തൊണ്ടവേദനയാണ് കടുപ്പം, ഒപ്പം ചൊറിച്ചിലും; പരിഹാരം വീട്ടിൽനിന്നായാലോ

തൊണ്ടയുടെ ഒരു വശത്ത് മാത്രം അനുഭവപ്പെടുന്ന വേദനയാണ് പലർക്കും

Update: 2023-03-28 11:41 GMT
Editor : banuisahak | By : Web Desk
Advertising

തൊണ്ടവേദന അനുഭവപ്പെടാത്തവർ വളരെ ചുരുക്കമാണ്. ചൂടുകാലമായതോടെ തൊണ്ടവേദനയുള്ളവരുടെ എണ്ണവും കൂടിയിരിക്കുകയാണ്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ വേദനയുണ്ടാവുക, ചൊറിച്ചിൽ അനുഭവപ്പെടുക... തൊണ്ടയിലെ പ്രശ്നങ്ങളുടെ ലിസ്റ്റ് ഇങ്ങനെ നീളുന്നു. തൊണ്ടയുടെ ഒരു വശത്ത് മാത്രം അനുഭവപ്പെടുന്ന വേദനയാണ് പലർക്കും. തൊണ്ടക്കുള്ളിലെ ചൊറിച്ചിൽ വരുത്തിവെക്കുന്ന ബുദ്ധിമുട്ടുകളും ചെറുതല്ല. 

എച്ച് 3 എൻ 2 ഇൻഫ്ലുവൻസ വൈറസ് പോലെയുള്ള സീസണൽ വൈറൽ രോഗങ്ങൾ കൂടി റിപ്പോർട് ചെയ്തതോടെ തൊണ്ടവേദന പല അസുഖങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൂടാതെ, കോവിഡ് അഡെനോവൈറസ് കേസുകളും വർധിക്കുന്നത് ആശങ്കയാകുന്നുണ്ട്. തൊണ്ടവേദന, നീണ്ടുനിൽക്കുന്ന ചുമ, പനി എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ എന്നതാണ് ആശങ്കക്ക് കാരണം. 


തൊണ്ടവേദന വേഗം ശമിക്കാൻ വിശ്രമമാണ് വിദഗ്ധർ നിർദേശിക്കുന്നത്. ഒപ്പം, ഈർപ്പമുള്ള ഭക്ഷണങ്ങൾ കഴിക്കാനും നിർദ്ദേശമുണ്ട്. തൊണ്ടക്ക് അസ്വസ്ഥകൾ ഉണ്ടായാൽ ഉടൻ തന്നെ മരുന്ന് കഴിക്കുന്നത് ഒഴിവാക്കണമെന്ന് നോയ്‌ഡയിലെ ഫോർട്ടിസ് ഹോസ്പിറ്റൽ ഇഎൻടിയിലെ സീനിയർ കൺസൾട്ടന്റും എച്ച്ഒഡിയുമായ ഡോ. സവ്യസാചി സക്‌സേന പറയുന്നു. തൊണ്ടവേദനക്കൊപ്പം ചുമയോ മറ്റെന്തെങ്കിലും ലക്ഷണങ്ങളോ ഉണ്ടെങ്കിൽ മരുന്ന് കഴിക്കാവുന്നതാണ്. 

എന്നാൽ, ചൊറിച്ചിൽ മാത്രമാണ് തൊണ്ടവേദനക്കൊപ്പം ഉള്ള അസ്വസ്ഥതയെങ്കിൽ വീട്ടിൽ തന്നെ ഇതിന് പരിഹാരം കാണാവുന്നതാണ്. മതിയായ വിശ്രമം എടുക്കുക എന്നതാണ് ആദ്യത്തെ ചികിത്സ. ജോലിയിൽ നിന്ന് ഇടവേള എടുക്കുക, ശബ്ദം ഉപയോഗിച്ചുള്ള ജോലിയാണെങ്കിൽ ഉറപ്പായും ഇടവേള എടുത്തിരിക്കണം.തൊണ്ടയിൽ ഈർപ്പം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുക. വെള്ളം, ചൂടുള്ള സൂപ്പ്, ചായ, കാപ്പി പോലുള്ളവ കുടിക്കുന്നത് നല്ലതാണ്. എന്നാൽ, ഇവ അധികമായി കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ, അസിഡിറ്റി ഉണ്ടാകാൻ സാധ്യതയുണ്ട്. 

ഫ്രഷ് ഫ്രൂട്ട്സും പകുതി വേവിച്ച പഴങ്ങളും കഴിക്കുന്നതും നല്ലതാണ്. ഉപ്പും വെള്ളവും വായിൽ കൊള്ളുന്നത് സാധാരണ രീതിയാണ്. വളരെയധികം പ്രയോജനം ചെയ്യുന്ന പൊടിക്കൈ കൂടിയാണിത്. ഉപ്പ് ചേർത്ത ചെറുചൂടുവെള്ളം തൊണ്ടയിൽ കൊള്ളുക. ഇതിനൊപ്പം ചേർക്കാൻ ചില മരുന്നുകളും ലഭ്യമാണ്. എയർ ഹ്യുമിഡിഫയർ ഉപയോഗിക്കുന്നതും നല്ലതാണ്. തൊണ്ടയിൽ ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കും. 

 തൊണ്ടക്ക് വിശ്രമം കൊടുക്കുക തന്നെയാണ് പ്രധാനം. ചുമ വർധിക്കുകയോ അല്ലെങ്കിൽ എന്തെങ്കിലും അസാധാരണമായ ലക്ഷണങ്ങൾ തുടരുകയോ ചെയ്‌താൽ ഒരു ഇഎൻടി സ്പെഷ്യലിസ്റ്റിനെയോ ഫിസിഷ്യനെയോ സമീപിക്കണം. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News