ജ്യൂസും ബ്രെഡും പാൻകേക്കുമൊക്കെയാണോ ബ്രേക്ക്ഫാസ്റ്റ്? പണി വരുന്ന വഴിയറിയില്ല !
ചായയ്ക്കും കാപ്പിക്കും പകരം ജ്യൂസ് കുടിച്ച് ദിവസമാരംഭിച്ചാൽ ആരോഗ്യത്തിന് നല്ലതല്ലേ എന്നാവും എല്ലാവരും കരുതുക... എന്നാലിത് തെറ്റിദ്ധാരണയാണ്
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട മീൽ പ്രഭാതഭക്ഷണം ആണെന്നാണ് പറയുക. വേറൊരു സമയത്തും ഭക്ഷണം കഴിച്ചില്ലെങ്കിലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുതെന്ന് കേൾക്കാത്തവരും കുറവായിരിക്കും.
എന്നാൽ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നതിനേക്കാൾ അപകടകരമായ മറ്റൊന്നുണ്ട്- ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തുന്ന ചില ഭക്ഷണസാധനങ്ങൾ. പ്രോട്ടീൻ, നാരുകൾ എന്നിവയടങ്ങിയതാവണം പ്രഭാതഭക്ഷണം എന്നാണ് പറയുക. ഇവയൊന്നുമില്ലാത്ത ഭക്ഷണപദാർഥങ്ങൾ കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് മാത്രമല്ല, ഇവ വിപരീതഫലം ചെയ്യുകയും ചെയ്യും. അത്തരത്തിൽ വയറു നിറയ്ക്കുന്ന, എന്നാൽ പണി തരുന്ന ബ്രേക്ക്ഫാസ്റ്റ് ഫൂഡ് ഏതൊക്കെയാണെന്ന് നോക്കാം...
1. പാൻകേക്കും വേഫിളും
മലയാളികളുടെ ഇഷ്ടഭക്ഷണത്തിൽ പാൻകേക്ക് കയറിപ്പറ്റിയിട്ട് അധികകാലമായില്ല. പാൻകേക്കുകൾക്ക് മുകളിൽ തേനൊക്കെയൊഴിച്ച് കഴിക്കുന്നത് കണ്ടാൽ തന്നെ ആർക്കാണ് ഒന്ന് കഴിക്കാൻ തോന്നാത്തത്. ഉണ്ടാക്കാനെളുപ്പവും രുചികരവുമായത് കൊണ്ടു തന്നെ ബ്രേക്ക്ഫാസ്റ്റിന് പാൻകേക്ക് തിരഞ്ഞെടുക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
എന്നാൽ പഞ്ചസാരയുടെ അളവ് കൂടുതലായത് കൊണ്ടു തന്നെ ഇവ നല്ലൊരു ബ്രേക്ക്ഫാസ്റ്റ് ഐഡിയ അല്ലെന്നാണ് ആരോഗ്യവിദ്ഗധർ പറയുന്നത്. വൈറ്റ് ഫ്‌ളവർ, ബട്ടർ എന്നിവയൊക്കെ കൊണ്ടാണ് പാൻകേക്ക് ഉണ്ടാക്കുന്നത് എന്നതിനാൽ ഇവയിൽ കലോറി, കൊഴുപ്പ് എന്നിവയും കൂടുതലാവും- പ്രോട്ടീനും ഫൈബറും കുറവും. തേനും പാലും ബട്ടറുമൊക്കെ ചേർത്ത് ദിവസേന രാവിലെ പാൻകേക്ക് കഴിക്കുന്നത് പ്രമേഹത്തിനും ചിലപ്പോൾ ഹൃദ്രോഗങ്ങൾക്കും വഴിവെച്ചേക്കാം. ഇനി പാൻകേക്ക് കഴിക്കണമെന്ന് നിർബന്ധമാണെങ്കിൽ കടലമാവ് ഉപയോഗിച്ച് ഇവ ഉണ്ടാക്കി കഴിക്കാം. ടോപ്പിംഗിന് പാൽ ബട്ടറിന് പകരം നട്ട് ബട്ടറുകളും ഉപയോഗിക്കാം.
