മഴക്കാലത്ത് ആരോഗ്യം ശ്രദ്ധിക്കാം... അടുക്കളയിലുണ്ട് പരിഹാരം
കൂടുതൽ രോഗപ്രതിരോധശേഷി ആവശ്യമുള്ള സമയം കൂടിയാണിത്
മഴക്കാലമാണ്...ഒപ്പം രോഗങ്ങളുടെയും സീസണാണ്. ഈർപ്പമുള്ള കാലാവസ്ഥ, കനത്ത മഴ, വെള്ളക്കെട്ട്.. ഇതെല്ലാം രോഗാണുക്കളുടെയും ബാക്ടീരിയകളുടെയും വേഗത്തിലുള്ള വ്യാപനത്തിന് കാരണമാകും.
മഴക്കാലത്ത് കൊതുകുകൾ പരത്തുന്ന രോഗങ്ങളും നിരവധിയാണ്. അതുകൊണ്ടുതന്നെ മഴക്കാലത്താണ് കൂടുതൽ രോഗപ്രതിരോധശേഷി ആവശ്യമുണ്ട്. അസുഖം വരുന്നതിന് മുമ്പ് അതിനെ പ്രതിരോധിക്കാനായാൽ അതാണ് എപ്പോഴും നല്ലത്. അതിന് അടുക്കളയിലെയും വീട്ടുമുറ്റത്തെയും ചില സാധനങ്ങൾ മാത്രം മതി. അത് ഏതൊക്കെയാണെന്ന് നോക്കാം....
ഇഞ്ചി
വിലയൽപ്പം കൂടുതലാണെങ്കിലും രോഗപ്രതിരോധ ശേഷിക്ക് ഏറ്റവും മികച്ചതാണ് ഇഞ്ചി. ആൻറി-ഇൻഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളേറെയുണ്ട് ഇഞ്ചിയിൽ. പനിപോലുള്ള അസുഖങ്ങളെ ചെറുക്കാനും ഇഞ്ചിക്ക് സാധിക്കുമെന്നാണ് പറയുന്നത്. ചായയിലോ, സൂപ്പിലോ, മറ്റ് പാനീയങ്ങളിലോ ചേർത്ത് ഇഞ്ചി കഴിക്കാവുന്നതാണ്.
കറിവേപ്പില
കറിവേപ്പിലയില്ലാത്ത മലയാളി അടുക്കളകൾ കുറവാണ്. കറികളിലും മറ്റ് വിഭവങ്ങളിലും രുചിക്കും മണത്തിനുമായി ചേർക്കുന്ന കറിവേപ്പില ഏറെ ആരോഗ്യഗുണങ്ങളുള്ളതാണ്. കറിവേപ്പിലകളിൽ ലിനാലൂൾ, ആൽഫ-ടെർപിനീൻ, മൈർസീൻ, മഹാനിംബിൻ, കാരിയോഫില്ലിൻ, മുറയനോൾ, ആൽഫ-പിനീൻ എന്നിവയുൾപ്പെടെ നിരവധി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ സംയുക്തങ്ങൾ ശരീരത്തിലെ ആന്റിഓക്സിഡന്റുകളായി പ്രവർത്തിക്കുന്നു. ഇത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും രോഗങ്ങളിൽ നിന്ന് തടയുകയും ചെയ്യും.
തുളസി
തുളസിയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് ആർക്കും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. മഴക്കാലത്ത് ഏറെ ഉപകാരപ്പെടുന്ന ഔഷധ സസ്യം കൂടിയാണ് തുളസി. തുളസി ചേർത്ത് ചായ, ചുക്ക് കാപ്പി, തിളപ്പിച്ച വെള്ളം എന്നിവയുണ്ടാക്കി കുടിക്കുന്നത് മഴക്കാലത്ത് എപ്പോഴും നല്ലതാണ്. ഇത് അണുബാധയെ തടയാനും അസുഖങ്ങളിൽ നിന്ന് അകറ്റിനിർത്താനും സഹായിക്കും.
ചെറുനാരങ്ങ
ശരീരത്തിന് പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ ചെറുചെറുനാരങ്ങയുടെ പങ്ക് ചെറുതല്ല. വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ പല രോഗങ്ങളെ തടയാനും പ്രതിരോധശേഷി നിലനിർത്താനും സഹായിക്കും. ചെറുചൂടുള്ള വെള്ളത്തിൽ കുറച്ച് നാരങ്ങ നീര് പിഴിഞ്ഞെടുക്കുക അല്ലെങ്കിൽ സലാഡുകളിൽ ഡ്രസ്സിംഗ് ആയി ഉപയോഗിക്കുന്നതും നല്ലതാണ്.
ഞാവൽ പഴം
മഴക്കാലത്ത് സുലഭമായി ലഭിക്കുന്ന ഒന്നാണ് ഞാവൽ പഴം. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. ഇത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.