മുടികൊഴിച്ചിലില്‍ വലയുകയാണോ ? പ്രതിവിധിയുണ്ട്...

കഴിക്കുന്ന ആഹാരം പോലും മുടിയുടെ സംരക്ഷണത്തിനും ആരോഗ്യകരമായ വളർച്ചക്കും പ്രധാന പങ്ക് വഹിക്കുന്നുണ്ട്

Update: 2022-10-04 15:44 GMT
Editor : Lissy P | By : Web Desk
Advertising

പലരുടെയും ഉറക്കം കളയുന്ന ഒന്നാണ് മുടികൊഴിച്ചിൽ. ശരീരത്തെ പോലെ തന്നെ അത് മാനസികമായും നമ്മളെ തളർത്തിയേക്കും. ചെറിയ കൊഴിച്ചിലിൽ നിന്നുതുടങ്ങി അതി ഭീകരമായ രീതിയിലേക്ക് പലർക്കും മുടികൊഴിച്ചിൽ മാറാറുണ്ട്.

മുടികൊഴിച്ചിൽ ചികിത്സയ്ക്ക് ഫലത്തിനായി ക്ഷമയും പരിശ്രമവും ആവശ്യമാണ്. അമിത മുടികൊഴിച്ചിലുണ്ടെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടിവരും. പക്ഷേ നിങ്ങൾ കഴിക്കുന്ന പോഷകാഹാരം മുടിയുടെ സംരക്ഷണത്തിലും ആരോഗ്യകരമായ വളർച്ചയിലും ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചികിത്സയേക്കാളും പോഷകസമൃദ്ധമായ ഭക്ഷണക്രമം മുടികൊഴിച്ചില്‍ തടയാന്‍ വളരെ ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ്.

മുടികൊഴിച്ചിൽ തടയാൻ സഹായിക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ ഇതാ...


മുട്ട

മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട. പ്രോട്ടീനിന്റെ കുറവ് മുടി കൊഴിച്ചിലിനും മുടിയുടെ വളർച്ചാമുരടിപ്പിനും കാരണമാകും. മുടി, ചർമ്മം, നഖം എന്നിവയുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായ വിറ്റാമിൻ ബിയും മുട്ടയിൽ ധാരാളമുണ്ട്. സിങ്ക്, സെലിനിയം എന്നിവയാൽ സമ്പന്നമായ മുട്ട മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.

കുറച്ച് കറിവേപ്പില വെള്ളത്തിൽ കുതിർത്ത് പേസ്റ്റ് രൂപത്തിലാക്കാം. ഈ പേസ്റ്റ് ഒരു മുട്ടയുടെ മഞ്ഞക്കരുവുമായി കലർത്തി തലയോട്ടിയിൽ പുരട്ടുക. 15-20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുന്നതും മുടിക്ക് നല്ലതാണ്.


ചീര(സ്പിനാച്ച്)

പച്ചനിറത്തിലുള്ള ഇലക്കറികൾ മുടി വളർച്ചയ്ക്ക് ഉത്തമമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചീരയിൽ വിറ്റാമിൻ സി, എ, ഇരുമ്പ്, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ചീര പതിവായി കഴിക്കുന്നത് മുടി വളർച്ചയെയും കൂട്ടും. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ ചീര തലയോട്ടിയിലെ കെരാറ്റിൻ, കൊളാജൻ എന്നിവയുടെ അളവ് വർധിപ്പിച്ച് മുടി വളർച്ചയെ ത്വരിതപ്പെടുത്തുന്നു. മുടികൊഴിച്ചിൽ തടയാൻ ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.


കാരറ്റ്

കാരറ്റിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. കൂടാതെ, കാരറ്റിൽ ഫൈബർ, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിനുകൾ ബി, സി, കെ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്നു.


ബദാം

മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന മഗ്‌നീഷ്യത്തിന്റെയും പോഷകങ്ങളുടെയും മികച്ച ഉറവിടമാണ് ബദാം. ബദാമിൽ വിറ്റാമിൻ ഇ, ഒമേഗ 3 എന്നിവയും മുടി വളർച്ചയ്ക്ക് ആവശ്യമായ ഫാറ്റി ആസിഡുകളും മഗ്‌നീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം മുടിയെ അതിന്റെ വേരുകളിൽ നിന്ന് ബലപ്പെടുത്തുകയും തിളക്കവും ബലവും നൽകുകയും ചെയ്യുന്നു.


ചിയ സീഡ്‌സ്

ചിയ സീഡിൽ മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങൾ ധാരാളമുണ്ട്. സിങ്ക്, കോപ്പർ, പ്രോട്ടീൻ, അമിനോ ആസിഡുകൾ, ഫോസ്ഫറസ് എന്നിവ മുടിയുടെ വളർച്ചയ്ക്കും ശക്തിക്കും വളരെ അത്യാവശ്യമാണ്. ബലമുള്ളതും ഇടതൂർന്നതുമായ മുടിവളരാൻ ചിയ സീഡുകൾ സഹായിക്കുന്നു.


അവോക്കാഡോ

അവോക്കാഡോകൾ ബയോട്ടിന്റെ മികച്ച ഉറവിടമാണ്. ഇതിലടങ്ങിയിരിക്കുന്ന ബി-കോംപ്ലക്‌സ് വിറ്റാമിൻ, മുടി നന്നാക്കാനും മുടി വളർച്ചയെ കൂട്ടുകയും ചെയ്യും. രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യും.  

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News