പ്രമേഹത്തെ വരുതിയിലാക്കാൻ എട്ട് സൂപ്പർ ഫുഡുകള്‍

കുറഞ്ഞ പ്രതികൂല ഫലങ്ങളും ഉയർന്ന പോഷകമൂല്യവുമുള്ള ഭക്ഷണമാണ് സൂപ്പർഫുഡുകൾ

Update: 2022-10-08 07:56 GMT
Advertising

പ്രമേഹത്തെ വരുതിയിലാക്കാൻ പാടുപെടുന്നവരാണ് നമ്മളിൽ പലരും. നാട്ടിന്‍പുറമെന്നോ, നഗരമെന്നോ വ്യത്യാസമില്ലാതെ നാള്‍ക്കുനാള്‍ പ്രമേഹവ്യാപനം കൂടുകയാണ്. ആണ്‍-പെണ്‍ ഭേദമില്ലാതെ മുതിര്‍ന്നവരെയും ചെറുപ്പക്കാരെയും പ്രമേഹം പിടിമുറുക്കുന്നുണ്ട്. രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. ഇടക്കിടെ മൂത്രമൊഴിക്കൽ ,ദാഹം,വീശപ്പ് തുടങ്ങിയവയാണ് പ്രമേഹത്തിൻറെ ലക്ഷണങ്ങള്‍. അനാരോഗ്യ ഭക്ഷണശീലങ്ങള്‍ക്കും പ്രമേഹവ്യാപനവുമായി അടുത്ത ബന്ധമുണ്ട്. ഇവിടെയാണ് സൂപ്പർ ഫുഡുകളുടെ പ്രാധാന്യം. കുറഞ്ഞ പ്രതികൂല ഫലങ്ങളും ഉയർന്ന പോഷകമൂല്യവുമുള്ള ഭക്ഷണമാണ് സൂപ്പർഫുഡുകൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന സൂപ്പർഫുഡുകള്‍ എതൊക്കെയാണെന്ന് നോക്കാം

രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന 8 സൂപ്പർഫുഡുകൾ:

1. കറുവപ്പട്ട

അടുക്കള വിഭവങ്ങളില്‍ മണവും രുചിയും നല്‍കുന്ന കറുവപ്പട്ട ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്.

വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമായ കറുവപ്പട്ട പ്രമേഹരോഗികളിൽ ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) കുറയ്ക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. മാത്രമല്ല ശരീരത്തിലെ ലിപിഡിന്റെ അളവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കാൻ കറുവാപ്പട്ടക്ക് കഴിയും

2. ഒക്ര

ആഫ്രിക്കയിൽ നിന്നുള്ള ഒരു ഉഷ്ണമേഖലാ സസ്യമാണ് ഒക്ര. ഭിണ്ടി എന്നറിയപ്പെടുന്ന ഒക്ര പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന സസ്യമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ആന്റിഓക്‌സിഡൻറായ ഫ്ലേവനോയ്ഡുകളുടെ മികച്ച ഉറവിടമാണ് ഒക്ര. പോളിസാക്രറൈഡുകളും ഒക്രയിൽ അടങ്ങിയിട്ടുണ്ട്. പോളിസാക്രറൈഡുകൾ രക്തത്തിലെ പഞ്ചസാര കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

3. തൈര്

പ്രമേഹ നിയന്ത്രണത്തിന് എറ്റവും കൂടുതൽ ആളുകള്‍ ഉപയോഗിക്കുന്ന ഒന്നാണ് തൈര്. പുളിപ്പുള്ള ഭക്ഷണങ്ങൾ രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നതും, എല്ലാ അടുക്കളകളിലും എളുപ്പത്തിൽ ലഭ്യമാകുന്നു എന്നതുമാണിതിന് കാരണം.

4. പയറുവർഗ്ഗങ്ങൾ

പയർ, ബീൻസ്, ചെറുപയർ മുതലായ പയറുവർഗ്ഗങ്ങള്‍ ആരോഗ്യ പ്രധമായ ഭക്ഷണമായാണ് അറിയപ്പെടുന്നത്. ദഹനത്തെ മന്ദഗതിയിലാക്കാൻ സഹായിക്കുന്ന നാരുകൾ പയറുവർഗങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.

5. വിത്തുകൾ

സൂപ്പർഫുഡ് പട്ടികയിൽ പുതിയതായി വന്ന ഒന്നാണ് വിത്തുകള്‍. മത്തങ്ങ വിത്ത്, ചണവിത്ത്, ചിയ വിത്ത് തുടങ്ങിയ വിത്തുകൾ പോഷക സമൃദ്ധമാണ്. നാരുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിൽ ഉയർന്ന പഞ്ചസാരയുള്ള ആളുകളുടെ ഭക്ഷണക്രമത്തിൽ ചേർക്കുന്നത് നല്ലതാണ്.

6. ധാന്യങ്ങൾ

പയറുവർഗ്ഗങ്ങളെ പോലെ തന്നെ ധാന്യങ്ങളിലും നാരുകൾ അടങ്ങിയിട്ടുണ്ട്. ഓട്‌സ്, ക്വിനോവ, ഗോതമ്പ് മുതലായ ധാന്യങ്ങൾ ഭക്ഷണത്തിൽ ചേർക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയും.

7. പരിപ്പ്

വിത്തുകൾക്ക് സമാനമായ അണ്ടിപ്പരിപ്പ് പോഷകങ്ങളുടെ ഉറവിടമാണ്. ദൈനംദിന ഭക്ഷണത്തിൽ അണ്ടിപ്പരിപ്പ് ചേർക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാനും സഹായിക്കും.

8. മുട്ട

ഏറ്റവും പ്രചാരമുള്ള സൂപ്പർഫുഡുകളിൽ ഒന്നാണ് മുട്ട. ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള മുട്ട ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കുക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News