രക്തസമ്മർദം കുറയ്ക്കും ഹൃദയാരോഗ്യം മെച്ചപ്പെടുത്തും; വാഴപ്പിണ്ടി ചില്ലറക്കാരനല്ല
വാഴപ്പിണ്ടി കഴിക്കുന്നത് വയറ് ശുചിയാകാനും മലബന്ധം അകറ്റുന്നതിനും ഉത്തമമാണ്.
എല്ലാ ഭാഗവും ഉപയോഗപ്രദമായ സസ്യമാണ് വാഴ. വാഴയുടെ പഴവും വാഴത്തട്ടിയും ഇലയും വാഴപ്പിണ്ടിയുമെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉപയോഗപ്രദമാണ്. ഇതിൽ ഏറ്റവും ഔഷധപ്രദമായ ഒന്നാണ് വാഴപ്പിണ്ടി. നാരുകളുടെ വൻ ശേഖരമാണ് വാഴപ്പിണ്ടി. അതുകൊണ്ട് തന്നെ വാഴപ്പിണ്ടി കഴിക്കുന്നത് വയറ് ശുചിയാകാനും മലബന്ധം അകറ്റുന്നതിനും ഉത്തമമാണ്.
ദിവസവും വാഴപ്പിണ്ടി ജ്യൂസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും, അതുവഴി പ്രമേഹത്തെ നിയന്ത്രിക്കാനും സാധിക്കും. അസിഡിറ്റി കാരണം വിഷമിക്കുന്നവരും അൾസർ ഉള്ളവരും രാവിലെ വെറുംവയറ്റിൽ ഒരുകപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് വളരെ ഗുണകരമാണ്.
രക്തസമ്മർദം കുറയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വാഴപ്പിണ്ടി സഹായിക്കും. വാഴപ്പിണ്ടി തോരൻവെച്ച് ഭക്ഷണത്തിനൊപ്പം ധാരാളമായി കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ഇതുവഴി അമിതവണ്ണം അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാനുമാവും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കളയാനും വാഴപ്പിണ്ടി ഗുണകരമാണ്.
കിഡ്‌നിയിൽ അടിഞ്ഞുകൂടുന്ന കാത്സ്യം നീക്കാനും വാഴപ്പിണ്ടി ഉത്തമമാണ്. ഇത് വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനെ തടയുന്നു. മൂത്രനാളിയിലെ അണുബാധ മൂലമുള്ള വേദന അകറ്റാനും വാഴപ്പിണ്ടി ജ്യൂസ് സഹായിക്കും.