ഡിറ്റോക്സ് ഡ്രിങ്കുകള്‍ കുടിച്ചാല്‍ ശരീരഭാരം കുറയുമോ?
പഴങ്ങളും പച്ചക്കറികളും ചേര്‍ത്താണ് ഡിറ്റോക്സ് ഡ്രിങ്കുകള്‍ ഉണ്ടാക്കുന്നത്
ഇടക്കാലത്ത് വളരെയധികം പ്രചാരം നേടിയിട്ടുള്ള ഒന്നാണ് ഡിറ്റോക്സ് ഡ്രിങ്കുകള്‍. ആഘോഷങ്ങള്‍ക്ക് ശേഷം ഇത്തരം പാനീയങ്ങള്‍ കുടിക്കുക എന്നത് ചിലര്‍ക്ക് ശീലമായിക്കഴിഞ്ഞു. പശുദ്ധമായ പഴങ്ങൾ, പച്ചക്കറികൾ, അല്ലെങ്കിൽ പച്ചമരുന്നുകൾ എന്നിവ ചേര്‍ത്ത വെള്ളമാണ് ഡിറ്റോക്സ് വാട്ടര്‍. പഴം കലർന്ന വെള്ളം അല്ലെങ്കിൽ പഴങ്ങളുടെ രുചിയുള്ള വെള്ളം എന്ന് വിളിക്കപ്പെടുന്നു.നിങ്ങൾക്ക് വീട്ടിൽ തന്നെ പല തരത്തിൽ ഡിറ്റോക്സ് വാട്ടർ ഉണ്ടാക്കാം. നിങ്ങൾക്ക് ഇഷ്ടമുള്ള പഴങ്ങൾ, പച്ചക്കറികൾ, പച്ചമരുന്നുകൾ എന്നിവയുടെ ഏത് കോമ്പിനേഷനും ഉപയോഗിക്കാം. വിവിധ കാരണങ്ങളാൽ ശരീരത്തിൽ അടിഞ്ഞുകൂടുന്ന അനാവശ്യ വിഷവസ്തുക്കളെ പുറന്തള്ളാൻ ഡിറ്റോക്സ് പാനീയങ്ങള്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ശരീരഭാരം കുറയുമെന്ന വിശ്വാസത്തില്‍ നിരവധി പേര്‍ ആസ്വദിച്ച് ഇത്തരം വെള്ളങ്ങള്‍ പതിവായി ഉപയോഗിക്കുന്നുണ്ട്. ശരിക്കും ഇതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ? അതിനെക്കുറിച്ച് വിശദീകരിക്കുകയാണ് ന്യൂട്രീഷനിസ്റ്റായ പൂജ മല്‍ഹോത്ര.
രാത്രി നല്ല ഭക്ഷണവും ഡിസേര്‍ട്ടും മധുരപലഹാരങ്ങളും കഴിച്ച ശേഷം ഒരു വലിയ ഗ്ലാസ് ഡിറ്റോക്സ് ഡ്രിങ്ക് കഴിച്ചാല്‍ അധിക കലോറിയെ പുറന്തള്ളുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ എന്നാണ് പൂജ വീഡിയോയില്‍ ചോദിക്കുന്നത്. നിങ്ങളുടെ ശരീരത്തിലുള്ള അധിക കലോറിയെ പുറന്തള്ളാൻ പോകുന്ന മാന്ത്രിക മരുന്നല്ല ഡിറ്റോക്സ് വാട്ടറെന്നും പൂജ വിശദീകരിക്കുന്നു. ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുക എന്നത് ആത്യന്തികമായി കരളിന്‍റെയും കിഡ്നിയുടെയും ജോലിയാണ്. നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും ദഹനം വർധിപ്പിക്കുന്നതിനും ശരീരത്തില്‍ ജലാംശം നിലനിർത്തുന്നതിനും ഡിറ്റോക്സ് വാട്ടർ മികച്ചതാണ്. അതിനാൽ, പച്ചവെള്ളം നിരന്തരം കുടിക്കുന്നത് ബോറടിപ്പിക്കുന്നതായി തോന്നുകയാണെങ്കിൽ മാത്രം ഡിറ്റോക്സ് വാട്ടര്‍ കുടിക്കുക.