കുഞ്ഞിപ്പല്ലുകളാണ്..അവയ്ക്ക് വേണം അധിക ശ്രദ്ധയും പ്രത്യേക കരുതലും

പാൽപല്ലിലുണ്ടാകുന്ന പ്രശ്‌നങ്ങൾ അത്ര നിസാരമായി കാണരുത്

Update: 2022-10-22 06:06 GMT
Editor : Lissy P | By : Web Desk
Advertising

കുഞ്ഞുങ്ങളിലെ പല്ലുകളിൽ ചെറിയ കറയോ,കേടുകളോ കണ്ടാൽ അത്ര കാര്യമാക്കാത്തവരാണ് മിക്ക മാതാപിതാക്കളും.. എന്തായാലും കൊഴിഞ്ഞുപോകാനുള്ളതാണ്..അതുകൊണ്ട് സാരമില്ല എന്നാണ് പലരും ചിന്തിക്കാറ്. എന്നാൽ പാൽപല്ലിലുണ്ടാകുന്ന പ്രശ്‌നങ്ങൾ അത്ര നിസാരമായി കാണരുത്. സമയത്ത് ശ്രദ്ധകൊടുത്തിട്ടില്ലെങ്കിൽ ഭാവിയിൽ അത് ദന്തൽ പ്രശ്‌നങ്ങളിലേക്ക് നയിക്കും...കുഞ്ഞുങ്ങളിലെ പല്ലുകൾക്ക് അൽപം കൂടുതൽ ശ്രദ്ധയും പരിചരണവും നൽകിയേ മതിയാവൂ.. അതിന് ഇനി പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ...

നല്ല ദന്ത ശീലങ്ങൾ പഠിപ്പിക്കുക

നല്ല ദന്ത ശീലങ്ങൾ പഠിപ്പിക്കുക എന്നതാണ് കുഞ്ഞുങ്ങളുടെ പല്ലുകൾ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം. നമ്മൾ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളൊക്കെ കുട്ടികൾ അനുസരിക്കാൻ സമയമെടുക്കും. സ്വന്തമായി വൃത്തിയായി പല്ലുതേക്കാനൊന്നും അവർക്ക് സാധിക്കില്ല. എന്നാൽ കുട്ടിയുടെ കൂടെ നിന്ന് അവർ പല്ലുതേക്കുന്നതിൽ നിർദേശം നൽകണം. ശരിയായ രീതിയിൽ പല്ലുതേച്ചില്ലെങ്കിൽ പല്ലിലെ ഇനാമലൊക്കെ നശിക്കാനിടവരും. ഇത് പല്ല് നശിക്കാനും കാരണമാകും. ഇതിന് പുറമെ പല്ലിൽ തവിട്ടുനിറത്തിലുള്ള എന്തെങ്കിലും നിറമോ മോണയിൽ വെളുത്ത പാടുകളോ കണ്ടാൽ ശ്രദ്ധിക്കുക. ഇത് ദന്തക്ഷയത്തിന്റെ ആദ്യ ലക്ഷണങ്ങളാകാം..


അനുയോജ്യമായ ടൂത്ത്ബ്രഷ് തെരഞ്ഞെടുക്കുക

പല്ലുണ്ടായി കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങിയാൽ മൃദുവായ രോമങ്ങളുള്ള ബ്രഷുകൊണ്ട് രണ്ടുനേരവും പല്ലു വൃത്തിയാക്കുക. അനുയോജ്യമായ ബ്രഷാണ് കുഞ്ഞിന് തെരഞ്ഞെടുത്തത് എന്ന് ഉറപ്പു വരുത്തണം.ഓരോ പ്രായത്തിനനുസരിച്ചുള്ള ബ്രഷുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. കുഞ്ഞിന് യോജിച്ച ബ്രഷ് മാത്രം തെരഞ്ഞെടുക്കുക.

ടൂത്ത് പേസ്റ്റിനും അളവുണ്ട്

കുഞ്ഞിന് മൂന്ന് വയസായാൽ പയറുമണി വലിപ്പമുള്ള ഫ്‌ലൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് തുടങ്ങാം. കുട്ടിക്ക് ടൂത്ത് പേസ്റ്റിന്റെ രുചി ഇഷ്ടമല്ലെങ്കിൽ മറ്റൊരു രുചി പരീക്ഷിക്കുക. ടൂത്ത് പേസ്റ്റ് ഒരിക്കലും വിഴുങ്ങരുത് എന്ന് ആദ്യമേ തന്നെ കുട്ടികളെ പഠിപ്പിക്കണം.

ബ്രഷ് ചെയ്യേണ്ടത് എങ്ങനെ

പല്ലുതേക്കുമ്പോൾ ബ്രഷുകളുടെ ചലനം മുകളിലേക്കും താഴേക്കും അങ്ങോട്ടും ഇങ്ങോട്ടും വേണോ അതോ സർക്കിളുകളിലാണോ തുടങ്ങിയ നിരവധി നിർദേശങ്ങളുണ്ട്.എന്നാൽ കുട്ടികളുടെ കാര്യത്തിൽ ഓരോ പല്ലും മുകളിലും താഴെയും അകത്തും പുറത്തും നന്നായി വൃത്തിയാക്കുക എന്നതാണ് പ്രധാനം. മുമ്പിലുള്ള പല്ലുകൾ മാത്രമാണ് പലപ്പോഴും കുട്ടികൾ വൃത്തിയാക്കാറ്. ഇതുപോരെ. ആറ് മുതൽ എട്ടുവയസുവരെ മാതാപിതാക്കളുടെ മേൽനോട്ടം എപ്പോഴും വേണം.


ഭക്ഷണക്രമവും പ്രധാനമാണ്

ശരിയായ അളവിൽ ഫ്‌ലൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പതിവായി ടൂത്ത് ബ്രഷ് ചെയ്യുന്നതിനു പുറമേ കുട്ടിയുടെ ഭക്ഷണക്രമവും ദന്താരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പഞ്ചസാരയാണ് വലിയ വില്ലൻ. മധുരപലഹാരങ്ങൾ,മിഠായികൾ,ഉണങ്ങിയ പഴങ്ങൾ ഇവയെല്ലാം കൂടുതൽനേരം വായയിൽ ഇരിക്കുന്നത് പല്ലുകൾക്ക് ഗുരുതരമായ ദോഷം ചെയ്യും. മധുരമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ അത് ഒരുമിഠായി ആണെങ്കിൽ പോലും പല്ല് തേക്കാൻ കുട്ടികളോട് പറയുക.അതുപോലെ മിഠായി പോലുള്ളവ അധികനേരം വായയിൽ വെക്കാനും സമ്മതിക്കരുത്.

ദന്ത പരിശോധനകൾ

മറ്റ് ആരോഗ്യപരിശോധനകളെ പോലെ തന്നെ പ്രധാനമാണ് ദന്തപരിശോധനയും. ശിശുരോഗവിദഗ്ധനെയോ പീഡിയാട്രിക് ദന്തഡോക്ടറെയോ കാണിച്ച് കുഞ്ഞുങ്ങളിലെ പല്ലുകളുടെ ആരോഗ്യം ഉറപ്പുവരുത്തണം.ചെറിയ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് വെച്ചിരിക്കരുത്. ഉടന് തന്നെ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുക.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News