ചായയുണ്ടാക്കുമ്പോൾ ഒരു തുളസിയില കൂടി ഇട്ടുനോക്കൂ; പലതുണ്ട് കാര്യം
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയാൻ തുളസിച്ചായ സഹായിക്കും
ഔഷധ സസ്യങ്ങളിൽ തുളസിയുടെ പ്രാധാന്യം വളരെ വലുതാണ്. വിവിധ രോഗങ്ങൾക്കുള്ള ഒറ്റമൂലി കൂടിയാണ് തുളസി. ജലദോഷം, പനി,കഫക്കെട്ട്,ചുമ തുടങ്ങി നിരവധി രോഗങ്ങൾക്ക് തുളസിയില ആശ്വാസം നൽകും. വീട്ടിൽ തുളസിയുണ്ടെങ്കിൽ ഇനി ചായയുണ്ടാക്കുമ്പോൾ ഒരു തുളസിയില കൂടി ചേർക്കാം. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും രോഗങ്ങൾ വരാതെ സൂക്ഷിക്കാനുമടക്കം നിരവധി ഗുണങ്ങൾ ഇതുവഴി നിങ്ങൾക്ക് ലഭിക്കും.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കും
തുളസി ചായ കുടിക്കുന്നത് ആസ്ത്മ, ബ്രോങ്കൈറ്റിസ്, ജലദോഷം, ചുമ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കും. പ്രതിരോധശേഷി വർധിപ്പിക്കാനും കഫം പുറന്തള്ളാനും തുളസിയില സഹായിക്കുന്നു.
സമ്മർദം കുറക്കാൻ സഹായിക്കുന്നു
പഠനങ്ങൾ അനുസരിച്ച്, സ്‌ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന ശരീരത്തിലെ കോർട്ടിസോൾ ഹോർമോണിന്റെ അളവ് നിലനിർത്താൻ തുളസി ചായ സഹായിക്കുന്നു. തുളസി ചായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നു. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള സമ്മർദവും ഉത്കണ്ഠയും കുറയ്ക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
തുളസി ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
പല്ലിന്റെയും വായുടെയും ആരോഗ്യത്തിന്
തുളസി ഇലകൾക്ക് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ദിവസവും തുളസി ചായ കുടിക്കുന്നത് വായിലെ ദോഷകരമായ ബാക്ടീരിയകളെയും അണുക്കളെയും ചെറുക്കാൻ സഹായിക്കും. തുളസി ചായയ്ക്ക് മൗത്ത് ഫ്രെഷ്‌നറായി പ്രവർത്തിച്ച് വായ്‌നാറ്റം തടയാനും സഹായിക്കും.
വാതത്തിന്
തുളസി എണ്ണയിൽ അടങ്ങിയ യൂജെനോൾ സന്ധികളിലെയും ദഹന നാളത്തിലെയും വീക്കം കുറക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് വാതസംബന്ധമായ അസുഖങ്ങൾ കുറക്കാൻ സഹായിക്കുന്നു.
തുളസിച്ചായ എങ്ങനെ തയ്യാറാക്കാം
ചായക്ക് വെള്ളം തിളപ്പിക്കുമ്പോൾ ചെടിയിൽ നിന്ന് പറിച്ച തുളസിയിലകൾ ചേർക്കാം. പഞ്ചസാരക്ക് പകരം തേൻ ഉപയോഗിക്കുന്നത് നല്ലതാണ്. ചായയിൽ വേണമെങ്കിൽ ഇഞ്ചി,നാരങ്ങ എന്നിവ കൂടി ചേർക്കാവുന്നതാണ്. തുളസിയില ഉണക്കിപ്പൊടിച്ചതും ചേർത്ത് ചായ തയ്യാറാക്കാം. അതേസമയം, മറ്റേതെങ്കിലും രോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കുടിക്കുന്നവര്‍ ഡോക്ടറുടെ ഉപദേശം തേടിയ ശേഷം ഡയറ്റില്‍ മാറ്റം വരുത്താന്‍ ശ്രദ്ധിക്കുക.