കരുതൽ ഡോസായി ഇനിമുതൽ കോർബിവാക്സ് വാക്സിനും സ്വീകരിക്കാം: വീണാ ജോർജ്
''ഒന്നും രണ്ടും ഡോസ് വാക്സിനെടുത്തവർക്ക് ഇനിമുതൽ അതേ ഡോസ് വാക്സിനോ അല്ലെങ്കിൽ കോർബിവാക്സ് വാക്സിനോ കരുതൽ ഡോസായി സ്വീകരിക്കാം''
Update: 2022-09-01 11:37 GMT
തിരുവനന്തപുരം: കരുതൽ ഡോസ് കോവിഡ് വാക്സിനായി ഇനിമുതൽ കോർബിവാക്സ് വാക്സിനും സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി മന്ത്രി വീണാ ജോർജ്. ഒന്നും രണ്ടും ഡോസ് വാക്സിനെടുത്തവർക്ക് ഇനിമുതൽ അതേ ഡോസ് വാക്സിനോ അല്ലെങ്കിൽ കോർബിവാക്സ് വാക്സിനോ കരുതൽ ഡോസായി സ്വീകരിക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു.
നിലവിൽ 12 മുതൽ 14 വരെ വയസുള്ള കുട്ടികൾക്ക് കോർബിവാക്സ് വാക്സിനും 15 മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്ക് കോവാക്സിനുമാണ് നൽകുന്നത്. കുട്ടികൾക്ക് കരുതൽ ഡോസില്ല. 18 വയസിന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് വാക്സിൻ എടുത്ത് 6 മാസത്തിന് ശേഷം കരുതൽ ഡോസ് എടുക്കാവുന്നതാണ്. പഠനത്തിനോ ജോലിസംബന്ധമായ ആവശ്യങ്ങൾക്കോ വിദേശത്ത് പോകുന്നവർക്ക് 90 ദിവസം കഴിഞ്ഞും കരുതൽ ഡോസ് എടുക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു.