ആശങ്കയായി ഡെൽറ്റാക്രോൺ; ബാധിക്കുന്നത് ശ്വാസകോശത്തെ
ഒമൈക്രോൺ പോലെ തന്നെ അതിവേഗ വ്യാപനശേഷിയുള്ള വൈറസാണിത്
കോവിഡിന്റെ വകഭേദങ്ങളായ ഒമൈക്രോൺ, ഡെൽറ്റ എന്നിവയുടെ ഹൈബ്രിഡ് രൂപമായ 'ഡെൽറ്റാക്രോൺ' ലോകത്തിന്റെ വിവിധയിടങ്ങളിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്. ഒമൈക്രോൺ പോലെ തന്നെ അതിവേഗ വ്യാപനശേഷിയുള്ള വൈറസാണിത്. നിലവിൽ ഇന്ത്യയിൽ ഡെൽറ്റാക്രോൺ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ജനുവരിയിൽ യൂറോപ്യൻ രാജ്യങ്ങളിൽ ഡെൽറ്റാക്രോൺ കേസുകൾ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ഡെൽറ്റാക്രോൺ XBC, XAY, XAW എന്നീ ഉപവകഭേദങ്ങളുടെ രൂപത്തിൽ പടർന്നുപിടിക്കുന്നതായാണ് റിപ്പോർട്ട്. ഇവ ഡെൽറ്റ വകഭേദത്തേക്കാൾ മാരകവും ഒമൈക്രോൺ പോലെ അതിവേഗ വ്യാപനശേഷിയുള്ളതുമാണെന്ന് നേച്ചർ റിവ്യൂസ് ഇമ്മ്യൂണോളജി പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു.
ഒരു വൈറസിന്റെ ഒന്നിലധികം വകഭേദങ്ങൾ ഒരേ സമയം പടരുന്നത് ഹൈബ്രിഡ് വകഭേദങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനത്തിൽ പറയുന്നു. അമേരിക്കയിലും ഡെല്‍റ്റക്രോണ്‍ കേസുകള്‍ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇന്ത്യയിൽ ഏറ്റവും മാരകമായ കോവിഡ് തരംഗത്തിന് കാരണമായ വകഭേദമാണ് ഡെൽറ്റ. അതിനാൽ തന്നെ ഡെൽറ്റാക്രോൺ വൈറസിനെതിരെ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. ഡെൽറ്റാക്രോൺ ബാധിതരുടെ ശ്വാസകോശത്തെയാകും വൈറസ് നേരിട്ട് ബാധിക്കുക. ശ്വാസകോശ സംബന്ധമായതോ മറ്റെന്തെങ്കിലും രോഗങ്ങളോ ഉള്ള ആളുകളിൽ വൈറസ് ഗുരുതരമായേക്കാം. അടിസ്ഥാന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക എന്നത് തന്നെയാണ് പ്രധാനം. വളരെ തിരക്കുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കുക. സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കുക.