രക്തയോട്ടം വർധിപ്പിക്കും, ചര്‍മ്മം തിളക്കമുള്ളതാക്കും...; റംബൂട്ടാൻ വെറുതെ കളയേണ്ട...
ഉയർന്ന അളവില്‍ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വർധിപ്പിക്കാന്‍ റംബൂട്ടാൻ സഹായിക്കും
കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഇന്ന് സുലഭമായി ലഭിക്കുന്ന പഴമാണ് റംബൂട്ടാൻ. റോഡരികിലും മറ്റും റംബൂട്ടാൻ വിൽപനയും സജീവമാണ്. രുചി മാത്രമല്ല, റംബൂട്ടാന് നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്ന് ഇന്ന് പലർക്കുമറിയില്ല. അവശ്യപോഷകങ്ങളുടെ കലവറ തന്നെയാണ് റംബൂട്ടാൻ. പഴുത്ത റംബൂട്ടാൻ അതുപോലെതന്നെയോ അല്ലെങ്കിൽ സാലഡാക്കിയോ സ്മൂത്തിയാക്കിയോ കഴിക്കാം.
പോഷക സമ്പന്നം
വിറ്റാമിൻ സി, വിറ്റാമിൻ എ, തയാമിൻ, റൈബോഫ്‌ലേവിൻ, നിയാസിൻ തുടങ്ങിയ വിറ്റാമിനുകൾ റംബൂട്ടാനിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷിയെ ഇത് ശക്തിപ്പെടുത്തും. ഇതിന് പുറമ കണ്ണിന്റെ ആരോഗ്യത്തിനും റംബൂട്ടാൻ കഴിക്കുന്നത് നല്ലതാണ്. കൂടാതെ, റംബുട്ടാനിൽ ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ സുപ്രധാന ധാതുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് അസ്ഥികൾ ശക്തിപ്പെടുത്തുന്നതിനും ഒപ്റ്റിമൽ രക്തചംക്രമണത്തിനും സഹായിക്കും.
നാരുകളാൽ സമൃദ്ധമാണ് റംബൂട്ടാൻ.ഇത് ദഹനത്തെ സഹായിക്കുന്നു. റംബൂട്ടാൻ കഴിച്ചാൽ കുറച്ചധികം സമയം വയർ നിറഞ്ഞതായി തോന്നിക്കും. ഇതുവഴി വിശപ്പ് തടയുകയും ശരീരഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യും.
യുവത്വമുള്ള ചർമ്മത്തിന്
ഫ്‌ലേവനോയ്ഡുകൾ, പോളിഫെനോൾസ്, ആന്തോസയാനിനുകൾ എന്നിവയുൾപ്പെടെയുള്ള ആന്റിഓക്സിഡന്റുകളുടെ ശക്തികേന്ദ്രമാണ് റംബൂട്ടാൻ. ഈ സംയുക്തങ്ങൾ ഹാനികരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കും. കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മർദത്തിൽ നിന്ന് സംരക്ഷിക്കുകയും മാറാ രോഗങ്ങളുടെ സാധ്യത കുറക്കുകയും ചെയ്യു. റംബൂട്ടാൻ സ്ഥിരമായി കഴിക്കുന്നത് ഹൃദ്രോഗം, കാൻസർ എന്നിവക്കുള്ള സാധ്യത കുറക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ അകാല വാർധക്യം തടയുകയും ആരോഗ്യകരവും യുവത്വമുള്ളതുമായ ചർമ്മം നിലനിർത്തുകയും ചെയ്യും.
പ്രതിരോധ ശേഷി വർധിപ്പിക്കും
ഉയർന്ന വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ റംബൂട്ടാൻ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും അണുബാധകളിൽ നിന്നും വൈറസുകളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. വൈറ്റമിൻ സി വെളുത്ത രക്താണുക്കളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. രോഗാണുക്കളുടെ ആക്രമണത്തിൽ നിന്ന് ശരീരത്തെ പ്രതിരോധിക്കുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും റംബൂട്ടാൻ സഹായിക്കും. എന്നാല്‍ രോഗങ്ങളുള്ളവരോ സ്ഥിരമായി മരുന്ന് കുടിക്കുന്നവരോ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം റംബൂട്ടാന്‍ കഴിക്കുന്നതാണ് ഉത്തമം.