ഒട്ടും വിശപ്പില്ല, ക്ഷീണം തന്നെയാണ് എപ്പോഴും; പ്രമേഹമരുന്നുകൾ കഴിക്കുന്നവർക്ക് വൃക്കയിലും വേണം ഒരു കണ്ണ്
വരണ്ടതും ചൊറിച്ചിലുള്ളതുമായ ചർമം വൃക്കരോഗത്തിന്റെ മറ്റൊരു ലക്ഷണമാണ്
ജീവിതശൈലിയും ഭക്ഷണരീതിയുമെല്ലാം പ്രമേഹരോഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വളരെ നിശബ്ദമായി എത്തുന്ന രോഗമാണ് പ്രമേഹം. തുടക്കത്തിൽ തന്നെ ലക്ഷണങ്ങളൊന്നും തിരിച്ചറിയാൻ സാധിക്കാത്തതിനാൽ പ്രമേഹമുള്ളത് വളരെ വൈകി മാത്രമേ നമുക്ക് മനസിലാക്കാൻ സാധിക്കുകയുള്ളൂ. രോഗം തിരിച്ചറിഞ്ഞിട്ടും അത് വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാത്തവരും കുറവാണ്.
പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ അത് ശരീരത്തിലെ മറ്റ് അവയവങ്ങളെയും ദോഷകരമായി ബാധിക്കും. ഇങ്ങനെ പ്രമേഹത്തെ നിന്ന് സംരക്ഷണം നൽകേണ്ട ഒരു അവയവമാണ് വൃക്ക. പ്രമേഹരോഗികൾക്ക് ഡയബറ്റിക് കിഡ്നി ഡിസീസ് എന്നറിയപ്പെടുന്ന ഡയബറ്റിക് നെഫ്രോപതി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടർച്ചയായി ഉയരുന്നതും പ്രമേഹത്തിനുള്ള മരുന്നുകളുടെ ഉപയോഗവുമാണ് ഇതിന് കാരണമാകുന്നത്. ശരീരത്തിൽ നിന്ന് മാലിന്യങ്ങളും അധിക ദ്രാവകവും നീക്കം ചെയ്യുന്നതിന്റെ സാധാരണ പങ്ക് നിർവഹിക്കാനുള്ള വൃക്കകളുടെ കഴിവിനെയാണ് പ്രമേഹം ഇല്ലാതാക്കുക.
ശ്രദ്ധിച്ചില്ലെങ്കിൽ, വൃക്കകളുടെ പരാജയത്തിലേക്ക് ഇവ നയിക്കും. വൃക്ക മാറ്റിവെക്കേണ്ട സാഹചര്യം വരെ ഉണ്ടായേക്കാം. ഇത് സംബന്ധിച്ച് പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം:-
കൈകാലുകളിലെ വീക്കം
ശരീരത്തിൽ നിന്ന് അധിക ദ്രാവകം നീക്കം ചെയ്യുന്നതിൽ വൃക്കകൾക്ക് തടസം നേരിടുന്നത് ശരീരഭാഗങ്ങളിലുണ്ടാകുന്ന വീക്കത്തിൽ നിന്ന് മനസിലാക്കാം. കൈകൾ, കാലുകൾ, കണങ്കാൽ എന്നിവിടങ്ങളിലാണ് സാധാരണയായി വീക്കമുണ്ടാകുന്നത്. ശരീരം ആവശ്യത്തിലധികം ദ്രാവകം സംഭരിക്കുന്നതിനാൽ, ശരീരഭാരം വർധിക്കുന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
വരണ്ട ചർമവും ചൊറിച്ചിലും
വരണ്ടതും ചൊറിച്ചിലുള്ളതുമായ ചർമം വൃക്കരോഗത്തിന്റെ മറ്റൊരു ലക്ഷണമാണ്. രക്തത്തിൽ വിഷവസ്തുക്കളും മാലിന്യങ്ങളും അടിഞ്ഞുകൂടിയതിന്റെ സൂചനയാണ് ഇങ്ങനെയുള്ള ചർമം കാട്ടിത്തരുന്നത്. ചർമ്മത്തിൽ ചുണങ്ങ്, ചുവപ്പ്, വരണ്ട പാടുകൾ എന്നിവയുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.
മൂത്രത്തിലെ പ്രോട്ടീൻ അംശം
ആൽബുമിൻ എന്ന ഒരു തരം പ്രോട്ടീൻ മൂത്രത്തിൽ കാണപ്പെടുന്നത് പ്രമേഹ വൃക്കരോഗത്തിന്റെ പ്രാരംഭ ഘട്ടത്തിന്റെ ലക്ഷണമാണ്. മൂത്രപരിശോധനയിലൂടെ ഇത് തിരിച്ചറിയാം. വൃക്കകൾ സാധാരണയായി പ്രോട്ടീൻ കടന്നുപോകുന്നത് തടയുന്നു. അതിനാൽ മൂത്രത്തിൽ ഏതെങ്കിലും പ്രോട്ടീന്റെ സാന്നിധ്യം കാണപ്പെടുന്നത് വൃക്കസംബന്ധമായ രോഗത്തിനുള്ള ലക്ഷണമാണ്.
വിശപ്പ്
വിശപ്പിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹ വൃക്കരോഗത്തിന്റെ മറ്റൊരു മുന്നറിയിപ്പാകാം ഇത്. ഓക്കാനം, ഛർദ്ദി, വിശപ്പില്ലായ്മ എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങൾ. രക്തത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതിനാൽ ശരീരഭാരം കുറയുന്നതും വൃക്കരോഗത്തിന്റെ സൂചനയാകാം.
ക്ഷീണം
പ്രമേഹമുള്ള വൃക്കരോഗികൾ പൊതുവേ ചൂണ്ടിക്കാട്ടുന്ന ഒരു പ്രശ്നമാണ് ക്ഷീണം. അമിതമായ ക്ഷീണം വൃക്കരോഗത്തിന്റെ ലക്ഷണമാണ്. ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന എറിത്രോപോയിറ്റിൻ എന്ന ഹോർമോണിന്റെ ഉൽപാദനം വൃക്കകൾ നിർത്തുമ്പോഴുണ്ടാകുന്ന അനീമിയ എന്ന അവസ്ഥയാണിത്.