക്കാനം

പനി, കുരിര്, ക്ഷീണം എന്നിവയ്‌ക്കൊപ്പം ഓക്കാനവും വാക്‌സിനെടുത്താൽ സാധാരണമാണ്. ഇടക്കിടയ്ക്ക് ചർദിക്കാൻ വരുന്നതായി അനുഭവപ്പെട്ടേക്കാം. ഇത് അധിക നേരം നീണ്ടുനിൽക്കുകയുമില്ല.

5. സന്ധിവേദന

അധിക പേരിലും കണ്ടുവരുന്ന മറ്റൊരു പാർശ്വഫലമാണ് ശരീരവേദനയും സന്ധിവേദനയും. ശരീരത്തിൽ നീരുകെട്ടിനും സാധ്യതയുണ്ട്. 50 വയസിനു മുകളിലുള്ളവരിലാണ് ഇത് കൂടുതൽ കണ്ടുവരുന്നത്.

6. കൈകളിൽ വീക്കം

വാക്‌സിനെടുത്ത ശേഷം കൈ ചുവയ്ക്കുകയും വീക്കമുണ്ടാകുകയും ചെയ്യാനിടയുണ്ട്. ചെറുതായി അസ്വസ്ഥപ്പെടുത്തുന്നതായിരിക്കും ഇത്. എന്നാൽ, ഇത് സമയമെടുത്തു ഭേദപ്പെടും. കൈകൾ ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുത്താൽ ആശ്വാസം കിട്ടാൻ സാധ്യതയുണ്ട്.

വേദന അകറ്റാൻ എന്തു ചെയ്യണം?

അസാധ്യമായ ശരീരവേദനയോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ കാണുകയാണ് വേണ്ടത്. അവർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കുക. സ്വന്തമായി വേദനാസംഹാരികൾ കഴിക്കാതിരിക്കുക. വൃത്തിയുള്ള നനഞ്ഞതോ തണുപ്പുള്ളതോ ആയ ശീല വച്ചുകെട്ടുക. വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കുക.

കൈകളിലെ ചുവപ്പും വീക്കവും 24 മണിക്കൂറിലേറെ നീളുകയോ മറ്റ് പാർശ്വഫലങ്ങൾ കൂടുതൽ ദിവസം തുടരുകയോ ചെയ്താൽ അടുത്തുള്ള ഡോക്ടറെ കണ്ട് ചികിത്സ സ്വീകരിക്കുക.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News