2. വെണ്ണ പുരട്ടിയ ബ്രെഡ് ടോസ്റ്റ്
ഏറ്റവുമെളുപ്പത്തിൽ തയ്യാറാക്കാവുന്ന പ്രഭാതഭക്ഷണമാണ് ബ്രെഡ് ടോസ്റ്റ്. ടോസ്റ്ററിലോ സാദാ പാനിലോ ഇവ തയ്യാറാക്കി കാപ്പിക്കൊപ്പമോ ചായയ്‌ക്കൊപ്പമോ ഒക്കെ കഴിക്കാനിഷ്ടമാണ് എല്ലാവർക്കും തന്നെ. എന്നാൽ ബ്രെഡ് നല്ലൊരു പ്രഭാതഭക്ഷണം അല്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ബ്രെഡിൽ ഗ്ലൈകെമിക്ക് ഇൻഡക്സ് വളരെ കൂടുതലായതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഷുഗർ ലെവൽ പെട്ടെന്ന് കൂടുന്നത് ക്രമേണ ടൈപ്പ് 2 ഡയബറ്റീസിലേക്ക് നയിക്കും.
വെറും വയറ്റിൽ ബ്രെഡ് കഴിക്കുന്നത് ഒരുപാട് ദഹനപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. സോഡിയം അമിത അളവിൽ അടങ്ങിയ ഭക്ഷണം വെറും വയറ്റിൽ കഴിക്കുന്നത് ദഹനം തടസ്സപ്പെടുത്തും. അതുകൊണ്ട് തന്നെ ഒരു കാരണവശാലും രാവിലെ വെറും വയറ്റിൽ ബ്രെഡ് കഴിക്കരുത്.
ഇനി,ബ്രേക്ക്ഫാസ്റ്റിന് ബ്രെഡ് കൂടിയേ തീരൂ എന്നാണെങ്കിൽ വൈറ്റ് ബ്രെഡിന് പകരം ബ്രൗൺ ബ്രെഡോ മൾട്ടി ഗ്രെയിൻ ബ്രെഡോ തിരഞ്ഞെടുക്കാം. ഇതിനൊപ്പം ആവശ്യത്തിന് ന്യൂട്രിയന്റ്സും ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
3. ഫ്രൂട്ട് ജ്യൂസ്
ചായയ്ക്കും കാപ്പിക്കും പകരം ജ്യൂസ് കുടിച്ച് ദിവസമാരംഭിച്ചാൽ ആരോഗ്യത്തിന് നല്ലതല്ലേ എന്നാവും എല്ലാവരും കരുതുക. എന്നാലിത് തെറ്റിദ്ധാരണയാണ്.
ന്യൂട്രിയന്റുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമടങ്ങിയിട്ടുണ്ടെങ്കിലും ഫ്രൂട്ട് ജ്യൂസുകളിൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. നാരുകളും കുറവായതിനാൽ ഇവ നാം കരുതുന്നത് പോലെ ആരോഗ്യപ്രദമായ ഒരു ബ്രേക്ക്ഫാസ്റ്റ് ഓപ്ഷൻ അല്ല. പഴങ്ങൾ ജ്യൂസ് അടിക്കുന്നതിന് പകരം പഴങ്ങളായി തന്നെ രാവിലെ കഴിക്കുന്നത് പരീക്ഷിക്കാം.
4.പ്രോസസ്ഡ് മീറ്റ്
ബേക്കൺ, സോസേജ് എന്നിവയൊക്കെയാണ് പ്രോസസ്ഡ് മീറ്റ് എന്ന വിഭാഗത്തിൽ പെടുന്നത്. ഇവ നമ്മുടെ നാട്ടിൽ അത്ര സാധാരണമല്ലെങ്കിലും ബ്രേക്ക്ഫാസ്റ്റിൽ ഇവ ഉൾപ്പെടുത്തുന്നവർ കുറവല്ല. ഉപ്പിന്റെ അംശം കൂടുതലായതിനാൽ രക്തസമ്മർദമുള്ളവർ ഇത്തരം ശീലങ്ങൾ ഒഴിവാക്കുന്നതാവും നല്ലത്. തന്നെയുമല്ല ഇവയിലടങ്ങിയിരിക്കുന്ന സോഡിയം നൈട്രേറ്റ് ക്യാൻസർ സാധ്യതയും വർധിപ്പിക്കും.
