എത്ര വെള്ളം കുടിച്ചിട്ടും ദാഹം മാറുന്നില്ലേ? പ്രശ്‌നം ഗുരുതരമാകാതെ നോക്കണം
പോളിഡിപ്‌സിയ എന്നറിയപ്പെടുന്ന അമിത ദാഹം ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ഒരു രോഗലക്ഷണമാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരിലാണ് ഇത് കാണപ്പെടുന്നത്.
അഞ്ച് മിനിറ്റ് മുൻപല്ലേ വെള്ളം കുടിച്ചത്.. ഇങ്ങനെയുമുണ്ടോ ഒരു ദാഹം.. വേനൽക്കാലമാകുമ്പോഴും ചൂട് കൂടുമ്പോഴും ദാഹമടങ്ങാത്തത് സാധാരണമാണ്. എന്നാൽ, നേരവും കാലവുമില്ലാതെ ഏത് സമയത്തും ദാഹം തോന്നിയാലോ? അതൊരല്പം പ്രശ്‌നമാണ്. ചിലപ്പോൾ ഉറക്കത്തിനിടയിലാകും കടുത്ത ദാഹം തോന്നി എഴുന്നേൽക്കുന്നത്.
ഇന്ത്യയിലെ പല ചെറുപ്പക്കാർക്കും ഇത്തരത്തിൽ അമിത ദാഹം അനുഭവപ്പെടുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. പോളിഡിപ്സിയ എന്ന ആരോഗ്യപ്രശ്നത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. പോളിഡിപ്‌സിയ എന്നറിയപ്പെടുന്ന അമിത ദാഹം ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ഒരു രോഗലക്ഷണമാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരിലാണ് ഇത് കാണപ്പെടുന്നത്.
അമിത ദാഹത്തിന് പിന്നിൽ വിവിധ കാരണങ്ങളുണ്ടാകാമെങ്കിലും, പ്രീ ഡയബറ്റിസ് പോലുള്ള ഒരു അടിസ്ഥാന പ്രശ്നത്തെയാകാം ഇത് സൂചിപ്പിക്കുന്നത്. പ്രീ ഡയബറ്റിസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ദാഹം എന്ന് ഡോക്ടർമാർ പറയുന്നു.
ദാഹത്തിനൊപ്പം കടുത്ത വിശപ്പും അനുഭവപ്പെട്ടേക്കാം. രോഗിക്ക് അമിതമായ ദാഹമുണ്ടെങ്കിൽ അതിനു പിന്നിലുള്ള കാരണം പ്രീ ഡയബെറ്റിക്സ് ആയിരിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിക്കാം.
ഒരു വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്ന അവസ്ഥയാണ് പ്രീ ഡയബറ്റിസ്. എന്നാൽ, ഇത് പ്രമേഹമായിരിക്കില്ല. പ്രമേഹബാധിതരിൽ കാണുമ്പോലെയുള്ള പ്രകടമായ ലക്ഷണങ്ങളൊന്നും ഇവരിൽ കാണാറില്ല. പ്രീ ഡയബറ്റിസിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോൾ, മൂത്രത്തിലൂടെ അധിക പഞ്ചസാര നീക്കം ചെയ്യാൻ ശരീരം ശ്രമിക്കുന്നു. ഇത് ഒരേസമയം ശരീരത്തിലെ ജലനഷ്ടത്തിലേക്ക് നയിക്കുന്നു.
പ്രമേഹരോഗികളിൽ കാണപ്പെടുന്ന രോഗസങ്കീർണതകളായ റെറ്റിനോപ്പതി, ന്യൂറോപ്പതി, വൃക്കരോഗം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ പല സങ്കീർണതകളും വരാനുള്ള സാധ്യത പ്രീ ഡയബറ്റിസുള്ളവരിൽ കൂടുതലാണ്. അമിതവണ്ണമുള്ളവർ, അടുത്ത ബന്ധുക്കൾക്ക് പ്രമേഹമുള്ളവർ, ഗർഭകാല പ്രമേഹമുണ്ടായിരുന്നവർ, പോളിസിസ്റ്റിക് ഓവറി സിൻഡ്രം ഉള്ളവർ, വ്യായാമം ചെയ്യാത്തവർ തുടങ്ങിയവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.
പ്രീഡയബറ്റിസ് കാലതാമസം കൂടാതെ കണ്ടെത്തുകയും കൃത്യമായി ചികിത്സിക്കുകയും ചെയ്യുകയാണെങ്കിൽ പകുതിയിലധികം പേരിലും പ്രമേഹമുണ്ടാകുനുള്ള സാധ്യത കുറയ്ക്കാനാകും. നിങ്ങളുടെ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ അളവ് പരിശോധിക്കുക. ഇത് 100 ൽ കൂടുതലും 125 ൽ കുറവുമാണെങ്കിൽ, അത് പ്രീ ഡയബറ്റിസ് ആയിരിക്കും.