വൃക്കരോഗം നേരത്തെ കണ്ടുപിടിക്കണോ? ഇനി കണ്ണ് സ്‌കാൻ ചെയ്താൽ മതി !

എഡ്വിൻബ്രാ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്

Update: 2023-12-06 15:34 GMT
Advertising

രോഗനിർണയം എത്രയും നേരത്തേ നടത്തുന്നുവോ ചികിത്സയും അത്ര തന്നെ ഫലപ്രദമാകുമെന്നാണ് പറയുക. ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങളും വർധിച്ചുവരുന്ന ആൽക്കഹോൾ ഉപയോഗവുമെല്ലാം വൃക്കരോഗികളിൽ ക്രമാതീത വർധനവുണ്ടാക്കിയിട്ടുണ്ട്. യുകെയിൽ മാത്രം 70 ലക്ഷത്തിലധികം ആളുകൾ കിഡ്‌നി സംബന്ധമായ വിവിധ രോഗങ്ങൾക്ക് ചികിത്സ തേടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ചിരസ്ഥായിയായ വൃക്കരോഗങ്ങൾ മിക്കതും ഏറെ വൈകിയാകും ലക്ഷണങ്ങൾ പ്രകടിപ്പിക്കുക. അതുകൊണ്ടു തന്നെ ചികിത്സ തുടങ്ങുമ്പോഴേക്കും വൃക്കകൾ തകരാറിലായിട്ടുണ്ടാകും. എന്നാൽ വൃക്കരോഗം നേരത്തേ നിർണയിക്കാനും ചികിത്സ പെട്ടെന്ന് തുടങ്ങാനും 3ഡി സാങ്കേതിവിദ്യയെ ഉപയോഗിക്കാമെന്നാണ് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നത്. ഇതിനായി വൃക്കയല്ല പരിശോധിക്കേണ്ടത് എന്നതാണ് അതിശയകരമായ കാര്യം. കണ്ണുകൾ 3ഡി സ്‌കാൻ ചെയ്താണ് വൃക്കയിലെ തകരാറുകൾ കണ്ടുപിടിക്കുക.

എഡ്വിൻബ്രാ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്. ഒസിടി (ഒപ്റ്റിക്കൽ കൊഹെറൻസ് ടോമോഗ്രഫി) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് നേത്രപടലത്തിന്റെ 3ഡി ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു പഠനം.

ഉയർന്ന മാഗ്നിഫിക്കേഷനിലുള്ള ഇമേജുകൾ ഉപയോഗിച്ചാണ് ഈ സ്‌കാനിംഗ് നടത്തുന്നത്. റെറ്റിനകളുടെ കട്ടി നോക്കിയാണ് വൃക്കകളുടെ തകരാർ കണ്ടുപിടിക്കുക. വൃക്കരോഗമുള്ളവരിൽ നേത്രപടം തീരെ നേർത്തതായും മറ്റുള്ളവരിൽ സാധാരണ കനത്തിലും വിദഗ്ധർ കണ്ടെത്തി. കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ശേഷം രോഗികളിൽ നേത്രപടലം മുമ്പത്തെ രീതിയിലായെന്നും ഇവർ നിരീക്ഷിച്ചു.

വൃക്കകളുടെ രോഗനിർണയത്തിൽ നിർണായക വഴിത്തിരിവാണ് കണ്ടുപിടിത്തം എങ്കിലും ഈ വിദ്യ പ്രാബല്യത്തിൽ വരുത്താൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ സൂചിപ്പിക്കുന്നു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News