ഹോർമോൺ പ്രശ്‌നങ്ങൾ മുതൽ മുടികൊഴിച്ചിൽ വരെ; പ്രോട്ടീൻ കഴിക്കാം ആരോഗ്യം സംരക്ഷിക്കാം
ഹോർമോൺ പ്രശ്‌നങ്ങൾക്ക് പ്രധാന കാരണം പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താത്തത് കൊണ്ടാവാം
മുടിക്ക് കട്ടികുറിയുന്നുണ്ടോ? തൊലി വരൾച്ചയോ? നല്ല വിശപ്പുണ്ടായിട്ടും ഭക്ഷണം കഴിച്ചിട്ടും തടി കുറയുന്നുണ്ടോ? നിങ്ങൾക്ക് ഒരു പക്ഷേ പ്രോട്ടീൻറെ അഭാവമാകാം.
ബോഡിബിൽഡിങ്ങുമായി ബന്ധമുള്ള ആരെയെങ്കിലും പരിചയമുണ്ടെങ്കിൽ പ്രോട്ടീൻ എന്ന വാക്ക് ഒന്നിൽ കൂടുതൽ തവണ നിങ്ങൾ കേട്ടിരിക്കും. പ്രോട്ടീൻ ഷേക്കുകളും മറ്റും മാർക്കറ്റിൽ സുലഭമാണ് താനും. എന്നാൽ ഇന്ന് വലിയൊരും ശതമാനം സാധാരണക്കാരും പ്രോട്ടീൻറെ അഭാവം മൂലം രോഗങ്ങൾക്കടിമയായിക്കൊണ്ടിരിക്കുകയാണെന്നാണ് പഠനങ്ങൾ പറയുന്നത്. വെറുത തള്ളിക്കളയാവുന്ന ഒന്നല്ല പ്രോട്ടീൻ അഭാവം.
തൊലി വരളുന്നതും മുടി കട്ടി കുറയുന്നതുമാണ് പ്രോട്ടീൻ അഭാവത്തിൻറെ പ്രധാന ലക്ഷണങ്ങളിലൊന്ന്, നഖങ്ങളുടെ കട്ടി കുറയുന്നതിനും സാധ്യതയുണ്ട്. മുടിയുടെയും നഖങ്ങളുടെയും വളർച്ചക്ക് പ്രധാന ഘടകമായ കെരാറ്റിൻ ഒരു തരം പ്രോട്ടീനാണ്. തൊലിയുടെ ബലത്തിലും കെരാറ്റിൻ പങ്കുവഹിക്കുന്നു. തൊലിയിലുള്ള മറ്റു രണ്ട് പ്രോട്ടീനുകളാണ് തൊലിയുടെ വലിവിനെയും ജലാംശത്തെയും നിയന്ത്രിക്കുന്ന കൊളോജനും സൂര്യന്റെ ചൂടിൽ നിന്നും അപകടകരമായ രശ്മികളിൽ നിന്ന് സംരക്ഷിക്കുന്ന എച് എസ് പി 27ഉം. പ്രോട്ടീന്റെ കുറവ് തൊലിക്ക് മുകളിൽ അസുഖങ്ങളെ വിളിച്ചുവരുത്തു.
പ്രോട്ടീന്റെ അഭാവത്താലുണ്ടാവുന്ന മറ്റൊരു പ്രശ്‌നമാണ് ബലക്കുറവും വിശപ്പും. മസിലുകളുടെ വളർച്ചക്ക് പ്രധാന ഘടകമാണ് പ്രോട്ടീൻ, ശരീരത്തിൽ ആവശ്യമായ പ്രോട്ടീൻ ലഭിക്കാതിരിക്കുമ്പോൾ ശരീരം മറ്റാവശ്യങ്ങൾക്കായി മസിലുകളിലെ പ്രോട്ടീനുകളെ ദഹിപ്പിക്കുന്നു. ഈ ദഹിപ്പിക്കൽ കൂടുതൽ വിശപ്പിന് വഴിവയ്ക്കുന്നു. എന്നാൽ പ്രോട്ടീൻ കുറവുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ വിശപ്പ് മാറുമെങ്കിലും മസിലുകൾക്ക് നഷ്ടപ്പെട്ട പ്രോട്ടീൻ ലഭിക്കുന്നില്ല. ഇത് കൂടുതൽ വിശപ്പുണ്ടാകാൻ കാരണമാകുകയും ഭക്ഷസംബന്ധമായ അസുഖങ്ങൾക്ക് വഴിവക്കുകയും ചെയ്യുന്നു.
കാലുകളുടെയും കൈകളുടെയും വീക്കമാണ് പ്രോട്ടീൻ അഭാവത്തിന്റെ മറ്റൊരു ലക്ഷണം. രക്തത്തിലെ പ്രോട്ടീന്റെ അളവ് കുറയുന്നതോടെ രക്തത്തിന് ജലം സൂക്ഷിച്ചുവക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. നഷ്ടപ്പെടുന്ന ജലം കോശങ്ങളിൽ നിറയുന്നു ഇത് ശരീരത്തിൽ നീർക്കെട്ടുണ്ടാക്കുന്നതിന് കാരണമാകുന്നു. ഈ നീർക്കെട്ട് തുടർന്ന് രക്തകുഴലുകളെ ഞെരുക്കാനും രക്തചക്രമണം തടയാനും സാധ്യതയുണ്ട്.
ഹോർമോൺ പ്രശ്‌നങ്ങളുടെ പ്രധാന കാരണവും പ്രോട്ടീൻ അഭാവമാണ്. വലിയൊരു ശതമാനം ഹോർമോണുകളും പ്രോട്ടീനുകളോ പ്രോട്ടീൻ വകഭേദങ്ങളോ ആണ്. ആയതിനാൽ ആവശ്യത്തിന് പ്രോട്ടീൻ ശരീരത്തിലെത്താതിരിക്കുമ്പോൾ ഹോർമോൺ പ്രശ്‌നങ്ങൾ ഉണ്ടാവുന്നു. ആവശ്യത്തിൽ കൂടുതൽ പ്രോട്ടീനുകളും ഹോർമോൺ പ്രശ്‌നങ്ങൾക്ക് കാരണമാകാം.
ഭക്ഷണത്തിലൂടെ പ്രോട്ടീൻ ശരീരത്തിലുൾപ്പെടുത്തുകയാണ് ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം. മാംസവും മത്സ്യവുമാണ് ഏറ്റവുമധികം പ്രോട്ടീൻ ഉൾപ്പെടുന്ന ഭക്ഷ്യവസ്തുക്കൾ, എന്നാൽ ഇവയ്‌ക്കൊപ്പമുള്ള കൊഴുപ്പ് അധികം കഴിക്കുന്നത് അസുഖങ്ങൾക്ക് കാരണമാകാം. മുട്ട, പയർവർഗങ്ങൾ വിത്തുകൾ, ചീസ്, കടല എന്നിവയും പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കളാണ്.
ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ എത്രത്തോളം പ്രോട്ടീനുണ്ടാകാം എന്ന് കണക്കാക്കുന്നത് പ്രോട്ടീൻ അഭാവം തടയുന്നതിന് ഗുണമാകും.