ആരോഗ്യമുള്ള തലച്ചോറിന് 8 സൂപ്പര്‍ ഫുഡുകള്‍
ചില വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം വ്യായാമവും മതിയായ ഉറക്കവും തലച്ചോറിന്‍റെ ആരോഗ്യത്തിന് ആവശ്യമാണ്
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് മസ്തിഷ്കം. ശരീരത്തിന്റെ മറ്റെല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് മസ്തിഷ്കമാണ്. പ്രായപൂർത്തിയാകുന്നതോടെ മസ്തിഷ്കം വികസിക്കുന്നത് നിർത്തുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ സമീപകാല ഗവേഷണങ്ങൾ ഈ ധാരണ തെറ്റാണെന്ന് തെളിയിച്ചിട്ടുണ്ട്.
ശരിയായ പോഷകാഹാരവും ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടര്‍ന്നാല്‍ തലച്ചോര്‍ വളര്‍ന്നുകൊണ്ടിരിക്കും. മസ്തിഷ്കത്തെ ആരോഗ്യത്തോടെ നിലനിർത്തുന്ന കാര്യത്തിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ തലച്ചോറിന്റെ പ്രവർത്തനവും ഓര്‍മശക്തിയും വർധിപ്പിക്കാൻ ശരിയായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്.
1. ബ്ലൂബെറി
ബ്ലൂബെറി ആന്‍റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇത് തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കാനും അകാല വാർധക്യത്തെ തടയാനും സഹായിക്കുന്നു. ഈ ചെറിയ പഴങ്ങളിൽ ഗാലിക് ആസിഡും അടങ്ങിയിട്ടുണ്ട്.
2. ഇലക്കറികൾ
മസ്തിഷ്ക കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്ന കെ, സി, ഇ തുടങ്ങിയ വിറ്റാമിനുകളാൽ സമ്പുഷ്ടമാണ് ഇലക്കറികൾ. ചീര, കാബേജ് തുടങ്ങിയവയില്‍ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ന്യൂറോ ഡിജനറേഷൻ തടയാന്‍ സഹായിക്കുന്നു.
3. മത്സ്യം
അയല, കോര, ട്യൂണ തുടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യങ്ങള്‍ തലച്ചോറിന്റെ പ്രവർത്തനത്തിലും വൈജ്ഞാനിക ശേഷി നിലനിർത്തുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഓര്‍മശക്തി മെച്ചപ്പെടുത്താനും അൽഷിമേഴ്സ് രോഗം വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
4. വാല്‍നട്ട്, ബദാം...
വാൽനട്ട്, ബദാം തുടങ്ങിയ നട്‌സ് ആരോഗ്യകരമായ കൊഴുപ്പുകളുടെയും വിറ്റാമിൻ ഇയുടെയും ആന്റിഓക്‌സിഡന്റുകളുടെയും കലവറയാണ്. ഈ പോഷകങ്ങൾ സമ്മര്‍ദങ്ങളില്‍ നിന്ന് തലച്ചോറിനെ സംരക്ഷിക്കുന്നു.
5. മഞ്ഞൾ
ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനത്തിലും നാഡീ വളർച്ചയിലും നിർണായക പങ്ക് വഹിക്കുന്ന പ്രോട്ടീനായ ബ്രെയിൻ-ഡെറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടറിന്റെ (ബിഡിഎൻഎഫ്) ഉത്പാദനവും മഞ്ഞള്‍ വർദ്ധിപ്പിക്കുന്നു.
6. മുട്ട
മസ്തിഷ്ക വളർച്ചയ്ക്കും ആരോഗ്യത്തിനും ആവശ്യമായ ഒരു പ്രധാന പോഷകമായ കോളിന്റെ മികച്ച ഉറവിടമാണ് മുട്ട. ഓര്‍മശക്തി മെച്ചപ്പെടുത്താൻ കോളിൻ സഹായിക്കുന്നു.
7. ബെറികള്‍
റാസ്‌ബെറി, സ്‌ട്രോബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ബെറികള്‍ ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇവ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
8. അവോക്കാഡോ
ആരോഗ്യകരമായ കൊഴുപ്പിനു പുറമെ വിറ്റാമിൻ കെ, ഫോളേറ്റ് എന്നിവയും അവോക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്. ഇത് വൈജ്ഞാനിക പ്രവർത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
ഇത്തരം വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം വ്യായാമവും മതിയായ ഉറക്കവും തലച്ചോറിന്‍റെ ആരോഗ്യത്തിന് ആവശ്യമാണ്.
(ജീവിതശൈലീ രോഗങ്ങളും മറ്റ് അസുഖങ്ങളുമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ ഭക്ഷണത്തില്‍ എന്തെല്ലാം ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കാവൂ)
Summary- The brain can continue to develop and grow throughout one's life, with proper nutrition and a healthy lifestyle