5.ബിസ്‌ക്കറ്റ്
പാശ്ചാത്യ രാജ്യങ്ങളിൽ ബിസ്‌ക്കറ്റുകൾ ഒരു സാധാരണ ബ്രേക്ക്ഫാസ്റ്റ് ആണെങ്കിലും ഇവ ലഘുഭക്ഷണമായി തന്നെ കണക്കാക്കുന്നതാണ് നല്ലത്.
രാവിലെ വെറും വയറ്റിൽ ചായയും ബിസ്‌ക്കറ്റുമൊക്കെ കഴിക്കാൻ ഇഷ്ടമുള്ളവർ ആ ശീലം പതിയെ മാറ്റിയെടുക്കണം. ബിസ്‌ക്കറ്റിലും വില്ലനാകുന്നത് റിഫൈൻഡ് വൈറ്റ് ഫ്‌ളവർ അല്ലെങ്കിൽ മൈദ തന്നെയാണ്. വയർ നിറയ്ക്കുമെങ്കിലും ഇത് ആരോഗ്യത്തിന് നല്ലതല്ല.
6. നല്ല മധുരമുള്ള ചായയും കടുപ്പത്തിലുള്ള കാപ്പിയും
കാപ്പിയും ചായയുമൊന്നും മാറ്റിനിർത്തി ഒരു പ്രഭാതഭക്ഷണം ആലോചിക്കാൻ പോലുമാവില്ല ഇന്ത്യക്കാർക്ക്. കാപ്പി വെറൈറ്റികളായ മോച്ച, ഫ്രാപ്പെ എന്നിവയൊക്കെ ശരീരത്തിന് നൽകുന്ന അനാരോഗ്യം ചെറുതല്ല. ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും എന്നത് തന്നെയാണ് ഇവ പ്രഭാതഭക്ഷണത്തിൽ നിന്നൊഴിവാക്കണമെന്ന് പറയുന്നതിന് കാരണം. രാവിലെ ഇവ കഴിക്കുന്നത് അമിതമായി വണ്ണം വയ്ക്കുന്നതിനും കാരണമാകും.
ശരീരത്തിന് അത്ര നല്ലതല്ലാത്ത പ്രഭാതഭക്ഷണം ഏതൊക്കെയാണെന്ന് അറിഞ്ഞില്ലേ... ഇനി, ആരോഗ്യകരമായ ചില ബ്രേക്ക്ഫാസ്റ്റ് ഐഡിയാസ് കൂടി നോക്കാം...
1. ഉരുളക്കിഴങ്ങ്,തക്കാളി ചീര എന്നിവയൊക്കെ ചേർത്ത് ഉണ്ടാക്കിയ ഓംലെറ്റ്. വേണമെങ്കിൽ കുറച്ച് ചീസും ചേർക്കാം...
2. മുട്ടയും പഴവും മാത്രം ചേർത്ത്, മൈദ ഉപയോഗിക്കാതെ ഉണ്ടാക്കുന്ന പാൻകേക്ക്
3. പഴങ്ങൾ ജ്യസ് അടിച്ച് കുടിക്കുന്നതിനല്ലേ കുഴപ്പമുള്ളൂ... ഇവ മുറിച്ച് കഴിക്കുന്നത് പരീക്ഷിച്ച് നോക്കാം... പ്രത്യേകിച്ചും ആപ്പിൾ
4. ഇന്ത്യൻ പ്രഭാതഭക്ഷണം പൊതുവേ ആരോഗ്യകരമായാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെ പാശ്ചാത്യ ശീലങ്ങൾക്ക് പുറകെ പോകാതെ നമ്മുടെ ദോശയും ഇഡ്ഡലിയും പോഹയുമൊക്കെ തന്നെ ബ്രേക്ക്ഫാസ്റ്റ് ആയി കഴിക്കാം... അരി കൊണ്ടുള്ള ഇഡ്ഡലി പറ്റില്ല എന്നാണെങ്കിൽ റാഗിയോ സെമൊലീനയോ വെച്ച് ഇവ ഉണ്ടാക്കി നോക്കാം. മാവ് പുളിപ്പിക്കുന്നത് കൊണ്ടു തന്നെ പ്രോട്ടീൻ ധാരാളമായി ഇഡ്ഡലിയിലുണ്ട്.