ഇൻഫ്ലുവെൻസ + കോവിഡ്; ഫ്‌ളൊറോണ അപകടകാരിയോ? അറിയേണ്ടതെല്ലാം
തണുപ്പുകാലം കഴിയുന്നതോടെ ഫ്ളൊറോണ സ്വാഭാവികമായി ഇല്ലാതായേക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പങ്കുവെക്കുന്ന പ്രതീക്ഷ.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതിപടര്‍ത്തുന്നതിനിടെയാണ് ആശങ്കകള്‍ ഇരട്ടിയാക്കി ഇസ്രായേലില്‍ നിന്ന് ആ വാര്‍ത്ത വരുന്നത്. ആദ്യമായി ഫ്ളൊറോണ സ്ഥിരീകരിച്ചെന്ന വാര്‍ത്ത. എന്താണ് ഫ്ളൊറോണ? എത്രത്തോളം അപകടകാരിയാണിത്? രോഗബാധ എങ്ങനെ തിരിച്ചറിയും? ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
കൊറോണയും ഇൻഫ്ലുവെൻസയും ഒരുമിച്ച് വരുന്ന രോഗാവസ്ഥയാണ് ഫ്ളൊറോണ. 'ഡബിൾ ഇൻഫെക്‌ഷൻ' എന്നാണ് ഇതിനെ വിളിക്കുന്നത്. ഇസ്രായേലില്‍ റാബിൻ മെഡിക്കൽ സെന്ററിൽ ചികിത്സയ്ക്കെത്തിയ ഗര്‍ഭിണിയിലായിരുന്നു ഫ്ളൊറോണ ആദ്യമായി കണ്ടെത്തിയത്. ഇവരുടെ പരിശോധനാഫലത്തില്‍ കൊറോണയും ഇൻഫ്ലുവെൻസയും പോസറ്റീവായിരുന്നു.
ഫ്ളൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ പുതിയ വകഭേദം സംബന്ധിച്ച പഠനത്തിലാണ് ഇസ്രായേലിലെ ശാസ്ത്രജ്ഞരും ആരോഗ്യ പ്രവര്‍ത്തകരും. ഇൻഫ്ലുവെൻസ, കോവിഡ് പ്രതിരോധത്തിനു വാക്സിൻ അനിവാര്യമാണ്. എന്നാല്‍ രോഗബാധിതയായ സ്ത്രീ ഒരു വാക്സിനും എടുത്തിട്ടില്ല. അതേസമയം, വാക്സിന്‍ സ്വീകരിച്ചവരില്‍ രോഗ സാധ്യതയുണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്നും അതില്‍ ഗഹനമായ പഠനങ്ങള്‍ ആവശ്യമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ചുമ, പനി, തൊണ്ടവേദന, തലവേദന, മൂക്കൊലിപ്പ്, ക്ഷീണം എന്നിവയാണ് ഫ്ളൊറോണയുടെ പ്രധാന ലക്ഷണങ്ങള്‍. ഇത് ചെറിയ ലക്ഷണങ്ങളോടെയോ ലക്ഷണങ്ങൾ ഇല്ലാതെയോ ആളുകളെ ബാധിക്കാമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. വൈറസിന് വായുവിലൂടെ സഞ്ചരിക്കാനാകും. ഫ്ളൊറോണയും ഇൻഫ്ലുവെൻസയും മനുഷ്യ ശരീരത്തിന്റെ ഒരേ കോശങ്ങളെയാണ് ബാധിക്കുന്നത്.
ഇൻഫ്ലുവെൻസ ലൈക്ക് ഇൽനെസ് (Influenza Like Illness), സിവ്യർ അക്യൂട്ട് റെസ്‌പിറേറ്ററി ഇൻഫെക്‌ഷൻ (Severe Acute Respiratory Infection) തുടങ്ങിയ രോഗമുള്ളവരില്‍ ഫ്ളൊറോണ വൈറസ് സാന്നിധ്യമുണ്ടാകാന്‍ സാധ്യതയേറെയാണ്. തണുപ്പുകാലം കഴിയുന്നതോടെ ഫ്ളൊറോണ സ്വാഭാവികമായി ഇല്ലാതായേക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പങ്കുവെക്കുന്ന പ്രതീക്ഷ. എന്നാല്‍, ഇതിനെ സാധൂകരിക്കുന്ന ശാസ്ത്രീയ പഠനങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
വാക്സിന്‍ സ്വീകരിക്കുകയെന്നതാണ് ഫ്ളൊറോണയെ അകറ്റാന്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഫ്ളൊറോണ സ്ഥിരീകരിച്ച് അധികം വൈകാതെ ഇസ്രായേലിൽ നാലാം ഡോസ് കുത്തിവെപ്പ് ആരംഭിച്ചിരുന്നു. പ്രതിരോധശേഷി വളരെ കുറഞ്ഞവര്‍ക്കായിരുന്നു നാലാം ഡോഡ് നല്‍കിയത്. അതേസമയം, മാസ്കും സാമൂഹിക അകലവും ഉറപ്പാക്കുക, ധാരാളമായി വെള്ളം കുടിക്കുക, വൈറ്റമിൻ സി ടാബ്‌ലറ്റുകൾ, ചീര, പപ്പായ എന്നിവ ഭക്ഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും വിദഗ്ധര്‍ നല്‍കുന്നുണ്ട്.