ഡയറ്റിന്റെ പേരിൽ പട്ടിണി കിടക്കാറുണ്ടോ? ചെറുതല്ല പ്രത്യാഘാതങ്ങൾ

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഭക്ഷണം കഴിക്കാൻ നേരമില്ലെന്ന് പറയുന്നവരും ഏറെയാണ്

Update: 2023-05-24 08:20 GMT
Editor : Lissy P | By : Web Desk
Advertising

 ഒരു മനുഷ്യൻ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം ഒരു ദിവസം കഴിച്ചിരിക്കണമെന്നാണ് പൊതുവെ പറയാറ്. ദിവസവും ഇത് എത്രപേർ ശരിയായി പിന്തുടരാറുണ്ട്. തടി കുറക്കാനെന്ന പേരിൽ, അല്ലെങ്കിൽ സമയമില്ലെന്ന പേരിൽ എത്രയോ പേർ പലപ്പോഴും ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഭക്ഷണം കഴിക്കാൻ നേരമില്ലെന്ന് പറയുന്നവർ ഏറെയാണ്. പലപ്പോഴും പ്രഭാത ഭക്ഷണം ഒഴിവാക്കി 'ബ്രഞ്ച്' എന്ന പേരിൽ ഉച്ചക്ക് മാത്രം ഭക്ഷണം കഴിക്കുന്നവരാണ് ഒരു കൂട്ടർ.ചിലരാകട്ടെ തടി കൂടുമെന്ന് പറഞ്ഞ് രാത്രിയിലെ ഭക്ഷണം പൂർണമായും ഒഴിവാക്കും. ഇത്തരത്തിൽ ഭക്ഷണം ഒഴിവാക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.  ഒരു ദിവസം ശരിയായി ഭക്ഷണം കഴിച്ചില്ലെങ്കിൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് നോക്കാം...

വിശപ്പ് അമിതമാകുന്നു

സമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിൽ പിന്നീട് അമിത വിശപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഒരു നേരം കഴിച്ചില്ലെങ്കിലും കഴിക്കുന്ന നേരത്ത് കൂടുതൽ ഭക്ഷണം കഴിക്കാൻ ഇടയുണ്ട്. മാത്രവുമല്ല, ഈ സമയങ്ങളിൽ ഫാസ്റ്റ് ഫുഡ് പോലുള്ള ഭക്ഷണങ്ങൾ കഴിക്കാനുള്ള ത്വര കൂടും. ഇത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

മെറ്റബോളിസത്തെ ബാധിക്കുന്നു

പതിവായി കഴിക്കുന്ന ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിലെ മെറ്റബോളിസത്തെ ബാധിക്കും. പ്രഭാതഭക്ഷണമോ അത്താഴമോ കഴിക്കാത്തത് മൂലം മൊത്തത്തിലുള്ള മെറ്റബോളിസത്തെ കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യും. വിശന്നിട്ടും ഭക്ഷണം കഴിക്കാതിരിക്കുന്നത് തലച്ചോറിനെയും ബാധിക്കും. നിങ്ങളുടെ ഊർജത്തെയും വൈജ്ഞാനിക പ്രവർത്തനങ്ങളെയും ഇത് തകരാറിലാക്കും. ഇത് നിങ്ങളെ സമ്മർദത്തിലാക്കുകയും ചെയ്യും.

ഹോർമോൺ മാറ്റങ്ങൾ

സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ ശരീരത്തിൽ കോർട്ടിസോളിന്റെ അളവ് ഉയരാൻ ഇടയാക്കും. കോർട്ടിസോളിന്റെ അളവ് കൂടിയാൽ ശരീരഭാരം വർധിപ്പിക്കാനും രോഗപ്രതിരോധ പ്രവർത്തനത്തെ ബാധിക്കുന്നതിനും സാധ്യതയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥയ്ക്കും കാരണമാകും.

പോഷകാഹാരക്കുറവ്

സ്ഥിരമായി കഴിക്കുന്ന ഭക്ഷണം ഒഴിവാക്കുന്നത് മൂലം ശരീരത്തിലേക്ക് ലഭിക്കുന്ന പോഷകങ്ങളുടെ അളവിലും മാറ്റമുണ്ടാകും. കൃത്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം ലഭിച്ചില്ലെങ്കിൽ അത് വിവിധ പോഷകാഹാരകുറവുകൾക്കും അതുവഴി രോഗങ്ങൾക്കും കാരണമാകും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News