ഒരു ദിവസം എത്ര കപ്പ് ഗ്രീൻ ടീ കുടിക്കാം?
രക്തസ്രാവം ഉണ്ടെങ്കിൽ ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കാം
ഒരുപാട് ആരോഗ്യഗുണങ്ങളുള്ള പാനീയമാണ് ഗ്രീൻടീ എന്നതിൽ ആർക്കും തർക്കമില്ല. ധാരാളം ആന്റ് ഓക്‌സിഡന്റുകൾ അടങ്ങിയതിനാൽ ചായക്ക് പകരം ഗ്രീൻ ടീ കുടിക്കാനാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. ശരീരം ഭാരം കുറക്കാനും ടൈപ്പ് 2 പ്രമേഹം, അൽഷിമേഴ്‌സ് രോഗസാധ്യതകൾ കുറക്കാനുമെല്ലാം ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ് എന്നാണ് പൊതുവെ പറയാറ്. എന്നാൽ ആരോഗ്യ ഗുണങ്ങളുണ്ടെന്ന് കരുതി ഗ്രീൻ ടീ അമിതമായി കുടിച്ചാലും ദോഷമാണ്. ആരോഗ്യഗുണങ്ങൾ ഏറെയുണ്ടെന്നത് പോലെതന്നെ പരിധിയിൽ കൂടുതൽ ഗ്രീൻ ടീ ശരീരത്തിലെത്തിയാൽ അത് ഗുണത്തെപ്പോലെ ദോഷവും ചെയ്യും.
അധികമായാൽ ഗ്രീൻടീയും ആപത്താണ്
ദിവസവും 8 കപ്പിൽ കൂടുതൽ ഗ്രീൻ ടീ കുടിക്കുന്നത് സുരക്ഷിതമല്ലെന്ന് webmd റിപ്പോർട്ട് ചെയ്യുന്നു. എട്ടുഗ്ലാസിൽ കൂടുതൽ ഗ്രീൻ ടീ കുടിക്കുന്നത് മൂലം കഫീന്റെ അളവ് കൂടുകയും ഇതുമൂലം പാർശ്വഫലങ്ങളും ഉണ്ടായേക്കാം. ചെറിയ പ്രശ്‌നങ്ങൾ തലവേദനയും ക്രമരഹിതമായ ഹൃദയമിടിപ്പും ഉൾപ്പെടെ മുതൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ഇത് നയിക്കും. ഗ്രീൻ ടീ ഉയർന്ന അളവിൽ ഉപയോഗിക്കുമ്പോൾ കരളിനും ദോഷമായി ബാധിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
ഗർഭിണികൾ
പ്രതിദിനം 6 കപ്പുകളോ അതിൽ കുറവോ ഗ്രീൻ ടീ കുടിക്കുന്നത് സുരക്ഷിതമാണ്. ഈ അളവിലുള്ള ഗ്രീൻ ടീ കുടിക്കുന്നത് മൂലം ഏകദേശം 300 മില്ലിഗ്രാം കഫീൻ ശരീരത്തിലെത്തും. ഗർഭാവസ്ഥയിൽ ഈ അളവിൽ കൂടുതൽ കുടിക്കുന്നത് സുരക്ഷിതമല്ല. ഉയർന്ന അളവിൽ കഫീൻ ശരീരത്തിലെത്തുമ്പോൾ ഗർഭം അലസാനുള്ള സാധ്യതയും കൂടുതലാണ്. ഇതിന് പുറമെ കൂടുതൽ അളവിൽ ഗ്രീൻ ടീ കുടിക്കുന്നത് ജനിക്കുന്ന കുഞ്ഞുങ്ങളിൽ വൈകല്യങ്ങൾക്കും കാരണമായേക്കുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
മുലയൂട്ടുന്ന അമ്മമാർ
കൂടുതൽ അളവിൽ ഗ്രീൻടീ കുടിക്കുമ്പോൾ കഫീൻ മുലപ്പാലിലേക്ക് കടക്കുന്നു. ഇത് മുലയൂട്ടുന്ന കുഞ്ഞിനെ ബാധിക്കും. കുട്ടികളിലെ ഉറക്കക്കുറവ്, വയറിളക്കം തുടങ്ങിയവക്കും ഇത് കാരണമായേക്കും. മുലയൂട്ടുന്ന അമ്മമാർ പ്രതിദിനം 2-3 കപ്പിൽ കൂടുതൽ ഗ്രീൻ കുടിക്കുന്നത് ഒഴിവാക്കണം.
ഓസ്റ്റിയോപൊറോസിസ് രോഗികൾ
ഗ്രീൻ ടീയുടെ അളവ് കൂടിയാൽ കാൽൽസ്യം മൂത്രത്തിലൂടെ പോകുന്നതിന്റെ അളവ് കൂടും. ഇതുമൂലം എല്ലുകളുടെ ആരോഗ്യത്തെയും ബാധിക്കും. ഓസ്റ്റിയോപൊറോസിസ് രോഗികൾ ദിവസവും 6 കപ്പിൽ കൂടുതൽ ഗ്രീൻ ടീ കുടിക്കരുത്.
മറ്റ് രോഗങ്ങളുള്ളവർ
അനീമിയ രോഗികൾ ഗ്രീൻ ടീ കുടിക്കുന്നത് രോഗം കൂടുതൽ വഷളാക്കും. വിഷാദരോഗികളും ഒരു പരിധിയിൽ കൂടുതൽ ഗ്രീൻ ടീ കുടിക്കരുതെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
ഹൃദ്രോഗികൾ വലിയ അളവിൽ ഗ്രീൻ ടീ കുടിക്കുന്നത് ഹൃദയമിടിപ്പ് കൂടാൻ കാരണമായേക്കാം. ഗ്രീൻ ടീയിലെ കഫീൻ രക്തസ്രാവത്തിനുള്ള സാധ്യത വർധിപ്പിക്കും.അതുകൊണ്ട് തന്നെ രക്തസ്രാവം ഉണ്ടെങ്കിൽ ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കാം. കരൾ രോഗികൾ ഗ്രീൻ ടീ കുടിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്.