കോവിഡും മഴയും പിന്നെ പകര്‍ച്ച വ്യാധികളും: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പല പകര്‍ച്ചപ്പനികളും വരാന്‍ സാധ്യതയുള്ള കാലമാണ് മണ്‍സൂണ്‍ കാലം

Update: 2021-06-18 07:41 GMT
By : Web Desk
Advertising

കോവിഡ് മഹാമാരിക്കിടെ ഒരു കാലവര്‍ഷമുള്‍പ്പെടെ മഴ ദിനങ്ങള്‍ ഒരുപാട് കടന്നുപോയി. രണ്ടാമത്തെ കാലവര്‍ഷമാണ് ഇപ്പോള്‍ വന്നെത്തിയിരിക്കുന്നത്. കൂടുതല്‍ ജാഗ്രത ഈ മഴക്കാലത്ത് പുലര്‍ത്തുകയും മഴക്കാല രോഗങ്ങള്‍ വരാതെ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തില്ലെങ്കില്‍ വരാന്‍ പോകുന്ന വിപത്ത് അതിദാരുണമായിരിക്കും.

പല പകര്‍ച്ചപ്പനികളും വരാന്‍ സാധ്യതയുള്ള കാലമാണ് മണ്‍സൂണ്‍ കാലം. കോവിഡ് കാലത്തെ സാധാരണ പനിയെ പോലും അത്രയേറെ കരുതേണ്ടതുണ്ട്. വൈറല്‍ ഫീവര്‍, ജലദോഷപ്പനി, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങി മഴക്കാലത്ത് കോവിഡിനേക്കാള്‍ ജീവന് ഭീഷണിയാകുന്ന പനികളാണ് മഴക്കാലത്ത് നമ്മെ കാത്തിരിക്കുന്നത്. ഇത്തരം പനികളുടെ ലക്ഷണങ്ങളും കോവിഡിന്‍റെ ലക്ഷണവും തിരിച്ചറിയുക വെല്ലുവിളി തന്നെയാണ്.


മാസ്കിന്‍റെ ഉപയോഗം

പ്രധാനമായും സൂക്ഷ്മത പുലര്‍ത്തേണ്ടത് മാസ്കുകളുടെ കാര്യത്തിലാണ്. മഴക്കാലത്ത് പുറത്തുനിന്ന് വരുമ്പോള്‍ മാസ്കുകള്‍ നനയാന്‍ സാധ്യത കൂടുതലാണ്. നനഞ്ഞ മാസ്കുകള്‍ ഒരു കാരണവശാലും ധരിക്കരുത്. ഉണങ്ങിയിട്ട് ധരിക്കാമെന്ന് കരുതി അലക്കാതെ മാറ്റിവെച്ച് വീണ്ടും എടുത്ത് ധരിക്കുന്നതും ശരിയല്ല. പുറത്തുപോകുമ്പോള്‍ കഴിവതും കൂടുതല്‍ മാസ്കുകള്‍ കയ്യില്‍ കരുതണം.

ഉപയോഗിച്ച മാസ്‌കുകൾ അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യരുത്. മാസ്ക് നനഞ്ഞാല്‍ അത് അഴിച്ച് ഒരു സിപ്പ് ലോക്ക് കവറില്‍ പ്രത്യേകം ഇട്ട് സൂക്ഷിക്കണം. ഉപയോഗശൂന്യമായ മാസ്‌കുകൾ കത്തിച്ചു കളയണം. തുണി മാസ്‌കുകൾ ആണെങ്കിൽ സോപ്പുപയോഗിച്ചു നന്നായി കഴുകി കഴിയുന്നതും വെയിലത്തുണക്കി ഇസ്തിരിയിട്ട് വേണം ഉപയോഗിക്കണം.

നനയുന്ന മറ്റ് വസ്തുക്കളിലും ശ്രദ്ധയുണ്ടാകുക

നനഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് കഴിയുന്നതും ഒഴിവാക്കുക. അതിൽ വൈറസ് സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നനഞ്ഞ മഴക്കോട്ട് പ്രത്യേകമായി ഉണങ്ങാനിടുക. മൊബൈൽ ഫോണുകൾ, ഐഡി കാർഡുകൾ, പേഴ്സുകൾ തുടങ്ങിയവ ഇടയ്ക്കിടക്കു സാനിട്ടൈസർ ഉപയോഗിച്ചു അണുവിമുക്തമാക്കുക. പണമിടപാടുകള്‍ കഴിയുന്നതും ഡിജിറ്റലാക്കുക.


മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം

പനിയോ ജലദോഷമോ കണ്ടാല്‍ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കണം. കുറവില്ലെങ്കില്‍ ചികിത്സ തേടണം. ആശുപത്രികളിൽ പോകുമ്പോൾ കഴിയുന്നതും രോഗി മാത്രം പോകാൻ ശ്രദ്ധിക്കണം.

സാമൂഹിക അകലം പാലിക്കുന്നത് തുടരുക. മാസ്കും സാനിറ്റൈസറും ഉപയോഗിക്കുക, ലോക്ക്ഡൌണ്‍ ഇളവുകളുണ്ടെങ്കിലും ആള്‍ക്കൂട്ടത്തില്‍ നിന്ന് അകന്നുനില്‍ക്കുക, പൊതുഗതാഗതം ഉപയോഗിക്കുന്നതും യാത്രകളും പരിമിതപ്പെടുത്തുക.

Tags:    

By - Web Desk

contributor

Similar News